Connect with us

Gulf

നവീകരിച്ച ഷാര്‍ജ ബൈത്ത് അല്‍ നബൂദ ഹൗസ് തുറന്നു; കാണാം അറേബ്യന്‍ വാസ്തുശില്‍പ ചാരുതയുടെ നേര്‍കാഴ്ച

Published

|

Last Updated

നവീകരണത്തിന് ശേഷം തുറന്ന ബൈത്ത് അല്‍ നബൂദ ഹൗസില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി

ഷാര്‍ജ: ഇമാറാത്തി ഭവനങ്ങളുടെ ആധികാരികമായ വാസ്തുശില്‍പ ചാരുതയും പൂര്‍വികരുടെ ജീവിതരീതികളും അടായളപ്പെടുത്തുന്ന ഷാര്‍ജയിലെ ബൈത്ത് അല്‍ നബൂദ ഹൗസ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ശേഷം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുറന്നുകൊടുത്തു. നിരവധി ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ഇതോടനുബന്ധിച്ചുള്ള മ്യൂസിയവും തുറന്നിട്ടുണ്ട്. അറേബ്യയിലും ഇന്ത്യയിലും യൂറോപ്പിലും വ്യാപാര ശൃംഖലകളുണ്ടായിരുന്ന അറേബ്യയിലെ പ്രസിദ്ധനായ രത്‌ന വ്യാപാരിയും ഇമാറാത്തിയുമായ ഉബൈദ് ബിന്‍ ഈസ ബിന്‍ അലി അല്‍ ശംസിയാണ് 1845ല്‍ ചരിത്ര പുരാതനമായ ബൈത്ത് അല്‍ നബൂദ ഹൗസ് സ്ഥാപിച്ചത്.

അറേബ്യന്‍ വാസ്തുശില്‍പ ചാരുതയോടെ രണ്ടുനിലയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. താഴെ കിടപ്പുമുറികളും വിശാലമായ മുറ്റവും ഒരു കിണറുമുണ്ട്. മുകളിലെ നിലയില്‍ “ഗ്രീഷ്മകാല വിശ്രമ മന്ദിര”വും കിടപ്പുമുറികളുമാണ്. ഷാര്‍ജ കോട്ടക്കും തുറമുഖത്തിനും പ്രധാന കമ്പോള കേന്ദ്രങ്ങള്‍ക്കുമടുത്തായി ഹാര്‍ട് ഓഫ് ഷാര്‍ജയിലാണ് ഉല്‍കൃഷ്ടമായ ചിരപുരാതന ഭവനം സ്ഥിതി ചെയ്യുന്നത്.
രാജകീയ പ്രൗഢിയുള്ളതാണ് മുറികളുടെ ചിത്രപ്പണി. വാതിലുകളും ജനലുകളും മരത്തടികളിലാണ് തീര്‍ത്തിരിക്കുന്നത്. വിശാലമായ മുറ്റത്തെ തൂണുകള്‍ റോമന്‍ മാതൃകയിലാണ്. അകത്തെ മുറികളും ചുമരുകളിലെ ചിത്രപ്പണികളും തേക്കിന്‍ തടിയില്‍ തീര്‍ത്ത തൂണുകളും പഴമ കെട്ടുപോകാതെ തന്നെയാണ് പുനരുദ്ധീകരിച്ചിരിക്കുന്ന്. ഷാര്‍ജ പൈതൃക ഗവേഷണ കേന്ദ്രത്തിലെ ചരിത്രകാരന്മാരാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചത്.

ഇന്ത്യയിലെയും അറേബ്യയിലും പുരാതന നാണയങ്ങളും മുത്തുകളും പവിഴങ്ങളും ഇവിടെ കാണാനാകും. പുരാതന കാലത്തെ പ്രസിദ്ധ കച്ചവടക്കാരുമായി ഉബൈദ് ബിന്‍ ഈസ ബിന്‍ അലി അല്‍ ശംസി ഏര്‍പെട്ട വ്യാപാരത്തിന്റെ രേഖകളും പ്രമാണങ്ങളും ഇവിടെയുണ്ട്. രത്‌ന വ്യാപാര മേഖലയില്‍ അറേബ്യയുടെ പങ്ക് എടുത്തുകാണിക്കുന്ന രേഖകളും ചിത്രങ്ങളും സന്ദര്‍ശകര്‍ക്ക് ദര്‍ശിക്കാനാകും. രത്‌നവ്യാപാരത്തെക്കുറിച്ച് വിശദീകരിക്കുന്ന ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

നവീകരിച്ചതിനു ശേഷമുള്ള ഉദ്ഘാടനച്ചടങ്ങില്‍ ഷാര്‍ജ പ്രതിരോധ-സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ഷാര്‍ജ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഇസ്സാം അല്‍ ഖാസിമി, ഷാര്‍ജ സാമൂഹിക വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി, ഭരണാധികാരിയുടെ കാര്യാലയ മേധാവി ശൈഖ് സാലിം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, നഗര-ഗ്രാമ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ശൈഖ് മാജിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, യു എ ഇ ആരോഗ്യ-രോഗപ്രതിരോധ വകുപ്പ് മന്ത്രി അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്, ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി, ഷാര്‍ജ നഗര-ഗ്രാമ ക്ഷേമ ചെയര്‍മാന്‍ ഖമീസ് സാലിം അല്‍ സുവൈദി, ഷാര്‍ജ വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ അലി സാലിം അല്‍ മിദ്ഫ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.