ദളിതര്‍ ഇറങ്ങിയത് തെരുവിലേക്ക് മാത്രമല്ല

പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൊണ്ടുവന്ന നിയമം നേര്‍പ്പിച്ച സുപ്രീം കോടതി വിധിയോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയ നിസ്സംഗത, ഈ നീതിനിഷേധങ്ങളുടെ തുടര്‍ച്ചയായി അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനോട് പ്രതികരിക്കാന്‍ ദളിത് സംഘടനകള്‍ യോജിച്ചിറങ്ങിയത്, വെറും തെരുവിലിറങ്ങലല്ല, മറിച്ച് രാഷ്ട്രീയ യുദ്ധത്തിന്റെ മറ്റൊരു മുഖം തുറക്കലാണ്. അത് ആദ്യം തിരിച്ചറിഞ്ഞത്, സംഘ്പരിവാരം തന്നെയാണ്. അതുകൊണ്ടാണ് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ സംഘ്പരിവാര പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. അക്രമോത്സുകമായ പ്രതികരണമുണ്ടായെന്ന് പരമോന്നത കോടതിക്ക് ബോധ്യപ്പെടുന്നതോടെ മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്താനുള്ള സാധ്യത മങ്ങും. അതങ്ങനെ തന്നെ സംഭവിക്കുമെന്നാണ് പരമോന്നത കോടതിയില്‍ നിന്ന് പിന്നീട് വന്ന അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നതും.
Posted on: April 7, 2018 6:00 am | Last updated: April 6, 2018 at 10:42 pm

പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ് സര്‍ക്കാറാണ് പ്രാബല്യത്തിലാക്കിയത്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കിയതും വി പി സിംഗ് സര്‍ക്കാറായിരുന്നു. ഈ രണ്ട് നടപടികളും രാജ്യത്തെ അധസ്ഥിത വിഭാഗങ്ങളെ ശാക്തീകരിക്കുക മാത്രമല്ല ചെയ്തത്, ഇവരെയാകെ ബ്രാഹ്മണ മേധാവിത്വത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വ ശൃംഖലയില്‍ ചേര്‍ത്ത്, അധികാരത്തിലേക്കുള്ള യാത്രക്ക് വേഗം കൂട്ടാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ തടയുക കൂടിയാണ് ചെയ്തത്.

രാമക്ഷേത്ര നിര്‍മാണമെന്ന അജന്‍ഡ ഉയര്‍ത്തി, വര്‍ഗീയത വളര്‍ത്താനും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഉറപ്പിക്കാനുമാണ് സംഘ്പരിവാര്‍ ഉദ്യമിക്കുന്നതെന്ന് വേഗത്തില്‍ തിരിച്ചറിഞ്ഞ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനം കൂടിയായി വേണം ഈ തീരുമാനങ്ങളെ കാണാന്‍. അയോധ്യയിലെ ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്ത്, അതിക്രമിച്ച് കയറി സ്ഥാപിച്ച വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുവാദം നല്‍കി, മൃദുഹിന്ദുത്വത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്ര ഹിന്ദുത്വയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനയെ ഇല്ലാതാക്കുക എന്നത് കൂടിയായിരുന്നു വി പി സിംഗ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. അതില്‍ അദ്ദേഹം കൈവരിച്ച നേട്ടമാണ്, ബി ജെ പിക്ക് പാര്‍ലിമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷമെന്ന സംഘ്പരിവാര്‍ ലക്ഷ്യം ഇപ്പോഴും വിദൂരമായി തുടരാന്‍ കാരണം (നിലവില്‍ ലോക്‌സഭയില്‍ മാത്രമേ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുള്ളൂ).

പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ സുപ്രീം കോടതി കൊണ്ടുവന്ന നിയന്ത്രണങ്ങളെയും അതിനോടുയര്‍ന്ന തീവ്രമായ പ്രതികരണത്തെയും ഈ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം കാണാന്‍. അതുകൊണ്ട് തന്നെ ഇത് കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരായ സമരം മാത്രമല്ല, ദളിതുകള്‍ ആക്രമിക്കപ്പെടുകയും അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് മേല്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയില്‍ നീതിന്യായ സംവിധാനം കൂടി തങ്ങള്‍ക്കെതിരെ തിരിയുന്നുവെന്ന തോന്നലില്‍ നിന്നുയര്‍ന്ന പ്രതിരോധം കൂടിയാണ്. ആ നിലക്ക് രാജ്യത്ത് നിലനില്‍ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ പുറംതള്ളുക എന്ന പരോക്ഷമായ ഉദ്ദേശ്യം കൂടി ഈ സമരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

