നാലായിരം പോലീസുകാര്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരത്തിന് വന്‍ സുരക്ഷ

Posted on: April 10, 2018 4:33 pm | Last updated: April 10, 2018 at 6:03 pm

ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ഹോം മത്സരത്തിനിറങ്ങുന്നു. ഇന്ന് രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ചൈന്നൈയുടെ എതിരാളികള്‍.കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധമറിയിക്കുന്നതിന്റെ ഭാഗമായി ഐപിഎല്‍ മത്സരങ്ങള്‍ തടയാന്‍ ചില ദ്രാവിഡ രാഷ്ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് മത്സരം നടക്കുന്ന ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. 4000 പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കൊപ്പം കമാന്‍ഡോകളും റാപിഡ് ആക്ഷന്‍ ഫോഴ്‌സും ചേരും.

മത്സരത്തിനുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു. കളികാണാന്‍ എത്തുന്നവര്‍ കറുത്ത നിരത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്‌റ്റേഡിയത്തിലേക്ക് കൊടികളും ബാനറുകളും പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. പടക്കങ്ങള്‍, തീപ്പിടിത്തതിന് സാഹര്യമൊരുക്കുന്ന മറ്റ് വസ്തുക്കള്‍, ബാഗുകള്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ഡയറി, ലാപ്‌ടോപ് തുടങ്ങിയ വസ്തുകള്‍ സ്‌റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുവരാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കും.

കാവേരി ബോര്‍ഡ് രൂപവത്കരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഐപിഎല്‍ മത്സരം നടത്തുന്നതിനെതിരെ രജനീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാ നടന്മാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. കാവേരി വിഷയം ഐപിഎല്‍ വേദിയിലും അലയടിക്കണമെന്ന് രജനീകാന്ത് ആഹ്വാനം ചെയ്തു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഐപിഎല്‍ ആഘോഷിക്കാനുള്ള സാഹചര്യമില്ലെന്നും സ്‌റ്റേഡിയത്തില്‍ കാണികള്‍ കറുത്ത ജേഴ്‌സിയണിഞ്ഞ് പ്രതിഷേധിക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. ഐപിഎല്‍ നടത്തുന്നതിനെതിരെ നടന്‍ തമിന് നടന്‍ ചിമ്പുവും രംഗത്തെത്തിയിരുന്നു. ചെന്നൈ ടീമിന്റെ ക്യാപ്റ്റനായ ധോണി തമിഴന്റെ വികാരം മനസ്സിലാക്കണമെന്ന് ചിമ്പു ആവശ്യപ്പെട്ടു.

കാവേരി പ്രശ്‌നത്തിലെ പ്രതിഷേധത്തിനിടെ എന്തും സംഭവിക്കാമെന്നും പിന്നീട് തങ്ങളെ കുറ്റം പറയരുതെന്നും തമിഴ് വാഴ്‌വുമുറൈ കക്ഷി നേതാവ് വേല്‍മുരുകന്‍ പറഞ്ഞു. നേരത്തെ, കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെ ഹോം മത്സരങ്ങളില്‍ ചിലത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചെന്നൈയില്‍ തന്നെ മത്സരങ്ങള്‍ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.