‘ആഗോള താപനത്തിന് മരമല്ല, നിബിഢ വനമാണ് മറുപടി’

Posted on: April 12, 2018 6:04 am | Last updated: April 12, 2018 at 12:10 am

തൃശൂര്‍: ആഗോള താപനത്തിന് മരമാണ് മറുപടിയെന്ന വാദം പൂര്‍ണാര്‍ഥത്തില്‍ ശരിയല്ലെന്ന നിലപാടുമായി കേരള വനം ഗവേഷണ കേന്ദ്രം (കെ എഫ് ആര്‍ ഐ). അവിടവിടെയായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതു കൊണ്ടു മാത്രം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനാകില്ലെന്നാണ് കെ എഫ് ആര്‍ ഐ ശാസ്ത്രജ്ഞന്‍ ഡോ. ടി വി സജീവ് പറയുന്നത്. ഒറ്റപ്പെട്ടു നില്‍ക്കുന്ന മരങ്ങള്‍ക്ക് വെള്ളത്തെ മണ്ണില്‍ പിടിച്ചുനിര്‍ത്താനും അന്തരീക്ഷത്തില്‍ ഈര്‍പ്പവും ആര്‍ദ്രതയും നിലനിര്‍ത്താനും കഴിയില്ല. നിബിഢ വനത്തിന്റെ അളവു കുറയുന്നതാണ് ആഗോള താപനത്തിനുള്ള പ്രധാന കാരണം. കാടാണ് നാടിനു വെള്ളം പ്രദാനം ചെയ്തിരുന്നത്. അതിനാല്‍ കാട് നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. നിബിഢ വനത്തിന് വിശാലമായ ഇടം വേണം. വനത്തെ പകുത്തു കടന്നുപോകുന്ന റോഡുകളും ടൂറിസം വഴിയും മറ്റുമുള്ള മനുഷ്യന്റെ ഇടപെടലുകളും പ്രതിസന്ധിക്കിടയാക്കുന്നു. റോഡ് നിര്‍മാണം മൂലം ഒരുപാട് കുന്നുകള്‍ നശിപ്പിക്കപ്പെടുന്നത് ആഗോള താപനത്തിന് പ്രധാന കാരണമാണ്. താപനം കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിദ്യാലയങ്ങളില്‍ ഗ്രീന്‍ സ്‌പേസ്, ചിത്രശലഭ പാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ പ്രയോഗത്തില്‍ വന്നുവെങ്കിലും നനയ്ക്കാന്‍ വെള്ളമില്ലെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

വിദേശത്ത് നിന്നെത്തിയ എണ്‍പതിലധികം സസ്യങ്ങള്‍ സ്വാഭാവിക വനത്തെ നശിപ്പിക്കുന്നുണ്ടെന്ന് സജീവ് പറഞ്ഞു. ഇവ വ്യാപിച്ച ഭാഗത്ത് മറ്റൊരു സസ്യവും വളരില്ല. വയനാട്ടിലെ വന നശീകരണത്തില്‍ ഇവ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുത്തങ്ങയില്‍ മുളങ്കാടുകള്‍ പൂത്ത് മുളകള്‍ നശിച്ചപ്പോള്‍ ഇവ നിന്നിരുന്ന ഇടങ്ങളിലേക്ക് മണ്ണിന്റെ ഈര്‍പ്പം നശിപ്പിക്കുന്ന സസ്യങ്ങള്‍ കടന്നുകയറി. തൊലി ചീന്തിക്കളഞ്ഞ് ഇത്തരം സസ്യങ്ങളെ നശിപ്പിക്കുന്ന പുതിയ മാര്‍ഗം കണ്ടെത്തിയിട്ടുണ്ടെന്നും ആദിവാസികളും വന സംരക്ഷണ സമിതിയുമായി ചേര്‍ന്ന് ഇത് വിജയകരമായി പ്രാവര്‍ത്തികമാക്കി വരികയാണെന്നും സജീവ് സൂചിപ്പിച്ചു. മണ്ണിലെ ജലാംശം ഇല്ലാതാക്കുന്ന അക്വേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങള്‍ ഒഴിവാക്കിയുള്ള സാമൂഹിക വനവത്കരണ പരിപാടികളും നടന്നു വരുന്നു.

ശാസ്ത്രത്തെ മറച്ചുവെച്ചുള്ള തീരുമാനങ്ങള്‍ വിവിധ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത് പ്രകൃതി നശീകരണത്തിന് ഇടയാക്കുന്നുണ്ട്. ആഗോള താപനത്തിനെതിരായ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയത് ഇതിന് ഉദാഹരണമാണ്. അന്ധമായ വികസന താത്പര്യങ്ങളാണ് ഇതിനു പിന്നില്‍. ലോകത്ത് ചൈനയാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്നത്. അന്തരീക്ഷ മലിനീകരണം ഏറെ ശക്തമായ ബീജിംഗില്‍ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യത്തില്‍ മൂന്ന് വര്‍ഷത്തെ കുറവ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറച്ചു കൊണ്ടുവന്ന് 2023 ഓടെ അന്തരീക്ഷ താപം രണ്ട് ഡിഗ്രിയില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആഗോള താപനവിരുദ്ധ ഉടമ്പടിയില്‍ ഒപ്പിട്ട രാഷ്ട്രങ്ങള്‍ നടത്തിവരികയാണ്.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് തൃശൂരില്‍ ഇത്തവണ ചൂട് വര്‍ധിക്കാനുള്ള കാരണത്തെ കുറിച്ച് വിശദമായ ഗവേഷണങ്ങളും പരിശോധനകളും നടത്തേണ്ടതുണ്ടെന്ന് സജീവ് വ്യക്തമാക്കുന്നു. ആറ് വരി പാതയുടെ ഭാഗമായുള്ള തുരങ്ക നിര്‍മാണത്തിനായി കുതിരാന്‍ മല തുരന്നത് ഒരു കാരണമാകാം. ഇതിനായി പീച്ചിയുടെയും സമീപ പ്രദേശത്തെയും കുന്നുകളിടിച്ച് മണ്ണെടുത്തിട്ടുണ്ട്. മുമ്പുണ്ടായിരുന്ന റോഡിന്റെ വശങ്ങളില്‍ നിന്നും മണ്ണ് വന്‍തോതില്‍ നഷ്ടമായി. സ്വരാജ് റൗണ്ട് മുതല്‍ പീച്ചി വരെയുള്ള റോഡിനരികിലെ മണ്ണില്‍ ജലാംശം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ കെ എഫ് ആര്‍ ഐ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ചൂട് കൂടുന്നുവെന്നതിന്റെ പ്രകടമായ തെളിവാണിത്.

മണ്ണില്‍ ഒന്നര മുതല്‍ 10 ഇഞ്ച് വരെ താഴ്ത്തിയായിരുന്നു പഠനം. മണ്ണിന്റെ അടിയില്‍ 62 മുതല്‍ 72 ഡിഗ്രി വരെയാണ് ചൂട്. തൃശൂര്‍ നഗരത്തിലെ റോഡില്‍ 42 ഡിഗ്രി ചൂട് അനുഭവപ്പെടുന്നുണ്ട്. പീച്ചി ഡാം പ്രദേശത്തു പോലും മണ്ണിന്റെ ആര്‍ദ്രത കുറയുകയാണെന്നും കെ എഫ് ആര്‍ ഐ ശാസ്ത്രജ്ഞന്‍ പറഞ്ഞു.