Connect with us

Articles

കീഴാറ്റൂരെ ദേശാടനക്കിളികള്‍

Published

|

Last Updated

കീഴാറ്റൂരില്‍ ബി ജെ പി നടത്തിയ കര്‍ഷക രക്ഷാ മാര്‍ച്ച് വേദിയില്‍ ബി ജെ പി നേതാക്കള്‍ക്കൊപ്പം വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും സമര നായിക നമ്പ്രാടത്ത് ജാനകിയും കൈകോര്‍ത്തപ്പോള്‍

വയല്‍ക്കിളികളും ഈ കിളികളെ ലക്ഷ്യമിട്ട് പറന്നെത്തിയ കഴുകന്മാരും സ്വന്തം മാളത്തിലേക്കു തിരികെ പറന്നുതുടങ്ങി. ഒപ്പം പ്രത്യക്ഷപ്പെട്ട വെട്ടുകിളികള്‍ ഇവിടെതന്നെ കറങ്ങുന്നുണ്ട്. ഈ വെട്ടുകിളി പ്രയോഗത്തിന്റെ പകര്‍പ്പവകാശം സഖാവ് പി ജയരാജന്‍ അഥവാ ഭാവി മുഖ്യമന്ത്രിക്കാണ്. ജില്ലാ സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയായി കണ്ണൂര്‍ വിട്ടുപോകുക എന്നതാണല്ലോ ആ പാര്‍ട്ടിയില്‍ കീഴ്‌വഴക്കം. അദ്ദേഹം വെട്ടുകിളി പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത് പത്രമാധ്യമങ്ങളെയാണ്. തങ്ങള്‍ക്ക് കൊത്തിപ്പെറുക്കാന്‍ മറ്റൊരു വയലുകിട്ടുന്നതു വരെയും ഈ വെട്ടുകിളികള്‍ തളിപ്പറമ്പ് വിട്ടുപോകാനിടയില്ല. കാഴ്ചയില്‍ ചെറിയ ജീവികളാണ് വെട്ടുകിളികള്‍. കൂട്ടമായി പറന്നിറങ്ങി വിളകള്‍ നശിപ്പിക്കും. ഇസ്‌റാഈല്‍ക്കാര്‍ ഈജിപ്തിലെ ഫറോയുടെ ദുര്‍ഭരണത്തിനെതിരെ നടത്തിയ വിമോചന പോരാട്ടത്തില്‍ ഈജിപ്തുകാര്‍ക്കെതിരെ വെട്ടുകിളികളെ ആയുധമായി ഉപയോഗിച്ചു എന്ന് ബൈബിള്‍ പറയുന്നുണ്ട്. പുറം കാഴ്ചയില്‍ അത്ര ശക്തിയൊന്നുമില്ല ഈ ജീവികള്‍ക്ക്. ജയരാജന്‍ ഉദ്ദേശിച്ച ഈ കിളികളുടെ ആയുധം ക്യാമറയും പേനയുമാണ്. ക്യാമറക്കണ്ണുകള്‍ ശക്തമായതോടെ ഒരായുധമെന്ന നിലയിലുള്ള പേനയുടെ പഴയ പ്രസക്തി നഷ്ടമായിരിക്കുകയാണ്. ഈ കിളികള്‍ ഒരുപകാരം ചെയ്തു. ഞങ്ങള്‍ തളിപ്പറമ്പുകാര്‍ക്ക് പോലും പരിചിതമല്ലാതിരുന്ന കീഴാറ്റൂരിന് അന്തര്‍ദേശിയ പ്രസിദ്ധി നേടിക്കൊടുത്തു. തളിപ്പറമ്പിനെ തൊട്ടുരുമ്മി കിടക്കുന്ന തളിപ്പറമ്പിന്റെ തന്നെ ഭാഗമായ കീഴാറ്റൂരിനും അവിടുത്തെ കിളികളുടെ നേതാവിനും ഞങ്ങളുടെ തൃച്ഛമ്പരത്തപ്പനെക്കാളും ചിറവക്ക് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ പരമശിവനെക്കാളും സമീപവാസിയായ പറശ്ശിനിക്കടവ് മുത്തപ്പനെക്കാളും പ്രശസ്തി കിട്ടി. തളിപ്പറമ്പിലെ ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന അന്യ നാട്ടുകാര്‍ ഇനി കീഴാറ്റൂര്‍ കൂടി സന്ദര്‍ശിച്ചിട്ടേ മടങ്ങൂ എന്ന് വിചാരിക്കാം. ഇത് കൂടി കണക്കിലെടുത്ത് വയല്‍ക്കിളികള്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടി അവിടെ തന്നെ തുടരാവുന്നതാണ്.

