Connect with us

Kerala

വംശീയ പരാമര്‍ശം: ചിലരെ മാത്രം ഉദ്ദേശിച്ചെന്ന് സാമുവല്‍ റോബിന്‍സണ്‍

Published

|

Last Updated

തിരുവനന്തപുരം: അഭിനയത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വംശീയ പരാമര്‍ശം നടത്തിയ നൈജീരിയന്‍ ചലച്ചിത്ര താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ കേരളത്തോട് മാപ്പ് ചോദിച്ചു. ഞാന്‍ കേരളത്തോട് മാപ്പു ചോദിക്കുന്നു. കേരളം വംശീയ വിവേചനമുള്ള നാടാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ പോയിട്ടുള്ളതില്‍ ഏറ്റവും മികച്ച നാടുകളില്‍ ഒന്നാണ് കേരളം. വര്‍ണ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഞാന്‍ നടത്തിയത് അത്തരം മനോഭാവം കൊണ്ട് നടക്കുന്ന ചില സംവിധായകരെയും നിര്‍മാതാക്കളെയും ഉദ്ദേശിച്ചാണെന്നും സാമുവല്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയും വിഡിയോയിലൂടെയുമാണ് സാമുവല്‍ കേരളത്തോട് മാപ്പുചോദിച്ചത്.

പോസ്റ്റിനോട് ഇത്തരം ആളുകള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങള്‍ കണ്ട് കാണും. പരാമര്‍ശങ്ങളെ അവര്‍ പരിഹാസത്തോടെയാണ് നേരിട്ടത്. എന്നെ അവജ്ഞയോടെ കണ്ടു, എനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ പറഞ്ഞു. അത് സാരമില്ല. കാരണം കേരളത്തിലെ 99 ശതമാനം ആളുകളും നല്ലവരും ദയാലുക്കളും സ്‌നേഹമുള്ളവരുമാണെന്ന് എനിക്കറിയാം. എന്നിങ്ങനെയാണ് സാമുവലിന്റെ കുറിപ്പ്. തുടര്‍ന്ന് പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്ന സാമുവല്‍ വര്‍ണ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഞാന്‍ നടത്തിയത് അത്തരം മനോഭാവം കൊണ്ട് നടക്കുന്ന ചില സംവിധായകരെയും നിര്‍മാതാക്കളെയും മാത്രം ഉദ്ദേശിച്ചാണെന്നും ആവര്‍ത്തിച്ചു. ഒപ്പം ഹാപ്പി അവേഴ്‌സ് എന്റര്‍ടയ്‌ന്മെന്റില്‍ നിന്ന് തനിക്ക് അര്‍ഹമായ തുക ലഭിച്ചുവെന്നും എല്ലാ പ്രശ്‌നങ്ങളും ഒത്തു തീര്‍ന്നുവെന്നും പറഞ്ഞ സാമുവര്‍ പ്രതിഫലത്തില്‍ നിന്ന് ഒരു പങ്ക് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വംശീയതാ വിരുദ്ധ സന്നദ്ധ സംഘടനക്ക് നല്‍കുമെന്നും ഈ പ്രവര്‍ത്തിയില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളോടും അഭ്യര്‍ഥിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അടുത്ത കാലത്ത് പ്രേക്ഷക ശ്രദ്ധ നേടിയ “സുഡാനി ഫ്രം നൈജീരിയ” എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച തനിക്ക് കരാര്‍ ചെയ്ത ഫ്രതിഫലം നല്‍കിയില്ലെന്നും വംശീയതയാണ് ഇതിന് കാരണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചൂണ്ടിക്കാട്ടിയത്.