വിദ്യാര്‍ഥികളോടെന്തൊരു കരുണ!

സ്വാശ്രയ ക്രമക്കേടുകള്‍ തടയാന്‍ കൂടി ഉദ്ദേശിച്ചാണ് ഇ ടി മുഹമ്മദ് ബഷീറും എം എ ബേബിയും വിദ്യാഭ്യാസ മന്ത്രിമാരായിരിക്കെ സ്വകാര്യ - സ്വാശ്രയ കോളജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കാന്‍ വ്യവസ്ഥ ചെയ്തുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. ആ നിയമങ്ങളൊക്കെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണാവകാശത്തിലുള്ള കൈകടത്തലായി വ്യാഖ്യാനിച്ച് റദ്ദാക്കിയത് കോടതികളാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫീസും മറ്റ് വ്യവസ്ഥകളും ചോദ്യം ചെയ്ത് ഹരജിയുമായെത്തിയാല്‍ മാനേജുമെന്റുകള്‍ക്ക് പരമാവധി ആനുകൂല്യം പ്രദാനം ചെയ്യും വിധത്തില്‍ വിധി പുറപ്പെടുവിക്കുന്നതും ഇതേ കോടതികളാണ്. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പഠനം തുടരട്ടെ എന്ന് വിധിക്കുന്നതും അപൂര്‍വമായെങ്കിലുമുണ്ടായിട്ടുണ്ട്. ഭരണ - പ്രതിപക്ഷ അവിശുദ്ധ സഖ്യത്തിന് മാത്രമല്ല, സ്വാശ്രയ വ്യവസായാന്തരീക്ഷം ഭംഗിയായി നിലനിര്‍ത്തുന്നതില്‍ പങ്ക് എന്ന് ചുരുക്കം. അതില്‍ എവിടെയൊക്കെ പണം മറിയുന്നുവെന്ന് മാത്രമേ ജനത്തിന് അജ്ഞാതമായുള്ളൂ. ആകയാല്‍ ഇപ്പോഴുണ്ടായ ഭരണ - പ്രതിപക്ഷ സഖ്യത്തിലുമുണ്ടാകണം കോഴപ്പണത്തിന്റെ മണം.
Posted on: April 9, 2018 6:00 am | Last updated: April 8, 2018 at 9:55 pm

