Connect with us

Kerala

സ്ത്രീസ്വാതന്ത്ര്യ ചര്‍ച്ചകള്‍ വഴിമാറരുത്: കാന്തപുരം

Published

|

Last Updated

പാരിപ്പള്ളി സുബുലുസ്സുന്ന ദര്‍സ് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

കൊല്ലം/പാരിപ്പള്ളി: സ്ത്രീ സ്വാതന്ത്ര്യ ചര്‍ച്ചകള്‍ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിക്കുകയോ പ്രചരിപ്പിക്കികയോ ചെയ്യരുതെന്നും സ്ത്രീകള്‍ക്ക് ഏറ്റവും സ്വാതന്ത്ര്യവും സ്വത്തവകാശവും നല്‍കിയ മതമാണ് ഇസ്‌ലാമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സ്ത്രീകളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു കാലത്താണ് ഇസ്‌ലാം ഇത് പ്രഖ്യാപിച്ചതെന്നും സ്ത്രീ സുരക്ഷക്കാവശ്യമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് തന്നെയാണ് മതത്തിന്റെ പക്ഷമെന്നും കാന്തപുരം പറഞ്ഞു. സുബുലുസ്സുന്ന ദര്‍സ് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറിവിന്റെ കേന്ദ്രങ്ങള്‍ ഇനിയും ഉയര്‍ന്നുവരണം. മാതൃകാ യോഗ്യരായ പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ ദര്‍സുകളും മത പാഠശാലകളും അനിവാര്യമാണ്. പ്രവാചകന്‍ മദീനയില്‍ ആരംഭിച്ച വിജ്ഞാനരീതിയുടെ തുടര്‍ച്ചയാണ് പള്ളികള്‍ കേന്ദ്രീകരിച്ച ദര്‍സ് സംവിധാനങ്ങളെന്ന് കാന്തപുരം കൂട്ടിച്ചേര്‍ത്തു. എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം നിര്‍വഹിച്ചു. പി എ ഐദറൂസ് മുസ്‌ലിയാര്‍, അഹ്മദ് ശരീഫ് ഫൈസി, മുഹമ്മദ് ഫാറൂഖ് നഈമി എന്നിവരെ വേദിയില്‍ ആദരിച്ചു. സാന്ത്വന വിതരണ ഉദ്ഘാടനം കാന്തപുരം നിര്‍വഹിച്ചു.

കെ പി അബൂബക്കര്‍ ഹസ്‌റത്ത്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, വി ജോയ് എം എല്‍ എ, വര്‍ക്കല കഹാര്‍, എന്‍ ഇല്യാസ്‌കുട്ടി, സൈഫുദ്ദീന്‍ ഹാജി, പി എ മുഹമ്മദ്കുഞ്ഞി സഖാഫി, സയ്യിദ് മുഹ്‌സിന്‍കോയ തങ്ങള്‍, നൈസാം സഖാഫി, ആശിഖ് തങ്ങള്‍, ബി ശാലി, മണപ്പള്ളി ഹംസ സഖാഫി, മാന്നാര്‍ അബ്ദുല്ലത്വീഫ്, പി എ ശാജഹാന്‍ മാന്നാര്‍, നേമം സിദ്ദീഖ് സഖാഫി, മുഹമ്മദ് ഫൈസി, നജ്മുദ്ദീന്‍ അമാനി, അബ്ദുല്‍ ഹക്കീം സഅദി, കെ പി മുഹമ്മദ് ശഫീഖ് മുസ്‌ലിയാര്‍, മുഹമ്മദ് ഹുസൈന്‍ നിസാമി സംസാരിച്ചു.

 

Latest