തന്നെ കുപ്രസിദ്ധ തടവറയില്‍ അടക്കാന്‍ ശ്രമം: നവാസ് ശരീഫ്

Posted on: April 12, 2018 6:13 am | Last updated: April 12, 2018 at 12:15 am

ഇസ്‌ലാമാബാദ്: കൊടും ക്രിമിനലുകളെ പാര്‍പ്പിച്ച കുപ്രസിദ്ധമായ ആദിയാല ജയിലില്‍ തന്നെയും പാര്‍പ്പിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി പുറത്താക്കപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. തന്റെ കുടുംബം വിദേശത്ത് വെച്ച് നടത്തിയ ബിസിനസുകളെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരില്‍ പ്രധാനപ്പെട്ട മൂന്ന് പേര്‍ തന്റെ രാഷ്ട്രീയ എതിരാളികളാണെന്നും നവാസ് ശരീഫ് ആരോപിച്ചു. കുടുംബവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഇസ്‌ലാമാബാദിലെ കോടതിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിയാല ജയിലില്‍ ശുദ്ധീകരണം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അവിടെ ചിലര്‍ വരാനുണ്ടെന്ന് നേരത്തെ പലരും അറിഞ്ഞിരിക്കുന്നു. തന്റേത് ഒരു ഭീകരവാദ കേസല്ല. പാക്കിസ്ഥാന്റെ താത്പര്യത്തിന് എതിരായി താനൊന്നും ഇതുവരെയും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാവല്‍പിണ്ടിയിലെ ആദിയാല ജയില്‍ കുപ്രസിദ്ധ കുറ്റവാളികളെ പാര്‍പ്പിക്കുന്ന സ്ഥലമായാണ് അറിയപ്പെടുന്നത്. മുംബൈ ഭീകരാക്രമണ കേസിന് പിന്നിലെ ബുദ്ധികേന്ദ്രവും ലഷ്‌കറെ ത്വയ്ബ ഓപറേഷന്‍ കമാന്‍ഡറുമായ സാകിയുര്‍റഹ്മാന്‍ ഉള്‍പ്പടെയുള്ളവരെ ഇവിടെയാണ് തടവിലിട്ടിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ നവാസ് ശരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. വരുമാന സ്രോതസ്സ് കൃത്യമായി വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.