നിയമം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം. ദുരുപയോഗം ചെയ്യുന്നത് പട്ടിക വിഭാഗക്കാര്‍ തന്നെയാകണമെന്നില്ലെന്നും പോലീസും സ്വകാര്യ വ്യക്തികളും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി നിയമം ഉപയോഗിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത് എന്നും കോടതി വിശദീകരിച്ചിട്ടുമുണ്ട്. പക്ഷേ, പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം സംബന്ധിച്ച പരാതിയില്‍, വ്യക്തമായ തെളിവുകളുണ്ടോ എന്ന് പരിശോധിച്ച്, പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോ എന്ന് വിലയിരുത്തിയ ശേഷം മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. മേലുദ്യോഗസ്ഥനെതിരെയാണ് പരാതിയെങ്കില്‍, ഡെപ്യൂട്ടി സൂപ്രണ്ട് പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി ഉത്തരവിട്ടു. അറസ്റ്റിന് നിയമന അധികാരിയുടെ അനുമതി വാങ്ങുകയും വേണം. ജാതി ഇപ്പോഴും ശക്തമായി തുടരുന്ന വ്യവസ്ഥയില്‍ ദളിതുകള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയുന്നതില്‍ പ്രധാന പങ്കുണ്ടായിരുന്നു, പരാതി ഉണ്ടായാല്‍ പ്രത്യേകിച്ച് അന്വേഷണമൊന്നും നടത്താതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥക്ക്. പരാതി ഗൗരവമുള്ളതാണെങ്കില്‍ അത് ജാമ്യമില്ലാത്ത കേസായി മാറുകയും ചെയ്യുമായിരുന്നു. ഇതിലും വെള്ളം ചേര്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കേസല്ലെന്ന് തോന്നിയാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഈ നിയന്ത്രണങ്ങള്‍ 1989ലെ നിയമത്തെ നോക്കുകുത്തിയാക്കുന്നതാണെന്ന് വിധി പുറത്തുവന്നപ്പോള്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടിരുന്നു. പുനപ്പരിശോധനാ ഹരജി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുനപ്പരിശോധനാ ഹരജി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയതാണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് തെരുവിലേക്കിറങ്ങാന്‍ വിവിധ ദളിത് സംഘടനകളെ നിര്‍ബന്ധിതരാക്കിയത്. പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം, നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി മാത്രം സംഭവിച്ചതാണോ? അതോ നിയമത്തില്‍ വെള്ളം ചേര്‍ക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെയും സംഘ്പരിവാറിന്റെയും ഇംഗിതം കാലതാമസമുണ്ടാക്കിയോ?

പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്ത് ഡോ. മഹാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദത്തിന് ബലം നല്‍കുന്നതിന് 2016ലെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് ഡോ. മഹാജന്‍ ഹാജരാക്കി. പട്ടിക വിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പിന്‍വലിക്കപ്പെടുകയോ ഒത്തുതീര്‍പ്പാക്കപ്പെടുകയോ കള്ളപ്പരാതിയാണെന്ന് കണ്ടെത്തപ്പെടുകയോ ചെയ്തുവെന്നായിരുന്നു ഡോ. മഹാജന്റെ വാദം. ഈ വാദം കോടതിയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ 2015ലെ കണക്കുകള്‍ കൂടി കോടതിക്ക് മുമ്പാകെ ഹാജരാക്കി. 2015ല്‍ രജിസ്റ്റര്‍ ചെയ്ത പരാതികളില്‍ 16 ശതമാനത്തിലും പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. 2015ല്‍ രാജ്യത്തെ വിവിധ കോടതികള്‍ പരിഗണിച്ച കേസുകളില്‍ 75 ശതമാനത്തിലും പ്രതികള്‍ വിട്ടയക്കപ്പെടുകയോ കേസ് പിന്‍വലിക്കപ്പെടുകയോ ആയിരുന്നുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ എസ് ജി) അറിയിച്ചു. ഹരജിക്കാരന്റെ വാദത്തിന് ബലമേകുന്ന നിലപാടാണ് സുപ്രീം കോടതിയില്‍ എ എസ് ജി സ്വീകരിച്ചത് എന്ന് ചുരുക്കം. നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി, സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് നിയമനിര്‍മാണത്തിനുള്ള പാര്‍ലിമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് ദുര്‍ബലമായി ചൂണ്ടിക്കാട്ടിയ എ എസ് ജി, വ്യാജ പരാതികള്‍ നല്‍കിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേസെടുക്കാന്‍ അനുവാദം നല്‍കി 2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് തോന്നുന്ന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായമെന്നും എ എസ് ജി അറിയിച്ചിരുന്നു. കേസ് പരിഗണിക്കവെ ഹരജിക്കാരന്റെ ആവശ്യത്തെ പരോക്ഷമായി പിന്തുണച്ച കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കാന്‍ വൈകിയതില്‍ അത്ഭുതമില്ല.

പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സംരക്ഷണ കവചത്തില്‍, നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന കാരണത്താല്‍, വിള്ളലുണ്ടാക്കുമ്പോള്‍ സവര്‍ണാധികാരഘടനയില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളെ ചോദ്യംചെയ്യാനുള്ള അധികാരം പരിമിതപ്പെടുകയാണ്. അങ്ങനെ പരിമിതപ്പെടുമ്പോള്‍ സവര്‍ണാധികാരത്തെ ഭയക്കുന്ന അവസ്ഥയിലേക്ക് പട്ടിക വിഭാഗങ്ങള്‍ തിരികെ എത്തും. അത്തരമൊരു അവസ്ഥയില്‍ മാത്രമേ തങ്ങളുടെ അജന്‍ഡകളുടെ വാഹകരായി ഇക്കൂട്ടര്‍ പൂര്‍ണമായി മാറൂ എന്ന് നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാരവും വിശ്വസിക്കുന്നുണ്ട്. ഇതേ കാരണങ്ങളാലാണ് സംവരണം അവസാനിപ്പിക്കണമെന്നോ നിലവിലെ രീതി പുനപ്പരിശോധിക്കണമെന്നോ ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. നിയമത്തിന്റെ ദുരുപയോഗം സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ അതുമാത്രം കണക്കിലെടുത്തല്ല, സാമൂഹികാന്തസ്സിന്റെ പ്രശ്‌നം കൂടി ഉള്‍ക്കൊള്ളുന്ന നിയമത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സാമൂഹിക മാറ്റമെന്ന ഉദ്ദേശ്യം കണക്കിലെടുക്കാതെ, സുപ്രീം കോടതി തീരുമാനമെടുക്കുമ്പോള്‍, സവര്‍ണാധികാരത്തിന്റെ അജന്‍ഡകള്‍ക്ക് വിധേയപ്പെടുകയാണ് കോടതിയെന്ന് കരുതേണ്ടിവരും. അങ്ങനെയുള്ള വിധേയപ്പെടലുകളുണ്ടെന്നും ബാഹ്യശക്തികളുടെ താത്പര്യങ്ങളനുസരിച്ചുള്ള വിധികള്‍ പുറപ്പെടുവിക്കാന്‍ പാകത്തില്‍ കേസുകള്‍ വീതംവെക്കപ്പെടുന്നുണ്ടെന്നും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഉനയില്‍ തുടങ്ങി മഹാരാഷ്ട്രയിലെ ഭീമ – കൊറേഗാവ് വരെ നീണ്ട ദളിത് പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഈ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായി. അതിനെല്ലാം ഹേതുവായത് സംഘ്പരിവാര്‍ രാഷ്ട്രീയമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ മെഹര്‍ പോരാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഭീമ – കൊറേഗാവില്‍ ഒത്തുചേര്‍ന്ന ദളിതുകളെ ആക്രമിച്ചതില്‍ മുഖ്യ ആസൂത്രകരെ സംരക്ഷിക്കാനാണ് മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ പുനെയിലെത്തിയ ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ മടിച്ചതുമില്ല. ഇത്തരം അതിക്രമങ്ങളും അതിന്‍മേല്‍ നീതി നിഷേധിക്കും വിധത്തിലുള്ള നടപടികളും ആവര്‍ത്തിക്കപ്പെടുന്നത്, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. സുപ്രീം കോടതി വിധിയോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയ നിസ്സംഗത, ഈ നീതിനിഷേധങ്ങളുടെ തുടര്‍ച്ചയായി അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനോട് പ്രതികരിക്കാന്‍ ദളിത് സംഘടനകള്‍ യോജിച്ചിറങ്ങിയത്, വെറും തെരുവിലിറങ്ങലല്ല, മറിച്ച് രാഷ്ട്രീയ യുദ്ധത്തിന്റെ മറ്റൊരു മുഖം തുറക്കലാണ്. അത് ആദ്യം തിരിച്ചറിഞ്ഞത്, സംഘ്പരിവാരം തന്നെയാണ്. അതുകൊണ്ടാണ് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ സംഘ്പരിവാര പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. അക്രമോത്സുകമായ പ്രതികരണമുണ്ടായെന്ന് പരമോന്നത കോടതിക്ക് ബോധ്യപ്പെടുന്നതോടെ മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്താനുള്ള സാധ്യത മങ്ങും. അതങ്ങനെ തന്നെ സംഭവിക്കുമെന്നാണ് പരമോന്നത കോടതിയില്‍ നിന്ന് പിന്നീട് വന്ന അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നതും.