കലയോ സാഹിത്യമോ തത്വചിന്തയോ രാഷ്ട്രീയമോ എന്തായാലും അതിനെ പൈങ്കിളിവത്കരിച്ചു കുളമാക്കുന്നതു കേരളീയരുടെ ശീലമാണല്ലോ. ഭാഷാപിതാവായ എഴുത്തച്ഛന്‍ ശ്രീരാമകഥ പറയിക്കാന്‍ വിളിച്ചുവരുത്തിയ ആ പൈങ്കിളി ഇപ്പോഴും ഇവിടെ ചിറകുവിരിച്ചു പറക്കുന്നുണ്ടാകണം. വികസനവും വേണം പരിസ്ഥിതിയും സംരക്ഷിക്കണം എന്നാണ് പൈങ്കിളി ഇപ്പോള്‍ പാടി നടക്കുന്നത്.

“ഞങ്ങളൊന്ന് ഞങ്ങള്‍ക്കൊന്ന് നമ്മള്‍ രണ്ട് നമ്മള്‍ക്ക് രണ്ട്” എന്നൊക്കെയുള്ള പഴയ കുടുംബാസൂത്രണ മുദ്രാവാക്യം വാഹനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മാത്രം കേരളീയര്‍ പാലിക്കാറില്ല. ഒരു വീട്ടില്‍ എത്രപേരുണ്ടോ അത്രയും പേര്‍ക്കും ഓരോ വണ്ടി എന്നതായിരിക്കുന്നു നമ്മുടെ പൈങ്കിളി ധാരണ. ആഗോള വാഹന കുത്തകകള്‍ ഈ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലേക്കു ലക്ഷ്യമിട്ടിരിക്കുന്നത് ഈ കൊച്ചുകേരളത്തെയാണ്. ഇപ്പോള്‍ ഇവിടുത്തെ റോഡുകള്‍ക്കു താങ്ങാനാകാത്തത്ര വാഹനങ്ങള്‍ ഉണ്ട്. വരാനിരിക്കുന്ന വാഹനങ്ങള്‍ കൂടെ കണക്കിലെടുത്താല്‍ ഇവിടുത്തെ വയലുകള്‍ മാത്രമല്ല തോടും കാടും എല്ലാം വൈകാതെ റോഡുകളാക്കി മാറ്റേണ്ടിവരും.യാഥാര്‍ഥ്യമിതായിരിക്കെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിതിക്കു വേണ്ടി മണ്ണിട്ട് നികത്തേണ്ടി വരുന്ന തുച്ഛമായ ഏതാനും ഏക്കറിന് വേണ്ടി ഒഴുക്കുന്ന മുതലക്കണ്ണീര്‍ മറ്റെന്തോ ലക്ഷ്യമാക്കിയാണെന്ന് വ്യക്തം. മാര്‍ക്‌സിസ്റ്റ് വിരോധം എന്ന തിമിരത്തിന് ഇനിയും മതിയായ ചികിത്സയൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. കേരളത്തെ എത്രയും പെട്ടന്ന് മാര്‍ക്‌സിസ്റ്റ് പിടിയില്‍ നിന്ന് മോചിപ്പിക്കുക, പിന്നെ എല്ലാ ശരിയായികൊള്ളും എന്നല്ലേ ചില മുത്തശ്ശി പത്രങ്ങളും ചാനല്‍കിളികളും ചിലച്ചുകൊണ്ടിരിക്കുന്നത്.