കേരളത്തില്‍ കാലവര്‍ഷത്തിനൊപ്പമാണ് സ്വാശ്രയ സീസണിന്റെയും തുടക്കം. അക്കൊല്ലത്തെ ഫീസിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്ന ഫീസ് ആവശ്യപ്പെട്ട് സ്വാശ്രയ മാനേജുമെന്റുകളുടെ കോടതി കയറ്റവും ഒക്കെ സീസണാരംഭിക്കുമ്പോഴേക്കും കഴിഞ്ഞിട്ടുണ്ടാകും. പിന്നെയൊരു പെയ്ത്താണ്. ക്രിസ്ത്യന്‍ മാനേജുമെന്റുകളും അല്ലാത്ത മാനേജുമെന്റുകളുമായി പ്രത്യേകം ചര്‍ച്ചകള്‍. വിദ്യാര്‍ത്ഥികളെ വഞ്ചിച്ചുവെന്നും ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ മാനേജുമെന്റുകള്‍ക്ക് അവസരമൊരുക്കിയെന്നും ആരോപിച്ച് പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചുകള്‍, അതിനു നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍, പ്രതിപക്ഷത്ത് സി പി എം നയിക്കുന്ന ഇടത് മുന്നണിയാണെങ്കില്‍ സ്വാശ്രയ കോളജുകളിലേക്കുള്ള മാര്‍ച്ചും തച്ചുതകര്‍ക്കലും, സര്‍ക്കാറിന് ഹൈ/സുപ്രീം കോടതികളുടെ വക വിമര്‍ശനപ്പൂരം, പല കോളജുകളില്‍ പല രീതിയിലുള്ള ഫീസ് നിര്‍ണയം, വൈരുദ്ധ്യാത്മക കോടതിവിധികള്‍, എല്ലാറ്റിനുമൊടുവില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങളൊക്കെ ലംഘിച്ച് പ്രവേശനം പൂര്‍ത്തിയാക്കല്‍. അതോടെ മഴ തീരും. മാനദണ്ഡം ലംഘിച്ച് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദുചെയ്യലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കണ്ണീരും കൈയുമായി കോടതി സമീപിക്കലും മഴ കഴിഞ്ഞാലുള്ള മരം പെയ്യലാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ച്, അക്കാലത്തിനിടെ നടത്തിയ സകല വിമര്‍ശനങ്ങളും വിഴുങ്ങിക്കൊണ്ട്, വിദ്യാര്‍ത്ഥികള്‍ പഠനം തുടരട്ടെ എന്ന് കോടതി വിധിക്കും.
2016 -17 സ്വാശ്രയ സീസണിലാണ് പാലക്കാട്ടെ കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളിലെ, പിന്നീട് ജെയിംസ് കമ്മിറ്റിയും അടുത്തിടെ സുപ്രീം കോടതിയും റദ്ദുചെയ്ത വിദ്യാര്‍ത്ഥികളുടെ പ്രവേശനം നടന്നത്. പതിവനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ ഈ രണ്ട് കോളജുകളുടെ മാനേജുമെന്റിനും സര്‍ക്കാറിനുമുണ്ടായിരുന്നു. ക്രമവിരുദ്ധമായി നടത്തിയ പ്രവേശനം ക്രമപ്പെടുത്താന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി അസാധുവാക്കുകയും ഓര്‍ഡിനന്‍സിന് പകരം കൊണ്ടുവന്ന ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാതിരിക്കുകയും ചെയ്തതോടെ അവസാനിക്കുന്നത് ഈ കണക്കുകൂട്ടലുകളാണ്. ലക്ഷങ്ങള്‍ തലവരിയായി നല്‍കി ഈ രണ്ട് കോളജുകളിലും പ്രവേശനം നേടിയ, പ്രവേശനപ്പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഏറെ താഴെ മാത്രം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവി ‘സുരക്ഷിത’മാക്കാന്‍ ഈ സര്‍ക്കാര്‍ എന്തിന് ഇത്രയും മെനക്കെട്ടുവെന്നാണ് പ്രധാന ചോദ്യം? വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണീര് കണ്ട് അലിഞ്ഞാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം. പാവപ്പെട്ടൊരു ദളിത് സ്ത്രീക്ക് അനുവദിച്ച അഞ്ച് സെന്റ് ഭൂമി, അവരുടെ പേരില്‍ മറ്റു ഭൂമിയുണ്ടെന്ന് കണ്ടെത്തി റദ്ദാക്കാന്‍ പാകത്തില്‍ നിയമ പാലനം ഉറപ്പാക്കുന്ന സര്‍ക്കാറാണല്ലോ കേരളം ഭരിക്കുന്നത്!

