‘മൊബൈല്‍ ക്രഷ് ‘ഇനി എല്ലാ ജില്ലയിലും

  • അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് പകല്‍സമയ പരിചരണം
  • പ്രവേശനം ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക്
Posted on: April 7, 2018 6:25 am | Last updated: April 6, 2018 at 11:53 pm

കൊച്ചി: അതിഥി തൊഴിലാളികളുടെ ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ പകല്‍ സമയ പരിചരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മൊബൈല്‍ ക്രഷ് എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനിച്ചു. നിര്‍മാണ മേഖലയിലുള്‍പ്പെടെ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായി എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മൊബൈല്‍ ക്രഷിന്റെ മാതൃകയിലാണ് എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന കൊച്ചി നഗരസഭക്ക് കീഴിലുള്ള ഐലന്റ് നോര്‍ത്തിലെ അങ്കണ്‍വാടിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആദ്യ മൊബൈല്‍ ക്രഷ് വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം എല്ലാ ജില്ലകളിലും മൊബൈല്‍ ക്രഷ് ആവിഷ്‌കരിക്കുക. ഇതിനായി 112 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

ആദ്യ ഘട്ടം ഓരോ ജില്ലകളിലും ഒന്ന് എന്ന തോതിലാണ് കുട്ടികളുടെ പകല്‍സമയ പരിചരണ കേന്ദ്രങ്ങള്‍ തുറക്കുക. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് മൊബൈല്‍ ക്രഷിന്റെ പ്രവര്‍ത്തന സമയം. കുട്ടികളെ വീട്ടില്‍ നിന്ന് ക്രഷില്‍ കൊണ്ടുവരുന്നതിനും തിരികെ വീടുകളിലെത്തിക്കുന്നതിനും വാഹന സൗകര്യമുണ്ടാകും. ക്രഷ് ജീവനക്കാരുടെ പൂര്‍ണമായ മേല്‍നോട്ടത്തിലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.

കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥല സൗകര്യം, കളിപ്പാട്ടങ്ങള്‍, വിശ്രമിക്കാനുമുള്ള സൗകര്യം എന്നിവ സജ്ജീകരിക്കും. ഒരു വയസ്സിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് രാവിലെ അമൃതം ന്യൂട്രീമിക്‌സ്, പുട്ട്, ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, മുട്ട, പാല്‍ തുടങ്ങിയ പോഷകാഹാരങ്ങള്‍ നല്‍കും. ഉച്ചഭക്ഷണമായി കഞ്ഞിയും പയറും വൈകുന്നേരങ്ങളില്‍ ഉപ്പുമാവ്, പായസം തുടങ്ങി കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയിലുള്ള ഭക്ഷണക്രമം ക്രഷില്‍ നടപ്പിലാക്കും. കുട്ടികളുടെ സമഗ്ര വികാസം സാധ്യമാക്കുന്ന രീതിയിലാണ് പരിചരണ ശൈലി നടപ്പാക്കുക. 25 കുട്ടികളെ പ്രവേശിപ്പിക്കുന്ന ക്രഷിന് നാല് ജീവനക്കാര്‍ക്കാണ് ചുമതല നല്‍കുന്നത്.