Connect with us

Kerala

സര്‍ക്കാറിന്റെ 'ഇടം' പാര്‍പ്പിട പദ്ധതി യു എന്നില്‍ അവതരിപ്പിക്കാന്‍ ക്ഷണം

Published

|

Last Updated

തിരുവനന്തപുരം: ഭവന നിര്‍മാണം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുണ്ടറയില്‍ തുടക്കമിട്ട ഇടം വിഷന്‍-2030 പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടി കെ എം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ തയാറാക്കിയ ഭവന പദ്ധതിയുടെ മോഡലിനാണ് അംഗീകാരം ലഭിച്ചതെന്ന് ഇടം ചെയര്‍പെഴ്‌സണ്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഈ മാസം 10ന് യു എന്‍ ആസ്ഥാനത്ത് നടക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും എന്ന രാജ്യാന്തര സമ്മേളനത്തില്‍ പദ്ധതി അവതരിപ്പിക്കുന്നതിനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

ടി കെ എം കോളജിലെ യു എന്‍ ചാപ്റ്ററാണ് ഇടം പ്രൊജക്റ്റുമായി ചേര്‍ന്ന് ചെലവ് ചുരുക്കിയുള്ള ഭവന നിര്‍മാണ പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. സാങ്കേതികമായി മികച്ചുനില്‍ക്കുന്ന ദൃഢതയുള്ള മോഡലാണ് വിദ്യാര്‍ഥികള്‍ രൂപപ്പെടുത്തിയത്. ഒരു സെന്റില്‍ 400 ചതുരശ്ര അടിയുള്ള വീടിന് നാല് ലക്ഷം രൂപയാണ് ചെലവ് വരിക. പദ്ധതിയുടെ ക്വാളിറ്റി പരിശോധനയിലടക്കം തൃപ്തിയറിച്ച യു എന്‍ അധികൃതര്‍ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതിനൊപ്പം കുണ്ടറയില്‍ നടന്നുവരുന്ന ജലസംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളും യുഎന്‍ പരിഗണിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനൊപ്പം ടി കെ എം എന്‍ജിനിയറിംഗ് കോളജ് സ്റ്റുഡന്റ്‌സ് ചാപ്റ്ററും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, കൊല്ലം ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ എന്നിവരും പങ്കെടുക്കും. പദ്ധതിയുടെ നിര്‍വഹണം ജില്ലാ കലക്ടര്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പദ്ധതി സ്വീകാര്യമായാല്‍ യു എന്‍ ധനസഹായമടക്കം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്രസമ്മേളനത്തില്‍ ടി കെഎം എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് അയ്യൂബ്, പ്രൊജക്ട് അഡൈ്വസര്‍ മുഹമ്മദ് അസീം പങ്കെടുത്തു.

 

Latest