പ്രവേശനം നടക്കുന്ന സമയത്ത് ആകെ തകരാറാണെന്നും തലവരി വാങ്ങുന്നത് തടയാന്‍ സര്‍ക്കാറിനാകുന്നില്ലെന്നും അതില്‍ അഴിമതിയുണ്ടെന്നുമൊക്കെ ആരോപിക്കുകയും അതിന്റെയൊക്കെ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷം ഓര്‍ഡിനന്‍സിനെ വിമര്‍ശിക്കാതിരിക്കുകയും നിയമസഭയില്‍ ബില്ലിനെ പിന്തുണക്കുകയും ചെയ്തത് എന്തുകൊണ്ടാണ്? സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനും യു ഡി എഫിനാകെയുമുള്ള പ്രത്യേക ‘താത്പര്യം’ മാത്രമേ ഇവിടെയുമുണ്ടായിട്ടുള്ളൂ എന്ന് വിശ്വസിക്കുക പ്രയാസം.
ബില്ല് പാസ്സാക്കുന്ന വേളയില്‍ നിയമസഭയില്‍ നിന്ന് പുറത്തേക്കിറങ്ങിയ (ഇറങ്ങിപ്പോക്കല്ല) ഒ രാജഗോപാല്‍ ഇപ്പോള്‍ പറയുന്നത് ബി ജെ പി അതിനെ പിന്തുണച്ചിരുന്നില്ല എന്നാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ബില്ലിനെ പിന്തുണക്കുകയാണെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറയുകയും എതിര്‍ ഗ്രൂപ്പിലാണെന്ന് പരസ്യ പ്രസ്താവനകളിലൂടെ പലകുറി വ്യക്തമാക്കിയ വി മുരളീധരന്‍, കുമ്മനത്തിന്റെ അഭിപ്രായത്തെ എതിര്‍ക്കുകയും ചെയ്തതിന് ശേഷമാണ് രാജഗോപാലിന്റെ വിശദീകരണം വന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം വാങ്ങിക്കൊടുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുകയും പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മീഷന്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത ബി ജെ പിക്ക് യോജ്യമായതാണ് കുമ്മനം പറഞ്ഞത്. ആ ചരിത്രമുള്ള പാര്‍ട്ടി ഈ ബില്ലിനെ പിന്തുണച്ചത് വിദ്യാര്‍ത്ഥികളുടെ വേദന മാത്രം കണ്ടാണോ?

2016 – 17 സീസണില്‍ ഏകീകൃത അലോട്ട്‌മെന്റ് നടത്തണമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. അത് ചോദ്യംചെയ്ത് കരുണ, അഞ്ചരക്കണ്ടി മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഏകീകൃത അലോട്ട്‌മെന്റ് തടഞ്ഞ ഹൈക്കോടതി, ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഒറ്റക്കൊറ്റയ്ക്ക് പ്രവേശനം നടത്താന്‍ അനുവാദം നല്‍കി. തലവരിപ്പണം വാങ്ങി, മെഡിക്കല്‍ സീറ്റുകളൊക്കെ നേരത്തെ തന്നെ വിറ്റിരുന്നുവെന്നതിനാലാണ് ഏകീകൃത അലോട്ട്‌മെന്റ് ചോദ്യംചെയ്ത് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചത് എന്ന് മനസ്സിലാക്കാന്‍, ഇക്കാലമത്രയും നടന്ന സ്വാശ്രയക്കച്ചവടം കേട്ടറിഞ്ഞവര്‍ക്ക് പോലും പ്രയാസമുണ്ടായിരുന്നില്ല. കേസുകള്‍ പലത് കൈകാര്യം ചെയ്ത കോടതി പക്ഷേ, ഇതൊന്നും അറിയാത്ത മട്ടില്‍ വിധിച്ചൊഴിഞ്ഞു.

ഓണ്‍ ലൈനായി അപേക്ഷ സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പക്ഷേ അതിനുള്ള അവസരമൊരുക്കാന്‍ ഈ കോളജുകള്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റി (ജെയിംസ് കമ്മിറ്റിയെന്ന് പ്രസിദ്ധം) ഓണ്‍ ലൈന്‍ അപേക്ഷക്കുള്ള അവസരമൊരുക്കാന്‍ നിര്‍ദേശം നല്‍കി. പ്രവേശനം അംഗീകരിക്കണമെങ്കില്‍, ഈ കോളജുകളിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക, അതില്‍ യോഗ്യരായവരുടെ പട്ടിക, പ്രവേശനം നേടിയവരുടെ പട്ടിക, ഒഴിവാക്കപ്പെട്ടവരുടെ പട്ടിക, പ്രവേശനം ലഭിച്ചിട്ടും ചേരാതിരുന്നവരുടെ പട്ടിക തുടങ്ങിയവയൊക്കെ ഹാജരാക്കണമായിരുന്നു. പലകുറി ആവശ്യപ്പെട്ടിട്ടും ഇതൊന്നും ഹാജരാക്കാന്‍ പ്രസ്തുത മെഡിക്കല്‍ കോളജുകളുടെ മാനേജുമെന്റുകള്‍ തയ്യാറായില്ല. ആ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കാന്‍ ജെയിംസ് കമ്മിറ്റി തീരുമാനിച്ചത്. ഇപ്പറഞ്ഞ പട്ടികകളൊന്നും ഹാജരാക്കാന്‍ കോളജുകള്‍ക്ക് സാധിക്കാതിരുന്നത്, തലവരി വാങ്ങി സീറ്റുകള്‍ വിറ്റതുകൊണ്ടാണെന്ന് വ്യക്തം. തലവരി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ജയിംസ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി ‘സുരക്ഷിത’മാക്കാന്‍ നിയമം കൊണ്ടുവരാന്‍ മിനക്കെട്ടിറങ്ങിയവരാരും ഇതുവരെ തലവരിയെക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ത്തിയതേയില്ല.