ഒരു വശത്തു വയല്‍കാവല്‍ക്കാരും മറുവശത്തു നാടുകാവല്‍ക്കാരും മുഖാ മുഖം ഏറ്റുമുട്ടുന്ന അവസ്ഥയിലേക്കു കീഴാറ്റൂര്‍ വിവാദം വളര്‍ന്നിരിക്കുന്നു. മുട്ടനാടുകളെ പരസ്പരം ഇടിപ്പിച്ചു നടുക്കു നിന്നു ചോരകുടിക്കുന്ന കഴുകന്മാര്‍ പലരും പല വേഷത്തില്‍ എത്തിയിട്ടുണ്ട്. വയല്‍ക്കിളികളില്‍ ഒന്നിനെയെങ്കിലും കൊന്ന് അഥവാ പറ്റിയില്ലെങ്കില്‍ കായികക്ഷമത എല്ലാം തകര്‍ത്ത് അതിന്റെ പാപഭാരം പി ജയരാജന്റെ മേല്‍ ചാര്‍ത്താനുള്ള ഗൂഢാലോചന ഉത്സവകാലത്ത് ക്ഷേത്രപരിസരം തന്നെ കേന്ദ്രീകരിച്ചു നടന്നത് ഭാഗ്യത്തിനു പോലീസ് കൈയോടെ പിടികൂടി. പോലീസ് ജാഗ്രതപാലിച്ചില്ലെങ്കില്‍ ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ എന്തൊക്കെ പൊല്ലാപ്പുകളായിരിക്കും ഈ മണ്ണില്‍ നടക്കുക എന്ന ആശങ്ക അസ്ഥാനത്തല്ല. ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ കിളികളുടെ ബഹുജന റാലിയും അതിനെ പ്രതിരോധിക്കാന്‍ സി പി എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച നാട്ടുകാവല്‍ സമരവും മാര്‍ച്ച് 25നു നടന്നു. ഒട്ടേറെ ദേശാടനക്കിളികള്‍ നാഷനല്‍ ഹൈവേയിലെ നിത്യശാപമായ ഗതാഗതക്കുരുക്കിനെ ഭേദിച്ച് തളിപ്പറമ്പില്‍ പറന്നിറങ്ങി. ദേശാടനക്കിളികള്‍ക്കു പുറമെ ഒട്ടേറെ ഈനാംപേച്ചികളും മരപ്പെട്ടികളും വന്നുപോയി. ചലച്ചിത്ര നായകന്‍, നോമിനേറ്റ് എം പി സുരേഷ്‌ഗോപി പഴയ വില്ലന്‍കഥാപാത്രങ്ങളുടെ കടുകട്ടിയായ ഡയലോഗുകള്‍ ഓര്‍മിച്ചെടുത്തു കിളികളെ താലോലിച്ചു. പിന്നാലെ വിഎം സുധീരനും പി സി ജോര്‍ജും കെ കെ രമ ഇങ്ങനെ പലരും. മരം മണ്ണ് എന്നൊക്കെ കേട്ടാല്‍ മനമുരുകുന്ന സുഗതകുമാരി ടീച്ചറും സാറാ ടീച്ചറും ഒക്കെ തളിപ്പറമ്പില്‍ വരുമെന്നാണ് കിളികള്‍ പറയുന്നത്. ഞങ്ങള്‍ തളിപ്പറമ്പുകാര്‍ക്കിവരെയൊക്കെ കണ്‍കുളിര്‍ക്കെ ഒന്നു കാണുകയെങ്കിലും ചെയ്യാമല്ലോ.

