Connect with us

Kerala

കീഴാറ്റൂര്‍: യു ഡി എഫ് നേതാക്കള്‍ വയല്‍ക്കിളികളുടെ സമരപ്പന്തലില്‍

Published

|

Last Updated

യു ഡി എഫ് നേതാക്കള്‍ സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകിയമ്മ
എന്നിവര്‍ക്കൊപ്പം

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ക്കിളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികളെയും ജില്ലയിലെ എല്ലാ എം എല്‍ എമാരെയും ഇതില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കീഴാറ്റൂരിലെ പ്രശ്‌നത്തില്‍ ചര്‍ച്ചയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മലപ്പുറത്ത് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാമെങ്കില്‍ അത് കീഴാറ്റൂരിലും ആവാമെന്നും ചര്‍ച്ചക്ക് വിളിച്ചാല്‍ യു ഡി എഫിന്റെ മൂന്ന് അലൈന്‍മെന്റ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുമെന്നും ചെന്നിത്തല പറഞ്ഞു. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന ധാര്‍മികസമരത്തിന് യു ഡി എഫ് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പിണറായി വിജയന് ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതിയായിരിക്കും വരാന്‍പോകുന്നതെന്ന് യു ഡി എഫ് സംഘത്തിലുണ്ടായിരുന്ന പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ പറഞ്ഞു.

വൈകുന്നേരം മൂന്നരയോടെ കീഴാറ്റൂര്‍ വയലിലെത്തിയ യു ഡി എഫ് സംഘത്തെ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകിയമ്മ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വയലും കീഴാറ്റൂര്‍ തോടും നടന്നുകണ്ട സംഘത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ജോര്‍ജ് വടകര, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി വി രാംമോഹന്‍, ആര്‍ എസ് പി നേതാവ് ഇല്ലിക്കല്‍ അഗസ്തി, കെ പി സി സി ജന.സെക്രട്ടറി സജീവ് ജോസഫ്, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ പി സി സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, എ ഐ സി സി അംഗം ദീപ്തി മേരി വര്‍ഗീസ്, കല്ലിങ്കീല്‍ പത്മനാഭന്‍, എ ഡി സാബൂസ്, സി എം പി ജില്ലാ സെക്രട്ടറി സി എ അജീര്‍, ഡോ. കെ വി ഫിലോമിന, സുമ ബാലകൃഷ്ണന്‍, ജോഷി കണ്ടത്തില്‍, ടി ജനാര്‍ദനന്‍, ഇ ടി രാജീവന്‍ എന്നിവരുമുണ്ടായിരുന്നു.

Latest