Connect with us

Kerala

സംസ്ഥാനതല ഹജ്ജ് ക്യാമ്പ്: സ്വലാത്ത് നഗറില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

Published

|

Last Updated

മലപ്പുറം: ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി ഈ മാസം 18 ന് ബുധനാഴ്ച സ്വലാത്ത് നഗറില്‍ നടക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. പതിനയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.

18 ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ  വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ്തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. ഹജ്ജ് ഉംറ കര്‍മ്മം, ചരിത്രം, അനുഭവം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശന കര്‍മവും ചടങ്ങില്‍ നടക്കും. ഹജ്ജ് ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന കപ്പല്‍ വഴി ഹജ്ജിന് പോയവരുടെ സംഗമവും ആദരവും അടുത്ത ഞായറാഴ്ച രാവിലെ 8 ന് മഅ്ദിന്‍ കാമ്പസില്‍ നടക്കും.

ഹാജിമാര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍, ഹജ്ജ് ഗൈഡ്, ഗവണ്‍മെന്റ് അറിയിപ്പുകള്‍, മറ്റു വിവരങ്ങള്‍ www.hajcamp.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിനകം എട്ടായിരത്തി അഞ്ഞൂറോളം ഹാജിമാര്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹാജിമാര്‍ക്കുള്ള സേവനത്തിനായി പ്രത്യേക ഹെല്‍പ് ഡെസ്‌കും കര്‍മ പരമായ സംശയങ്ങള്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവക്കായി പ്രത്യേകം കൗണ്ടറും ഒരുക്കുന്നുണ്ട്. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും.

ഒരുക്കുങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗം സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, ബശീര്‍ സഅദി വയനാട്, അബ്ദുള്ള ഹാജി കോണോംപാറ, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9645600072, 04832738343

Latest