പണിമുടക്ക്: എയര്‍ഫ്രാന്‍സ് 30 ശതമാനം സര്‍വീസുകള്‍ റദ്ദാക്കി

Posted on: April 12, 2018 6:18 am | Last updated: April 12, 2018 at 12:21 am

പാരീസ്: ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് എയര്‍ഫ്രാന്‍സ് 30 ശതമാനം വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാന ജോലിക്കാര്‍ തുടര്‍ച്ചയായ ഏഴാം ദിവസവും പണിമുടക്കിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ കമ്പനി റദ്ദാക്കിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. റെയില്‍വേ തൊഴിലാളികള്‍ നേരത്തെ മുതല്‍ പണിമുടക്കിലേര്‍പ്പെട്ടുവരുന്നതിനാല്‍ നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ഇതിന് പുറമെയാണ് ഇപ്പോള്‍ എയര്‍ഫ്രാന്‍സും സമരത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. എയര്‍ഫ്രാന്‍സിന്റെ അഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെയെല്ലാം സമരം ബാധിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ശമ്പളവര്‍ധന മരവിപ്പിച്ചിരിക്കുകയാണെന്നും ആറ് ശതമാനം ശമ്പളവര്‍ധന നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഒരു ശതമാനം ശമ്പളവര്‍ധനവാണ് എയര്‍ഫ്രാന്‍സ് തൊഴിലാളികള്‍ക്ക് വാഗ്ദാനം നല്‍കുന്നത്. സമരം മൂലം സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് എയര്‍ഫ്രാന്‍സിന് വന്‍ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതുവരെ 247 മില്യന്‍ ഡോളറിന്റെ നഷ്ടം നേരിട്ടതായി കമ്പനി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സമരക്കാരുമായി കമ്പനി അധികൃതര്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.