ദേശീയപാത സര്‍വേ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല

  • അലൈന്‍മെന്റിലെ പരാതി ചിലയിടങ്ങളില്‍ പുനഃപരിശോധിക്കും
  • മലപ്പുറത്തെ പരാതി ചര്‍ച്ച ചെയ്യാന്‍ 11ന് തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെ യോഗം
Posted on: April 9, 2018 6:07 am | Last updated: April 9, 2018 at 12:02 am

തിരുവനന്തപുരം: ദേശീയപാത നാല് വരിയാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരിടത്തും സര്‍വേ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലെ സര്‍വേ നടപടിയും കല്ലിടലും നിര്‍ത്തി വെക്കാന്‍ നിര്‍ദേശിച്ചതായി തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നത് തെറ്റാണ്.

നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പുനഃപരിശോധിക്കുമെന്ന് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും വികസനത്തോടൊപ്പം ക്രിയാത്മകമായി നിലകൊള്ളുന്നതിന് പകരം സര്‍ക്കാറിനെതിരെ നടത്തുന്ന തെറ്റായ പ്രചാരവേലകള്‍ ശരിയാണോയെന്ന് മാധ്യമങ്ങള്‍ ആലോചിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചേര്‍ത്തല- കഴക്കൂട്ടം ദേശീയപാതയില്‍ ഭൂമിയെടുപ്പ് അടയാളപ്പെടുത്താനുള്ള കല്ലുകള്‍ ടെന്‍ഡര്‍ ചെയ്ത് ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണുണ്ടായത്. അടുത്ത ആഴ്ചയില്‍ തന്നെ സര്‍വേ നടപടികള്‍ ആരംഭിക്കുകയും പുനഃപരിശോധനകള്‍ ഇതോടൊപ്പം നടത്തുകയും ചെയ്യുമെന്നും ദേശീയ പാത ഭൂമിയെടുപ്പിനായി പ്രത്യേകം നിയോഗിച്ച സംസ്ഥാന തല ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

മലപ്പുറത്തെ പരാതി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഈമാസം 11ന് എം പി, എം എല്‍ എ, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരുന്നുണ്ട്. സര്‍ക്കാറിന് യാതൊരു വാശിയുമില്ലെന്നും വികസനം നഷ്ടപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശമുള്ളതെന്നും മന്ത്രി പറഞ്ഞു.