Connect with us

Kerala

കെട്ടിട നികുതി പിരിവില്‍ റെക്കോര്‍ഡ് നേട്ടവുമായി ഗ്രാമപഞ്ചായത്തുകള്‍

Published

|

Last Updated

തിരുവനന്തപുരം: കെട്ടിട നികുതി പിരിവില്‍ 2017- 18 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് നേട്ടവുമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 185 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം വസ്തുനികുതി പിരിച്ചെടുത്തു. 83.75 ശതമാനമാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ 2017- 18 വര്‍ഷത്തെ വസ്തുനികുതി പിരിവ് ശരാശരി. ആകെ ഡിമാന്റ് തുകയായ 650.74 കോടി രൂപയില്‍ 539.02 കോടി രൂപ പിരിച്ചെടുത്താണ് ഗ്രാമപഞ്ചായത്തുകള്‍ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. 94.71 ശതമാനം നികുതി പിരിച്ച മലപ്പുറം ജില്ല ഒന്നാമതും, 93.79 ശതമാനം പിരിച്ച കണ്ണൂര്‍ രണ്ടാം സ്ഥാനത്തുമെത്തി.

നികുതി പിരിവിലും പദ്ധതിപ്രവര്‍ത്തനങ്ങളിലും 2017- 18 വര്‍ഷം 90 ശതമാനത്തില്‍ അധികംനേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളെ അനുമോദിക്കുന്നതിന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ഈ മാസം 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കും.

2013- 14 ല്‍ 39.40 ശതമാനവും 2014-15 ല്‍ 51.23 ശതമാനവും 2015-16 ല്‍ 40.76 ശതമാനവും 2016-17 ല്‍ 58.30 ശതമാനവും മാത്രം നികുതി പിരിച്ച സ്ഥാനത്താണ് 2017- 18 ല്‍ 83.75 ശതമാനം എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ച നേട്ടം വകുപ്പ് നിലവില്‍ വന്നശേഷം ആദ്യമാണ്.

99 നും 99.99 ശതമാനത്തിനുമിടയില്‍ 56 ഗ്രാമപഞ്ചായത്തുകളും 98 നും 99 നുമിടയില്‍ 36 ഉം 95 നും 98 നുമിടയില്‍ 85 ഉം 90 നും 95 നുമിടയില്‍ 121 ഉം 80 നും 90 നുമിടയില്‍ 200 ഉം 70 നും 80 നുമിടയില്‍ 145 ഉം 60 നും 70 നുമിടയില്‍ 79 ഉം 50 നും 60 നുമിടയില്‍ 26 ഗ്രാമപഞ്ചായത്തുകളും നികുതി പിരിച്ചെടുത്തു. 50 ശതമാനത്തിന് താഴെ നികുതി പിരിച്ചത് എട്ട് പഞ്ചായത്തുകള്‍ മാത്രമാണ്.

നികുതി പരിഷ്‌കരണം പൂര്‍ത്തിയാക്കി നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ രണ്ട് വര്‍ഷമായി നടത്തിയ നിരന്തരവും ജാഗ്രതയോടെയും ഒത്തൊരുമയോടുമുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് ചരിത്രനേട്ടം സാധ്യമാക്കാന്‍ സഹായമായത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സഞ്ജയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ് വസ്തുനികുതി പരിഷ്‌കരണം പൂര്‍ത്തീകരിക്കുന്നതിനും നികുതി പിരിവ് രേഖപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ ഉപയോഗിച്ചത്.

ഇതോടൊപ്പം തന്നെ ഗ്രാമപഞ്ചായത്തുകളിലെ യോഗ നടപടിക്രമങ്ങള്‍ രേഖപ്പെടുത്താനുള്ള സകര്‍മ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള സങ്കേതം സോഫ്റ്റ് വെയര്‍, നികുതികളും ഫീസുകളും ഓണ്‍ലൈനായി അടക്കുന്നതിനുള്ള ഇ പേയ്‌മെന്റ് സംവിധാനം എന്നിവയും കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കാനും കഴിഞ്ഞു. ജൂണ്‍ അവസാനത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളും നികുതി കുടിശ്ശിക രഹിത ഗ്രാമപഞ്ചായത്തുകളാക്കുക എന്നതാണ് വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം.

---- facebook comment plugin here -----

Latest