പോലീസ് വീട്ടില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍; നിരവധി പേര്‍ക്ക് പരുക്ക്

Posted on: April 6, 2018 11:34 am | Last updated: April 6, 2018 at 9:47 pm

മലപ്പുറം: ദേശീയ പാത വികസന സര്‍വേക്കെതിരായ നാട്ടുകാരുടെ സമരത്തിനിടെ വേങ്ങര എആര്‍ നഗറില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു.

സമരക്കാര്‍ കോഴിക്കോട്- തൃശൂര്‍ പാത ഉപരോധിക്കുകയാണ്. ടയറുകളും മറ്റും കത്തിച്ച് സമരക്കാര്‍ പ്രതിഷേധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സര്‍വേ തടയാന്‍ എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കുണ്ട്. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ലാത്തി വീശിയതെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു.