ഗുസ്തിയില്‍ സുശീല്‍ കുമാറിനും രാഹുല്‍ അവാരെക്കും സ്വര്‍ണം

സീമ പൂനിയക്ക് നാലാം കോമണ്‍വെല്‍ത്ത് മെഡല്‍
Posted on: April 12, 2018 1:30 pm | Last updated: April 13, 2018 at 12:39 am

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി മത്സരങ്ങള്‍ക്ക് തുടക്കമായതോടെ ഇന്ത്യയുടെ എക്കൗണ്ടിലേക്ക് മെഡലുകള്‍ ഗുസ്തി പിടിച്ച് എത്തിത്തുടങ്ങി !

സുശീല്‍ കുമാര്‍ (75 കി.ഗ്രാം), രാഹുല്‍ അവാരെ (57 കി.ഗ്രാം) എന്നിവര്‍ സ്വര്‍ണം കൊണ്ടു വന്നപ്പോള്‍ ബബിത കുമാരി (53കി.ഗ്രാം) വെള്ളി മെഡലും കിരണ്‍ ബിഷ്‌നോയ് (76 കി.ഗ്രാം) വെങ്കലവും നേടി.

ഷൂട്ടിംഗില്‍ തേജസ്വിനി സാവന്ത് വെള്ളിയണിഞ്ഞപ്പോള്‍ അത്‌ലറ്റിക്‌സില്‍ വനിതാ ഡിസ്‌ക്‌സില്‍ സീമ പൂനിയയും നവ്ജീത് ധില്ലനും യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ 31 ആയി.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ അഞ്ജും മൗദ്ഗില്‍ ഫൈനലിലെത്തിയെങ്കിലും പതിനാറാം സ്ഥാനത്തായി.
വനിതാ ഹോക്കി സെമിഫൈനലില്‍ ആസ്‌ത്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി. ശനിയാഴ്ച വെങ്കല മെഡലിനായുള്ള പോരില്‍ ഇംഗ്ലണ്ടിനെ നേരിടും.

നാല് വര്‍ഷം മുമ്പ് ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ സീമ ഇന്നലെ ആദ്യ ഏറില്‍ തന്നെ 60.41 മീറ്റര്‍ കണ്ടെത്തി വെള്ളി ഉറപ്പിച്ചു. ശേഷമുള്ള ഏറുകളില്‍ പ്രകടനം മെച്ചപ്പെടുത്താനായില്ല. നവ്ജീത് അവസാനത്തെ അവസരത്തിലാണ് വെങ്കലം ഉറപ്പിച്ചത്.
ആസ്‌ത്രേലിയയുടെ ഡാനി സ്റ്റീവെന്‍സ് ഗെയിംസ് റെക്കോര്‍ഡ് (68.26 മീറ്റര്‍) സ്ഥാപിച്ചു കൊണ്ട് ചാമ്പ്യനായി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സീമയുടെ നാലാമത്തെ മെഡലാണിത്. 2006 (വെള്ളി), 2010(വെങ്കലം), 2014 (വെള്ളി) എന്നിങ്ങനെയാണ് മുന്‍ നേട്ടം.