ജനങ്ങളെ ശത്രുരാജ്യക്കാരെ നേരിടുന്നതു പോലെ തല്ലിച്ചതച്ചു: ചെന്നിത്തല

Posted on: April 6, 2018 3:03 pm | Last updated: April 6, 2018 at 7:25 pm

തിരുവനന്തപുരം: ജനങ്ങളുടെ ചോര വീഴ്ത്തിയല്ല വികസനപദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് ഏആര്‍ നഗറില്‍ സംഘര്‍ഷത്തിന് കാരണമായത്.
ദേശീയ പാത വികസനത്തിനായി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അവരെ ശത്രുരാജ്യക്കാരെ നേരിടുന്നതു പോലെയാണ് പോലീസ് തല്ലിച്ചതച്ചത്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ യാതൊരു ദയവുമില്ലാതെ പോലീസ് മര്‍ദിച്ചു. സര്‍വ്വേ നടപടികള്‍ നിര്‍ത്തി വച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ക്കുള്ള ഭൂമി സമാധാനപൂര്‍വം ഏറ്റെടുത്തത് പിണറായി സര്‍ക്കാര്‍ കണ്ടുപഠിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….

ജനങ്ങളുടെ ചോര വീഴ്ത്തിയല്ല വികസനപദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കേണ്ടത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചു അവശരാക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ ഏആര്‍ നഗറിലും സംഘര്‍ഷത്തിന് കാരണമായത്.
ദേശീയ പാത വികസനത്തിനായി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അവരെ ശത്രുരാജ്യക്കാരെ നേരിടുന്നതു പോലെയാണ് പൊലീസ് തല്ലിച്ചതച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ യാതൊരു ദയവുമില്ലാതെ പൊലീസ് മര്‍ദ്ദിച്ചു. പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളിലേക്ക് കടന്നു കയറിയും പൊലീസ് അക്രമം അഴിച്ചു വിട്ടു.
നേരത്തെ കീഴാറ്റൂരിലും കുറ്റിപ്പുറം മുതല്‍ കീഴാറ്റൂര്‍ വരെയുള്ള ദേശീയ പാതയുടെ സ്ഥലം എടുപ്പിലും പിണറായി സര്‍ക്കാര്‍ ഇതേ ധാര്‍ഷ്ട്യമാണ് കാണിച്ചത്. നിരാലംബരായ സാധാരണക്കാരെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കാടത്തത്തിലൂടെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല. വേങ്ങരയില്‍ സര്‍വ്വേ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ക്കുള്ള ഭൂമി സമാധാനപൂര്‍വം ഏറ്റെടുത്തത് പിണറായി സര്‍ക്കാര്‍ കണ്ടുപഠിക്കണം.