ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വിനീഷ് പോലീസില്‍ നല്‍കിയ മൊഴിയിലും മരിച്ച ശ്രീജിത്തില്ല

പോലീസ് കൂടുതല്‍ പ്രതിസന്ധിയില്‍
Posted on: April 12, 2018 6:21 am | Last updated: April 12, 2018 at 12:57 am

പറവൂര്‍: വരാപ്പുഴയില്‍ തൂങ്ങി മരിച്ച വാസുദേവന്റെ മകന്‍ വിനീഷ് പോലീസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. നാല് പേജുള്ള മൊഴിയില്‍ ഒരിടത്തു പോലും വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിക്കുകയും ചെയ്ത ശ്രീജിത്തിനെക്കുറിച്ച് പരാമര്‍ശമില്ല. ഇതോടെ പോലീസ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ശ്രീജിത്തിന് സംഭവത്തില്‍ പങ്കില്ലെന്നും മറ്റൊരു ശ്രീജിത്താണ് കേസില്‍ പ്രതിയെന്നും വിനീഷ് വെളിപ്പെടുത്തിയിരുന്നു. വിനീഷ് മാറ്റി പറയുകയാണെന്നും നേരത്തെ പോലീസില്‍ നല്‍കിയ മൊഴിയില്‍ ശ്രീജിത്തിന്റെ പേര് ഉണ്ടെന്നുമാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാദം. ഇക്കഴിഞ്ഞ ആറിന് രാത്രി വരാപ്പുഴ സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ സി എന്‍ ജയാനന്ദനോട് പറഞ്ഞ മൊഴിയില്‍ ചിലര്‍ സംഘം ചേര്‍ന്ന് വീട് ആക്രമിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വിനീഷ് ആരോപിക്കുന്നുണ്ട്. അന്ന് ഉച്ചയോടെ ചിലര്‍ വീട് ആക്രമിക്കുന്നതായി കൂട്ടുകാരന്‍ മനുവും അനുജന്‍ ഉണ്ണിയും ഫോണ്‍ ചെയ്ത് അറിയിച്ചതനുസരിച്ചാണ് ചിറയ്ക്കകത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലെത്തിയത്. അവിടെ വിപിന്‍, വിന്‍ജു, തുളസീദാസ്, എസ് ജി വിനു, അജിത്ത്, വിനു, ശരത്ത് എന്നിവരും കണ്ടാലറിയാവുന്ന എട്ട് പേരും ആയുധങ്ങളുമായി ബഹളം ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.

വിപിന്‍ പിതാവിനെ ചവിട്ടി തഴെയിട്ടു. തടഞ്ഞ തന്നെ വാളുകൊണ്ട് വെട്ടിയപ്പോള്‍ വലതുകൈ കൊണ്ടു തടഞ്ഞതിനാല്‍ മുറിവ് പറ്റി. ബഹളം കേട്ട് എത്തിയ ഇളയമ്മ തുളസിയെ അക്രമി സംഘം തള്ളി താഴെയിട്ടു. ബഹളത്തിനിടയില്‍ സഹോദരി വിനിത നിലത്തുവീണു. അക്രമി സംഘത്തിന്റെ കൈയില്‍ വാള്‍, കമ്പിവടി, പൈപ്പ്, കമ്പിപ്പാര എന്നിവയുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്. വീടാക്രമിച്ച് എന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ എനിക്കിനിയും കണ്ടാല്‍ അറിയുമെന്നും മൊഴിയില്‍ പറയുന്നു. ഇത്രയും വിശദമായ മൊഴി പോലീസിന് നല്‍കിയിട്ടും ശ്രീജിത്തിനെക്കുറിച്ച് ഒന്നും വിനീഷ് പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ശ്രീജിത്ത് പ്രതിയായി, അറസ്റ്റിലായി, കസ്റ്റഡിയില്‍ മരിച്ചു എന്നീ ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.