Connect with us

Editorial

ഓര്‍ഡിനന്‍സും കോടതി വിധിയും

Published

|

Last Updated

സംസ്ഥാന സര്‍ക്കാറിനും പ്രതിപക്ഷത്തിനും ഒരു പോലെ തിരിച്ചടിയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശന പ്രശ്‌നത്തില്‍ ഇന്നലത്തെ സുപ്രീം കോടതി വിധി. രണ്ട് കോളജുകളിലും ക്രമവിരുദ്ധമായി നേടിയ 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തെ സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, കുട്ടികളെ കോളജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷക്കിരുത്തുകയോ ചെയ്യരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. രണ്ട് കോജുകളിലും 2016-17 കാലയളവില്‍ പവേശനം നേടിയ വിദ്യാര്‍ഥികളെ പുറത്താക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബഞ്ച് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ബുധനാഴ്ച നിയമസഭയില്‍ ബില്‍ പാസാക്കിയത് കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ നിയമം ലംഘിച്ചാല്‍ അത് ഗൗരവമേറിയ വിഷയമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയതാണെന്നിരിക്കെ പിന്നെങ്ങനെയാണ് അഡ്മിഷന്‍ കമ്മിറ്റിക്ക് ഇതിന്മേല്‍ തീമാനമെടുക്കാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്ത് മാനുഷിക പരിഗണന വെച്ചാണ് നിയമ സഭ ബില്ലിന് അംഗീകാരം നല്‍കിയതെന്നാണ് സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും വിശദീകരണം. വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തി മാനേജ്‌മെന്റിനെ സഹായിക്കുകയാണ് സര്‍ക്കാറും പ്രതിപക്ഷവുമെന്നാണ് കോടതി നിരീക്ഷണം.

നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ജയിംസ് കമ്മിറ്റി നേരത്തെ റദ്ദാക്കിയതാണ് കരുണ മെഡിക്കല്‍ കോളജിലെയും കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെയും 180 സീറ്റുകളിലേക്കുള്ള പ്രവേശനം. സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാതെ സ്വന്തം നിലക്കാണ് രണ്ട് സ്ഥാപനങ്ങളും പ്രവേശനം നടത്തിയത്. ജയിംസ് കമ്മിറ്റി തീരുമാനത്തിനെതിരെ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കമ്മിറ്റി നിലപാട് ശരിവെക്കുകയായിരുന്നു കോടതി. തുടര്‍ന്നു സുപ്രീം കോടതിയും ഇതേനിലപാട് സ്വീകരിച്ചു. നടപടി ക്രമങ്ങള്‍ പാലിച്ചല്ല രണ്ട് സ്ഥാപനങ്ങളിലും പ്രവേശനം നടന്നതെന്ന് കോടതികളും കണ്ടെത്തിയിരുന്നു. തങ്ങളുടെ വാദത്തെ സാധൂകരിക്കാന്‍ കോളജുകള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും കോടതി വിലയിരുത്തി.

കോളജുകളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് കോടതി വിധികള്‍ മറികടക്കാന്‍ വിദ്യാര്‍ഥികളുടെ പ്രവേശനം സാധൂകരിച്ചു കൊണ്ട് സര്‍ക്കാര്‍ പീന്നീട് ഓര്‍ഡിനന്‍സിറക്കിയത്. ഈ ഓര്‍ഡിനന്‍സിന് നിയമസഭ പ്രതിപക്ഷത്തിന്റെ കൂടെ സഹകരണത്തോടെ ബുധനാഴ്ച അംഗീകാരം നല്‍കുകയും ചെയ്തു. ഓരോ വിദ്യാര്‍ഥിക്ക് വേണ്ടിയും മാനേജ്‌മെന്റ് മൂന്ന് ലക്ഷം രൂപ വീതം ഫീസ് ഒടുക്കണമെന്ന നിബന്ധനയോടെയായിരുന്നു നിയമ നിര്‍മാണം. സുപ്രീം കോടതിയുടെ ഇന്നലത്തെ വിധിയോടെ പ്രതിപക്ഷ പിന്തുണയോടെയുള്ള സര്‍ക്കാറിന്റെ നീക്കങ്ങളെല്ലാം പരാജയപ്പെട്ടിരിക്കയാണ്.

വിദ്യാര്‍ഥികളുടെ പ്രവേശനം സാധൂകരിച്ചു കൊണ്ടുള്ള ബില്ലിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസിന്റെ നിലപാടിന് പാര്‍ട്ടിയില്‍ നിന്ന് കടുത്ത വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം ചോദിച്ചു വാങ്ങിയ നാണക്കേടെന്നാണ് വി എം സുധീരന്‍ കോടതി വിധിയോട് പ്രതികരിച്ചത്. സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനും കൂടിയേറ്റ കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് അഭിപ്രായപ്പെട്ട സുധീരന്‍ താനായിരുന്നു കെപി സി സി പ്രസിഡന്റെങ്കില്‍ പ്രവേശനത്തെ സാധൂകരിക്കുന്ന ബില്ലിനെ അനുകൂലിക്കുന്ന സ്ഥിതി ഉണ്ടാവില്ലായിരുന്നുവെന്ന് വരെ പറയുണ്ടായി. നേരത്തെ കരുണ, അഞ്ചരക്കണ്ടി കോളജുകള്‍ക്കെതിരെ കോടതിയെ സമീപിച്ച് 180 വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയ നടപടിക്കെതിരെ വിധി സമ്പാദിച്ച സര്‍ക്കാര്‍ വിധി അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹ്‌നാന്റെ അഭിപ്രായം.

ബില്ലിനെ പിന്തുണക്കാതിരുന്നുവെങ്കില്‍ സര്‍ക്കാറിനെ അടിക്കാന്‍ നല്ലