വേനല്‍ കടുത്തു; ആനക്കുളത്ത് വെള്ളം കുടിക്കാന്‍ കാട്ടാനക്കൂട്ടങ്ങളുടെ തിരക്ക്

Posted on: April 9, 2018 6:15 am | Last updated: April 8, 2018 at 10:57 pm
ആനക്കുളത്ത് വെള്ളം കുടിക്കാനെത്തിയ
കാട്ടാനക്കൂട്ടം

കോതമംഗലം: വേനല്‍ കടുത്തതോടെ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളുടെയും ഇവയെ കാണാനെത്തുന്ന സന്ദര്‍ശകരുടെയും തിരക്കിലമര്‍ന്ന് ആനക്കുളം. ഇടുക്കി- എറണാകുളം ജില്ലാ അതിര്‍ത്തിയിലെ ആനക്കുളം പുഴയിലെ രണ്ട് ഓരുകളില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഇടുക്കി വനമേഖലയിലെയും തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി നാഷനല്‍ പാര്‍ക്ക്, പൊള്ളാച്ചി, പൂയംക്കുട്ടി, അവറുക്കുട്ടി, മാമലകണ്ടം തുടങ്ങിയ വനമേഖലകളില്‍ നിന്നുമുള്ള കാട്ടാനക്കൂട്ടങ്ങളുടെ തിരക്കാണ് വേനല്‍ക്കാലമായതോടെ ആനക്കുളം ഓരിയില്‍.
വര്‍ഷങ്ങളായി കാട്ടാനകള്‍ ഇവിടെ നിന്നും വെള്ളം കുടിക്കുന്നത് ഓരിലെ വെള്ളത്തിന്റെ പ്രത്യേകത കൊണ്ടാണ്. ഉപ്പുരസമുള്ള ഭൂഗര്‍ഭ ജലം ഇവിടെ ഉയരുന്നതാണ് കാട്ടാനകള്‍ ഇവിടെയെത്തുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എന്നാല്‍, ഈ ഭാഗത്തെ ചേറിന്റെ പ്രത്യേകത കൊണ്ട് വെള്ളത്തിലുള്ള രുചിഭേദമാകാം കാരണമെന്നാണ് സമീപത്തെ ഉറിയീപെട്ടി കുടിയിലെ ആദിവാസികള്‍ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ ഇതുവരെ നടന്നിട്ടില്ലെങ്കിലും ഇവിടെ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളുടെ അപൂര്‍വ കാഴ്ച കാണാന്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.

10 മുതല്‍ 20 വരെ സംഘങ്ങളായാണ് കാട്ടാനക്കൂട്ടങ്ങള്‍ ഇവിടെയെത്തുക. പുഴയില്‍ നിന്ന് വെള്ളം കുടിക്കുന്നതിനോടൊപ്പം വെള്ളം ചീറ്റിച്ച് കുട്ടിയാനകളെ കുളിപ്പിക്കുന്നതും വേറിട്ട കാഴ്ചയാണ്. വിനോദ സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഇവിടുത്തെ വിനോദസഞ്ചാര സാധ്യത മുന്നില്‍ കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനക്കുളത്തെ സമീപ പ്രദേശങ്ങളില്‍ ചില റിസോട്ടുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ‘

മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആനക്കുളത്തെക്കുറിച്ചുളള അറിവ് കിട്ടിയത് അടുത്തിടെയാണ്. ഇതോടെ അടുത്ത കാലത്തായി സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ തിരക്കേറിയതായി നാട്ടുകാര്‍ പറയുന്നു. കാട്ടാനക്കൂട്ടങ്ങളെ ഇത്രയടുത്ത് കാണാവുന മറ്റൊരിടവും ഇല്ലാത്തതാണ് സഞ്ചാരികളുടെ തിരക്കിന് കാരണമെന്ന് വനപാലകര്‍ അഭിപ്രായപ്പെടുന്നു. സഞ്ചാരികളെയോ നാട്ടുകാരെയോ ഇവിടുത്തെ കാട്ടാനക്കൂട്ടങ്ങള്‍ ഉപദ്രവിക്കാറില്ലന്ന പ്രത്യേകതയുമുണ്ട്.

കാട്ടാനക്കൂട്ടങ്ങളുടെ കാഴ്ചക്കപ്പുറം പ്രകൃതി ഒരുക്കിയ നിരവധി വെള്ളച്ചാട്ടങ്ങളും ആനക്കുളത്തിന് സമീപ പ്രദേശങ്ങളിലുണ്ട്. 123‘സ്‌ക്വയര്‍ കി. മീ. വിസ്തൃതിയുള്ള മാങ്കുളം പഞ്ചായത്തിലാണ് ആനക്കുളം. പൂര്‍ണമായും വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതി ഒരുക്കിയ നിരവധി വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും സമ്പന്നമാണ്. കാട്ടാനക്കൂട്ടങ്ങളെ നേരിട്ട് കാണാനാകുന്ന ആനക്കുളത്തിന്റെ പ്രത്യേകത കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായാല്‍ മൂന്നാറിന്റെ സമീപ പ്രദേശമെന്ന നിലയില്‍ ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം നേടാന്‍ ആനക്കുളത്തിന് കഴിയും.