സ്വാശ്രയ കോളജുകളില്‍ നടക്കുന്നത് കച്ചവടമാണെന്നും എന്‍ജിനീയറിംഗ് സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികളെ കിട്ടുന്നത് വല്ലാതെ കുറഞ്ഞതോടെ മെഡിക്കല്‍ സീറ്റുകളുടെ വില കുത്തനെ കൂടിയെന്നും ഫീസ് നിശ്ചയിക്കുന്നത് പോലും കോഴയായി മറിയുന്ന തുകയുടെ അടിസ്ഥാനത്തിലാണെന്നുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തലവരി വാങ്ങിയെന്ന പരാതി എല്ലാ കൊല്ലവും ഉയരാറുമുണ്ട്. ഒരു പരാതിയില്‍പ്പോലും ഇതുവരെ അന്വേഷണമുണ്ടായില്ല. കരുണയിലും കണ്ണൂരും മാത്രമല്ല, സ്വാശ്രയത്തിലാകെ ഇതു തന്നെയാണ് നടക്കുന്നത്. അതില്‍ കൈയടക്കം കാട്ടാന്‍ മറ്റ് മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ക്ക് സാധിക്കുന്നുവെന്ന് മാത്രം.

180 വിദ്യാര്‍ത്ഥികള്‍ക്കായി നിയമം കൊണ്ടുവരാന്‍ മെനക്കെട്ട ഭരണ – പ്രതിപക്ഷ സഖ്യം, 2016 -17 സീസണില്‍ വിലപേശിയുറപ്പിച്ച ഫീസിന് പ്രവേശനം നടത്താന്‍ കരുണ – കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ (തലവരിയൊഴിവാക്കി) അവസരംലഭിക്കുമായിരുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് ഓര്‍ക്കുന്നതേയില്ല. അവര്‍ക്ക് നിഷേധിക്കപ്പെട്ട അവസരം പണം കൊടുത്ത് പിടിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ ക്രമക്കേടിനെ അംഗീകരിക്കുക മാത്രമല്ല, അനീതിക്ക് കൂട്ടുനില്‍ക്കുക കൂടിയാണ് ഇവര്‍. തലവരി കൊടുക്കാനില്ലാത്തതിനാല്‍ സീറ്റ് നഷ്ടപ്പെടുന്നവര്‍ ഇനിയുമുണ്ടാകും. അതൊഴിവാക്കാനുള്ള നടപടികളെന്തെങ്കിലും ആലോചിക്കാന്‍ ഈ സഖ്യത്തിന് തോന്നുന്നുമില്ല. ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപ്പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലേ പ്രവേശനം നടത്താനാകൂ എന്നത്, തലവരി സാധ്യതയെ ഒരു പരിധിവരെ കുറക്കുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല. പക്ഷേ, അതിനുള്ളില്‍ നിന്ന് ചെയ്യാവുന്നതൊക്കെ സ്വാശ്രയ മാനേജുമെന്റുകള്‍ ചെയ്യുമെന്നുറപ്പ്.

ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ കൂടി ഉദ്ദേശിച്ചാണ് ഇ ടി മുഹമ്മദ് ബഷീറും എം എ ബേബിയും വിദ്യാഭ്യാസ മന്ത്രിമാരായിരിക്കെ സ്വകാര്യ – സ്വാശ്രയ കോളജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കാന്‍ വ്യവസ്ഥ ചെയ്തുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. ആ നിയമങ്ങളൊക്കെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണാവകാശത്തിലുള്ള കൈകടത്തലായി വ്യാഖ്യാനിച്ച് റദ്ദാക്കിയത് കോടതികളാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫീസും മറ്റ് വ്യവസ്ഥകളും ചോദ്യം ചെയ്ത് ഹരജിയുമായെത്തിയാല്‍ മാനേജുമെന്റുകള്‍ക്ക് പരമാവധി ആനുകൂല്യം പ്രദാനം ചെയ്യും വിധത്തില്‍ വിധി പുറപ്പെടുവിക്കുന്നതും ഇതേ കോടതികളാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പഠനം തുടരട്ടെ എന്ന് വിധിക്കുന്നതും അപൂര്‍വമായെങ്കിലുമുണ്ടായിട്ടുണ്ട്. മേല്‍പ്പറഞ്ഞ ഭരണ – പ്രതിപക്ഷ അവിശുദ്ധ സഖ്യത്തിന് മാത്രമല്ല, സ്വാശ്രയ വ്യവസായാന്തരീക്ഷം ഭംഗിയായി നിലനിര്‍ത്തുന്നതില്‍ പങ്ക് എന്ന് ചുരുക്കം. അതില്‍ എവിടെയൊക്കെ പണം മറിയുന്നുവെന്ന് മാത്രമേ ജനത്തിന് അജ്ഞാതമായുള്ളൂ. ആകയാല്‍ ഇപ്പോഴുണ്ടായ ഭരണ – പ്രതിപക്ഷ സഖ്യത്തിലുമുണ്ടാകണം കോഴപ്പണത്തിന്റെ മണം. പറഞ്ഞത് ബെന്നി ബഹനനായിപ്പോയെന്നതു കൊണ്ട് മാത്രം ആ മണമില്ലെന്ന് പറയാനാകില്ല.

കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലുള്ള സ്ഥാപനങ്ങളില്‍ സ്വാശ്രയ കോഴ്‌സുകളും തുടങ്ങാന്‍ പോണേ, മഹത്തായ പാരമ്പര്യമുള്ള പൊതുവിദ്യാഭ്യാസ മേഖല തകരുമേ, രണ്ട് തരം വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ രണ്ട് തരം പൗരന്‍മാരുണ്ടാകുമേ, വിദ്യാഭ്യാസക്കച്ചവടം കൊഴുക്കാന്‍ പോകുന്നേ എന്ന ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെയും അവരുടെ അധ്യാപക, വിദ്യാര്‍ഥി പോഷക സംഘടനകളുടെയും നിലവിളി അത്രകാലം പഴകിയിട്ടൊന്നുമില്ല. കേരളത്തില്‍ വേണ്ടത്ര അവസരമില്ലാത്തതിനാല്‍ കുട്ടികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ പോകേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ച് എ കെ ആന്റണിയുടെയും കൂട്ടരുടെയും വിലാപമുയര്‍ന്നതിനും വലിയ കാലപ്പഴക്കമില്ല. രണ്ട് കൂട്ടരുമിപ്പോള്‍ ഒരേ തോണിയിലായിരിക്കുന്നുവെന്ന വ്യത്യാസമുണ്ട്. അപ്പോള്‍ ആന്റണി പറയുന്നു, കരുണക്കും കണ്ണൂരിനും വേണ്ടി നിയമം കൊണ്ടുവന്നത് ശരിയായില്ലെന്ന്! രണ്ട് സ്വാശ്രയ കോളജ് സമം (ആന്റണിയുടെ ഭാഷയില്‍ ശമം) ഒരു സര്‍ക്കാര്‍ കോളജ് എന്ന് അന്തകാലം ആവേശം കൊണ്ട ആന്റണിക്ക് സ്വാശ്രയ കോളജുകളാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ കോളജുകളെന്നും അതുകൊണ്ടാണ് നിയമം കൊണ്ടുവന്ന് രക്ഷിക്കാന്‍ ശ്രമിച്ചതെന്നും മനസ്സിലാകാഞ്ഞിട്ടാണോ? അതോ മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടിക്കുന്നതാണോ?