പി സി ജോര്‍ജ് തളിപ്പറമ്പില്‍ നിന്നും തിരുവനന്തപുരത്തുചെന്നപ്പോഴേക്കും അഭിപ്രായം മാറി. തളിപ്പറമ്പില്‍ പരിസ്ഥിതിവാദി. ഈരാറ്റുപേട്ടയില്‍ വികസനവാദി. ഇങ്ങനെ എന്തൊക്കെ വേഷം കെട്ടിയാലാണ് പാവത്തിനു കേരളത്തില്‍ നിന്നു പിഴക്കാന്‍ കഴിയുക. ഇപ്പോഴും താനാണ് കെ പി സി സി പ്രസിഡണ്ട് എന്നാണ് സുധീരന്റെ ഭാവം. വേണ്ടിവന്നാല്‍ കേരളത്തില്‍ മദ്യം വരെ നിരോധിച്ച് കളയാമെന്നു വീമ്പിളക്കിയ ആളായിരുന്നു സുധീരന്‍ജി. സുധീരന്‍ പറഞ്ഞതൊന്നും കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നു തല്‍ക്കാലം കസേര കൈവശം വെച്ചിരിക്കുന്ന എംഎം ഹസനും കസേരയിലേക്കു നോട്ടം ഉറപ്പിച്ചിരിക്കുന്ന മുരളീധരനും ഉറക്കെപ്പറഞ്ഞു കഴിഞ്ഞു. സി പി ഐയെ വീട്ടിലെ കുട്ടികള്‍ക്കായി കരുതിവെച്ചിരുന്ന പാലും കുടിച്ചു മൂക്കുമുട്ടെ തീറ്റിയും തിന്ന് സ്വീകരണമുറിയിലെ വിലപ്പിടിപ്പുള്ള കുഷ്യന്‍ മാന്തിക്കീറുന്ന വളര്‍ത്തുപൂച്ചയോടാണ് പി ജയരാജന്‍ ഉപമിച്ചത്. പൂച്ചക്കു സൂചനകള്‍ മനസ്സിലായി. കീഴാറ്റൂര്‍ മാര്‍ച്ചില്‍ നിന്ന് അവര്‍ പിന്‍മാറി. കോണ്‍ഗ്രസിനു ആദ്യത്തെ താത്പര്യം ഒന്നും കണ്ടില്ല. പിന്നെ സ്ഥിരം ലാവണവില്ലാത്ത എവിടെ പരിസ്ഥിതി പ്രശ്‌നം ഉണ്ടായാലും അങ്ങോട്ട് പറന്നുചെല്ലുന്ന ഗ്രോവാസുവിനും സി ആര്‍ നീലകണ്ഠനും ഡോക്ടര്‍ സുരേന്ദ്രനാഥിനും മാത്രമായി എന്താകാനാണ്. അവരെ സഹായിക്കാന്‍ ബി ജെ പി- ആര്‍ എസ് എസ് സഖ്യത്തിനു അവസരം വീണു കിട്ടി. അവര്‍ സമരത്തെ മൊത്തമായും ചില്ലറയായും ഹൈജാക്കു ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നെഞ്ചിലെ ചോരപോലും കൊടുക്കാന്‍ തയ്യാറായിനില്‍ക്കുന്ന മൗലീകതാവാദികള്‍ ഒടുവില്‍ എലിവേറ്റസ് ഹൈവേ നിര്‍ദേശത്തിനു മുന്നില്‍ തലകുനിക്കുന്നതായാണ് കാണുന്നത്. എലിവേറ്റഡ് ഹൈവേറ്റഡ് ഹൈവേ പരിസ്ഥിതിക്കു കൂടുതല്‍ ആഘാതം ഉണ്ടാക്കുകയല്ലേ ചെയ്യുക?

