ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി; റോമ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

Posted on: April 11, 2018 9:46 am | Last updated: April 11, 2018 at 12:27 pm

റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ പോരാട്ടത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സലോണ. രണ്ടാം പാദ മത്സരത്തില്‍ കറ്റാലന്‍ പടയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഇറ്റാലിയന്‍ ക്ലബായ റോമ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കടന്നു. ആദ്യ പാദത്തില്‍ 4-1ന് പരാജയപ്പെട്ട റോമ സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് സെമി പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ഇരു പാദങ്ങളിലുമായി സ്‌കോര്‍ 4-4 ആയപ്പോള്‍ എവേ ഗോളിന്റെ ആനൂകൂല്യത്തിലാണ് റോമയുടെ കുതിപ്പ്.

സ്വന്തം മൈതാനമായ സ്റ്റാഡിയോ ഒളിമ്പിയാക്കോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റ ആറാം മിനിട്ടില്‍ എഡിന്‍ സെക്കോയാണ് റോമക്കായി ആദ്യം വലകുലുക്കിയത്. 58ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡിറോസി ലീഡുയര്‍ത്തി. പിക്വെയുടെ ഫൗളാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. 82ാം മിനുട്ടില്‍ കോസ്റ്റസ് മനോലസിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെ റോമ വിജയമുറപ്പാക്കി.

ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ എഡിന്‍ സെക്കോ നേടിയ എവേ ഗോളാണ് റോമയെ സെമിയില്‍ എത്തിച്ചത്. 2014-15 സീസണില്‍ കിരീടം നേടിയതിന് ശേഷം ഇതുവരെ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ പ്രവേശിക്കാന്‍ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. അതിന് ശേഷം മൂന്ന് തവണയും കാര്‍ട്ടറില്‍ പരാജയപ്പെടുകയായിരുന്നു. 1983/84 സീസണിന് ശേഷം ആദ്യമായാണ് റോമ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.