ബാബരി മസ്ജിദ് കേസ് ഉടന്‍ ഭരണഘടനാ ബഞ്ചിന് കൈമാറില്ല

Posted on: April 6, 2018 11:42 pm | Last updated: April 6, 2018 at 11:42 pm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് ഉടന്‍ ഭരണഘടനാ ബഞ്ചിന് കൈമാറില്ലെന്ന് സുപ്രീം കോടതി. ഭരണഘടനാ ബഞ്ചിന് വിടേണ്ട സാഹചര്യം കക്ഷികള്‍ ബോധ്യപ്പെടുത്തണം. വിഷയത്തില്‍ ഇരുകക്ഷികളുടെയും വാദം കേള്‍ക്കുമെന്നും ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഭരണഘടനാ ബഞ്ചിന് വിടേണ്ടതുണ്ടോയെന്ന് ഇരുഭാഗത്തുള്ള കക്ഷികളുടെയും വാദം കേട്ടതിന് ശേഷം മാത്രമേ തീരുമാനിക്കൂവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡാണ് അവശ്യപ്പെട്ടിരുന്നത്.

ബഹുഭാര്യാത്വത്തെ കുറിച്ചുള്ള തര്‍ക്കത്തേക്കാള്‍ പ്രാധാന്യമുള്ള കേസാണ് ബാബരി മസ്ജിദ് കേസെന്നും അതിനാല്‍ കേസ് വിശാല ബഞ്ചിന് വിടണമെന്നും സുന്നി വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. ബഹുഭാര്യാത്വം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഭരണഘടനാ ബഞ്ചിന് വിട്ട നടപടി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറഞ്ഞത്. ബഹുഭാര്യാത്വ കേസ് ഭരണഘടനാ ബഞ്ചിന് വിടാമെങ്കില്‍ ഈ കേസും എന്തുകൊണ്ട് വിട്ടുകൂടെന്ന് അദ്ദേഹം ചോദിച്ചു.

എല്ലാ കക്ഷികളുടെയും അഭിപ്രായം കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയൂവെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളുകയായിരുന്നു. സുപ്രധാനമായ കേസായതിനാല്‍ എല്ലാ കക്ഷികളുടെയും വാദംകേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ബഞ്ചിലെ ജസ്റ്റിസ് അശോക് ഭൂഷണ്‍ മറുപടി നല്‍കി. ഭൂമി തര്‍ക്കം മാത്രമായാകും കേസ് പരിഗണിക്കുകയെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.