വയല്‍സംരക്ഷണം എങ്ങനെ നടക്കാനാണ്? ബൈപാസ് യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ ഇരുവശങ്ങളിലുമുള്ള വയല്‍ പാര്‍പ്പിടസമുച്ചയങ്ങളാകും എന്നാര്‍ക്കാണറിയാത്തത്. റിയല്‍ എസ്റ്റേറ്റ് കഴുകന്മാര്‍ പദ്ധതി നടപ്പിലായിക്കിട്ടാന്‍ കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുകയാണ്. വയല്‍ ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പുപ്രകടിപ്പിച്ചു ഭൂഉടമകളാണ് അങ്കലാപ്പിലായിരിക്കുന്നത്. അവര്‍ പോലും പ്രതീക്ഷിക്കാത്ത വിലയാണ് ഹൈവേ അതോറിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. സെന്റിനു നാല് ലക്ഷം രൂപ. രണ്ട് സെന്റ് സ്ഥലം ഏറ്റെടുത്താല്‍ എട്ട് ലക്ഷം രൂപ. പുല്ലും കളയും നിറഞ്ഞ ആര്‍ക്കും പ്രയോജനപ്പെടാത്ത തരിശു കിടക്കുന്ന ശേഷിച്ച വയലിനു സെന്റ് കണക്കിനു പറയുന്ന വിലക്കു വില്‍ക്കാനുള്ള സാധ്യത. സ്വകാര്യവാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തുക. നികുതി വര്‍ധിപ്പിച്ചു വില്‍പ്പനകുറക്കുക, നാട്ടിന്‍ പുറങ്ങളിലൂടെയുള്ള സമാന്തരപാതകള്‍ നിര്‍മിക്കുക, ജല ഗതാഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന തരത്തില്‍ നമ്മുടെ ജലാശയങ്ങള്‍ക്കു പുതുജീവന്‍ നല്‍കുക ഇങ്ങനെ പരീക്ഷിക്കാവുന്ന പല ബദലുകളും ഉണ്ട്. ഇതേക്കുറിച്ചൊന്നും ആലോചിക്കാതെ പ്രശ്‌നം വഷളാക്കുകയാണ് എല്ലാവരും ചേര്‍ന്ന് ചെയ്യുന്നത്.

അര്‍ധ പട്ടണിക്കാരായ അറുപതോളം കീഴാറ്റൂര്‍ പൗരന്മാരും അവരുടെ വരും തലമുറയും രക്ഷപ്പെട്ടു പോകുന്ന കാര്യമാണ്. ഈ ദേശാടനക്കിളികളുടെ അലമുറയിടീല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമോ എന്ന വേവലാധിയിലാണ് കീഴാറ്റൂരിലെ യഥാര്‍ഥ വയല്‍ക്കിളികള്‍. പാവങ്ങള്‍! വിവിധ ജാതി- ദേവി- ദേവന്മാരുടെ നാമത്തിലുള്ള ഒട്ടേറെ ക്ഷേത്രങ്ങള്‍കൊണ്ടു സമ്പന്നമാണ് കീഴാറ്റൂരും സമീപ പ്രദേശങ്ങളും. പാര്‍ട്ടി ഗ്രാമം എന്നൊക്കെയുള്ള ദുഷ്‌പേരുണ്ടെങ്കിലും വിവിധ ജാതി -മത വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരും അവരുടെ സ്വന്തം ദൈവങ്ങളും ചേര്‍ന്ന സ്‌നേഹത്തിലും സൗഹാര്‍ദത്തിലും ജീവിക്കുന്ന പാരമ്പര്യമാണ് ഇവിടുത്തുകാര്‍ക്കുള്ളത്. അതിനുതുരങ്കം വെക്കാനും ക്ഷേത്രചുറ്റുവട്ടങ്ങളില്‍ ആര്‍ എസ് എസ് കാര്‍ക്കു കൊടി കുത്താനുമുള്ള അവസരമാണ് ബൈപാസ് വിരുദ്ധ സമരത്തിന്റെ പേരില്‍ അതിവിപ്ലവകാരികളും പരിസ്ഥിതി വാദികളും കണ്ണൂരെ കുറെ കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. തീര്‍ച്ചയായിട്ടും സംഘി ശക്തികള്‍ക്കാഹ്ലാദിക്കാന്‍ വകയുണ്ട്. വിനാശകാലേ വിപരീതബുദ്ധി.

 

Latest