Connect with us

Sports

സ്വര്‍ണം ടേബിളില്‍ !

Published

|

Last Updated

ഗോള്‍ഡ്‌കോസ്റ്റ് (ആസ്‌ത്രേലിയ): കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം കൂടി. പതിവ് തെറ്റിക്കാതെ ഭാരോദ്വഹനത്തില്‍ നിന്നാണൊന്ന്. രണ്ടാം സ്വര്‍ണം ഷൂട്ടിംഗ് സെന്ററില്‍ നിന്ന്. മൂന്നാമത്തേതാണ് ചരിത്രത്തിലിടം പിടിച്ചത് – ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ !
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്നേ വരെ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യന്‍മാരായിട്ടില്ല. ഗോള്‍ഡ് കോസ്റ്റില്‍ ചരിത്രം വഴി മാറിയിരിക്കുന്നു.
ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പടെ പന്ത്രണ്ട് മെഡലുകളുമായി ഗെയിംസില്‍ ഇന്ത്യ നില മെച്ചപ്പെടുത്തുകയാണ്.
വനിതാ ബോക്‌സിംഗില്‍ മേരികോം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയാണ് മേരി.

ടേബിള്‍ ടെന്നീസ് ചരിതം..

ഇന്ത്യയുടെ വനിതാ ടീമാണ് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ചത്. ഫൈനലില്‍ സിംഗപ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. 2010 ന്യൂഡല്‍ഹി ഗെയിംസിലും ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയിരുന്നു. പക്ഷേ, ചാമ്പ്യന്‍മാരാകുന്നത് നടാടെ.

വീണ്ടും ഭാരോദ്വഹനം…

ഭാരോദ്വഹനത്തില്‍ പൂനം യാദവിന് സ്വര്‍ണം. ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ഭാരം ഉയര്‍ത്തി ഇന്ത്യ നേടുന്ന അഞ്ചാം സ്വര്‍ണമെഡലായി ഇത്. വനിതകളുടെ 69 കി.ഗ്രാം വിഭാഗത്തിലാണ് പൂനം രാജ്യത്തിന്റെ അഭിമാനമായത്.
നാല് വര്‍ഷം മുമ്പ് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉത്തര്‍പ്രദേശുകാരി നേടിയ വെങ്കലം ഇത്തവണ പൊന്നായി മാറി. സ്‌നാച്ചില്‍ നൂറ് കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോയും ഉയര്‍ത്തി ആകെ 222 കിലോഗ്രാം ഉയര്‍ത്തിയാണ് പൂനം യാദവ് ജേത്രിയായത്.
ഗെയിംസ് മെഡല്‍പ്പട്ടികയില്‍ ഇന്ത്യയുടെ ഏഴാമത്തെ മെഡലാണിത്.

ഇരുപത്തിരണ്ടു വയസുള്ള പൂനം സ്‌നാച്ചില്‍ 95,98,100 എന്നിങ്ങനെയാണ് ഭാരം ഉയര്‍ത്തിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 118, 112.

മൊത്തം 217 കിലോ ഉയര്‍ത്തിയ ഇംഗ്ലണ്ടിന്റെ സാറ ഡേവിസ് വെള്ളിയും 216 കിലോ ഉയര്‍ത്തിയ ഫിജിയുടെ അപോലോനിയ വെവെയ് വെങ്കലവും നേടി.

മനുവിന്
അരങ്ങേറ്റത്തില്‍ സ്വര്‍ണം

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അരങ്ങേറ്റ താരം മനു ബക്കറിന് സ്വര്‍ണം. പരിചയ സമ്പന്നയായ ഹീന സിധുവിന് വെള്ളി മെഡല്‍.

പതിനാറ് വയസുള്ള മനു ബക്കര്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ബെല്‍മന്റ് ഷൂട്ടിംഗ്  സെന്ററില്‍ പുറത്തെടുത്തത്. ഗെയിംസ് റെക്കോര്‍ഡ് സ്‌കോര്‍ ആയ 240.9 മനു ബക്കര്‍ സ്വന്തം പേരില്‍ കുറിച്ചു. അതികായരായ താരങ്ങളോട് എതിരിട്ടാണ് പതിനാറുകാരി തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയത്. ഫെബ്രുവരിയില്‍ മികച്ച വനിതാ ഷൂട്ടിംഗ് താരത്തിനുള്ള ടൈംസ് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ ഹീന സിധു ആദ്യം മങ്ങിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി. യോഗ്യതാ റൗണ്ടില്‍ പുറത്താകല്‍ ഭീഷണി നേരിട്ട ഹീന തനിക്കൊപ്പം മത്സരിച്ച യുവതാരത്തിന്റെ പ്രകടനത്തില്‍ പ്രചോദിതയായി തിരിച്ചു കയറി. ഫൈനലില്‍ ആകെ 234 പോയിന്റുമായി ഹീന വെള്ളി കരസ്ഥമാക്കി. ആസ്‌ത്രേലിയയുടെ എലെന ഗാലിയബോവിചിനാണ് വെങ്കലം.

