Connect with us

International

അഴിമതി കേസില്‍ ദ.കൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

Published

|

Last Updated

സിയോള്‍: ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്വന്‍ ഹെക്ക് കോടതി 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. അഴിമതി കേസില്‍ ആരോപണവിധേയരായ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വ്യത്യസ്ത അഴിമതി കേസുകള്‍, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളിലാണ് കോടതിയുടെ വിധി. 24 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് പുറമെ 16 മില്യന്‍ ഡോളറിന്റെ പിഴയും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയുണ്ടായിരുന്ന രണ്ട് അഴിമതി കേസുകളില്‍ കോടതി ഇവരെ നേരത്തെ കുറ്റവിമുക്തയാക്കിയിരുന്നു. ഇവരെ ജയിലിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍ 24 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കുമ്പോള്‍ പാര്‍ക് ഗ്വന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ജയിലില്‍ തന്നെയാണുള്ളത്. കേസുകളില്‍ ഭൂരിഭാഗത്തിലും കോടതികളില്‍ വാദം കേള്‍ക്കാന്‍ പാര്‍ക് ഗ്വന്‍ ഹാജരായിരുന്നില്ല. അഴിമതി കേസില്‍ വിചാരണ നേരിടുന്ന ദക്ഷിണ കൊറിയയുടെ മൂന്നാമത്തെ വലിയ നേതാവാണ് ഇവര്‍. 2016 ഡിസംബറില്‍ ഇവരെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് പാര്‍ലിമെന്റ് മുതിര്‍ന്നുവെങ്കിലും അധികാരമൊഴിയാന്‍ പാര്‍ക് ഗ്വന്‍ ഹെ വിസമ്മതിച്ചു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം എട്ടംഗങ്ങളുള്ള ഭരണഘടനാ കോടതി ഇവരെ അധികാരത്തില്‍ നിന്നിറക്കാന്‍ ഉത്തരവിടുകയായിരുന്നു.