പൊതുതിരഞ്ഞെടുപ്പ്: മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

Posted on: April 6, 2018 4:45 pm | Last updated: April 6, 2018 at 7:27 pm

കോലാലംപൂര്‍: മലേഷ്യയില്‍ പൊതുതിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിനായി പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി നജീബ് റസാക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാറിനെതിരെ ഉയര്‍ന്ന വന്‍ അഴിമതിയാരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ നജീബിന് തിരിച്ചടിയാകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനായി രാജാവും രാജ്യത്തിന്റെ തലവനുമായ സുല്‍ത്താന്‍ മുഹമ്മദില്‍നിന്നും അനുമതി നേടിയതായി നജീബ് പറഞ്ഞു.
ദേശീയ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍കൂടി നടക്കാനായി പ്രാദേശിക ഭരണകൂടങ്ങളും പിരിച്ചുവിടും. പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മലേഷ്യന്‍ ഭരണഘടനയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ്മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.