ദീപക് കൈവിട്ടു,
രവി രക്ഷകനായി

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാറിന് വെങ്കലം. ഇന്ത്യയുടെ പത്താം മെഡലാണിത്.
ക്വാളിഫയിംഗ് റൗണ്ടില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് രവി കുമാര്‍ ഫൈനലിന് യോഗ്യത നേടിയത്. 626.8 ആയിരുന്നു രവി കുമാറിന്റെ യോഗ്യതാ റൗണ്ട് പോയിന്റ്. 627.2 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്വര്‍ണവും വെള്ളിയുമൊക്കെ ഇന്ത്യ നേടിയേക്കുമെന്ന പ്രതീതിയാണുണ്ടായത്. എന്നാല്‍ ദീപക് കുമാര്‍ ഫൈനലില്‍ നിരാശപ്പെടുത്തി. ആശ്വാസമായത് രവിയുടെ ഷൂട്ടിംഗായിരുന്നു. ഫൈനലില്‍ ആസ്‌ത്രേലിയന്‍ ഡാന്‍ സാംസണും ബംഗ്ലാദേശിന്റെ അബ്ദുല്ല ഹെല്‍ ബാക്കിയും ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കിയതോടെ രവികുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഐ എസ് എസ് എഫ് ലോകകപ്പില്‍ വെങ്കലം നേടിയാണ് രവി കുമാര്‍ ഗോള്‍ഡ് കോസ്റ്റ് ഗെയിംസിന് യോഗ്യത നേടിയത്.
മീററ്റിലെ ബെയിന്‍സ ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച രവി കുമാര്‍ 2007 ലാണ് ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. കുടുംബാഗമായ അര്‍ജുന അവാര്‍ഡ് ജേതാവ് വിവേക് സിംഗാണ് രവിയെ കായികലോകത്തേക്ക് ആകര്‍ഷിച്ചത്.

ബാഡ്മിന്റണില്‍ ഫൈനല്‍

ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനലില്‍ 3-1ന്‌സിംഗപ്പൂരിനെ തോല്‍പ്പിച്ചു. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ പ്ലേ ഓഫില്‍ സിംഗപ്പൂരിനോടേറ്റ പരാജയത്തിന് ഇന്ത്യ ശക്തമായി മറുപടി നല്‍കുകയായിരുന്നു.

നാല് ദിവസത്തിനിടെ അഞ്ചാം മത്സരത്തിനിറങ്ങിയ സൈന നെഹ്വാള്‍ സിംഗപ്പൂരിന്റെ ജിയ മിന്‍ യോയെ 21-8, 21-15ന് തോല്‍പ്പിച്ചാണ് ഇന്ത്യക്ക് ആധിപത്യം നല്‍കിയത്.
മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് രാന്‍കിറെഡ്ഡി-അശ്വനി പൊന്നപ്പ സഖ്യം ജയിച്ചു കയറിയെങ്കിലും പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടു.

പുരുഷ ഹോക്കിയില്‍
ആദ്യ ജയം

പുരുഷ ഹോക്കിയിലെ പൂള്‍ ബി രണ്ടാം മത്സരത്തില്‍ ഇന്ത്യ 4-3ന് വെയില്‍സിനെ കീഴടക്കി. അമ്പത്തൊമ്പതാം മിനുട്ടില്‍ എസ് വി സുനിലാണ് വിജയഗോള്‍ നേടിയത്. രുപീന്ദര്‍പാല്‍ സിംഗിന്റെ ഡ്രാഗ്ഫഌക്ക് വെയില്‍സ് ഗോളി തട്ടിമാറ്റിയത് സുനില്‍ വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു.
പതിനാറാം മിനുട്ടില്‍ ദില്‍പ്രീത് സിംഗാണ് ലീഡ് ഗോള്‍ നേടിയത്. മന്‍ദീപ് സിംഗ് (28), ഹര്‍മന്‍പ്രീത് സിംഗ് (57) എന്നിവരും സ്‌കോര്‍ ചെയ്തു. വെയില്‍സിനായി ഗാരെത് ഫുല്‍ലോംഗ് ഹാട്രിക്ക് നേടി.മൂന്ന് തവണയും ലീഡ് നഷ്ടമാക്കിയ ഇന്ത്യ വെയില്‍സില്‍ നിന്ന് ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചില്ല.

ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് ഇത് തുറന്ന് സമ്മതിച്ചു. അനായാസം ജയിക്കാം എന്നുള്ള ധാരണയെ അട്ടിമറിക്കുന്ന പ്രകടനമാണ് വെയില്‍സ് നടത്തിയത്. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 2-2ന് പാക്കിസ്ഥാനോട് സമനിലയായിരുന്നു. നാളെ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി.