Connect with us

Kerala

അക്ബറിനെ വെട്ടിലാക്കി ഐഎസ് നേതാവിന്റെ വെളിപ്പെടുത്തല്‍; പീസ് സ്‌കൂളില്‍ നിരവധി ഐഎസ് അനുകൂലികള്‍

Published

|

Last Updated

കോഴിക്കോട്: മതവിദ്വേഷം പ്രചരിപ്പിച്ചതിന് നിയമനടപടി നേരിടുന്ന സലഫി പ്രചാരകന്‍ എംഎം അക്ബറിനെ വെട്ടിലാക്കി ഐഎസ് നേതാവിന്റെ ഗുരുതര വെളിപ്പെടുത്തല്‍. അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലും അധ്യാപകരിലും രക്ഷിതാക്കളിലും ഐഎസിനെ പിന്തുണക്കുന്നവര്‍ ഉണ്ടെന്നും മലയാളി ഐഎസ് നേതാവ് അബ്ദുല്‍ റഷീദ് അബ്ദുല്ല വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഖുറാസാനില്‍ നിന്ന് ടെലഗ്രാം വഴി അയച്ച ശബ്ദ സന്ദേശത്തിലാണ് അബ്ദുല്‍ റഷീദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് ഐഎസില്‍ എത്തിച്ചേരുന്നവരില്‍ അധികവും പീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആകുമെന്നും റഷീദ് പറയുന്നു.

നേരത്തെ ഐഎസില്‍ ചേര്‍ന്ന് പിന്നീട് കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി ശിഹാസും യഹ്‌യയും പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണെന്നും ഇക്കാര്യം എംഎം അക്ബര്‍ മറച്ചുവെക്കുകയാണെന്നും റഷീദ് ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്നത് ശുദ്ധ സലഫിസമാണ്. അതുകൊണ്ട് തന്നെ അവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഐഎസില്‍ എത്തിച്ചേരുമെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.

പീസ് സ്‌കൂളിന് ഐഎസ് ബന്ധമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ആണയിട്ട് ആവര്‍ത്തിക്കുന്നതിനിടെയാണ് അബ്ദുല്‍ റഷീദിന്റെ പുതിയ ഓഡിയോ സന്ദേശം എത്തുന്നത്. ഐഎസിലെ മലയാളികള്‍ക്ക് വേണ്ടിയുള്ള 55ാമത്തെ ഓഡിയോ സന്ദേശം എന്ന് വ്യക്തമാക്കിയാണ് 12 മിനുട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ തുടങ്ങുന്നത്. അബ്ദുല്‍ റാഷിദ് അബ്ദുല്ല ഐഎസ് നേതാവാണെന്ന് എംഎം അക്ബര്‍ അടക്കമുള്ളവര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയാണ് അബ്ദുല്‍ റഷീദ് അബ്ദുല്ല. ഇയാളും നേരത്തെ പീസ് സ്കുളിൽ പ്രവർത്തിച്ചിരുന്നു.

 

 

Latest