Connect with us

International

മുന്‍ ചാരന് വിഷപ്രയോഗമേറ്റ സംഭവം ബ്രിട്ടന്‍ തീക്കൊണ്ട് കളിക്കുന്നു: റഷ്യ

Published

|

Last Updated

മോസ്‌കോ: മുന്‍ റഷ്യന്‍ ചാരന് വിഷപ്രയോഗമേറ്റ സംഭവത്തില്‍ ബ്രിട്ടന്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന് വീണ്ടും റഷ്യയുടെ മുന്നറിയിപ്പ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ റഷ്യന്‍ അംബാസിഡര്‍ വാസിലി നെബെന്‍സിയ ആണ് ബ്രിട്ടനെതിരെ മുന്നറിയിപ്പിന്റെ ഭാഷയില്‍ സംസാരിച്ചത്. മുന്‍ചാരന്‍ സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും വിഷപ്രയോഗമേറ്റ് ഗുരുതര സ്ഥിതിയില്‍ തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ തന്നെയായിരുന്നു സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്. നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കുന്ന നടപടി തുടരുന്നതിനിടെയാണ് ബ്രിട്ടന് ശക്തമായ മുന്നറിയിപ്പ് നല്‍കി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് പറയേണ്ടതെന്ന് പോലും തനിക്കറിയില്ല. ഇതൊരു തരം നാടകം പോലെ തോന്നുന്നു. എന്നാല്‍ മികച്ചൊരു വ്യാജ കഥയുമായി ഈ നാടകം അവതരിപ്പിക്കാമായിരുന്നു. തീക്കൊണ്ടാണ് ബ്രിട്ടന്‍ ഇപ്പോള്‍ കളിക്കുന്നതെന്ന് സുഹൃദ് രാജ്യമായ ബ്രിട്ടനോട് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതിന്റെ പേരില്‍ ആ രാജ്യം ഖേദിക്കേണ്ടിവരികയും ചെയ്യും- റഷ്യന്‍ അംബാസിഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു.

സംഭവത്തെ കുറിച്ച് സംയുക്ത അന്വേഷണമാകാമെന്ന് നേരത്തെ റഷ്യ അറിയിച്ചിരുന്നുവെങ്കിലും ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആ രാജ്യത്തിന്റെ തന്ത്രമാണ് ഇതെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡര്‍ റഷ്യക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. നേരത്തെ വ്യക്തമാക്കിയത് പോലെ, ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് റഷ്യയാണെന്നും ആ രാജ്യത്തിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ഇപ്പോഴും ആവര്‍ത്തിക്കുന്നതായി അമേരിക്കന്‍ അംബാസിഡര്‍ കെല്ലി കറി ചൂണ്ടിക്കാട്ടി.

അതിനിടെ, സെര്‍ജി സ്‌ക്രിപാലിന്റെ മകള്‍ യൂലിയയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായി ലണ്ടന്‍ പോലീസ് പറഞ്ഞു. എന്നാല്‍ സ്‌ക്രിപാലിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

വിഷപ്രയോഗ വിഷയത്തില്‍ ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്രപ്രതിനിധികളെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി, ഈ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ റഷ്യയും പുറത്താക്കിയിരുന്നു.