മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ്: സര്‍ക്കാറിനെ പരിഹസിച്ച് ജയശങ്കര്‍

Posted on: April 6, 2018 12:43 pm | Last updated: April 6, 2018 at 12:43 pm

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ സര്‍ക്കാറിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഓര്‍ഡിനന്‍സ് സുപ്രീം കോടതിയിലെ രണ്ടു ശുംഭന്മാര്‍ സ്‌റ്റേ ചെയ്‌തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാര്‍ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തില്‍ നിന്ന് ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും പിന്‍മാറുകയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്…..

തോറ്റിട്ടില്ല, തോറ്റിട്ടില്ല
തോറ്റു കൊടുക്കാന്‍ തയ്യാറല്ല…

കണ്ണൂര്‍, കരുണാ സഹായ ഓര്‍ഡിനന്‍സ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാര്‍ സ്‌റ്റേ ചെയ്‌തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തില്‍ നിന്ന് ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും പിന്‍മാറുകയില്ല.

ഓര്‍ഡിനന്‍സേ സ്‌റ്റേ ചെയ്തിട്ടുളളൂ. നിയമസഭ ഐകകണ്ഠന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവര്‍ണര്‍ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാല്‍ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാല്‍ രാജ്ഭവന്‍ ഉപരോധിക്കും. ഗവര്‍ണര്‍ അനുമതി നല്‍കുംവരെ സമരത്തോടു സമരമായിരിക്കും.

ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാര്‍ത്ഥികളെ ജനകീയ ചൈനയില്‍ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സര്‍ക്കാര്‍ വഹിക്കും. പാസായി വരുമ്പോള്‍ സര്‍ക്കാരാസ്പത്രിയില്‍ നിയമിക്കും.

ഇതോടൊപ്പം സുപ്രീം കോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ തകര്‍ക്കാനാണ് ജഡ്ജിമാര്‍ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ സിപിഎം നോട്ടീസ് കൊടുത്തതിന്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.

# കോഴക്കോളേജുകള്‍ക്കൊപ്പം.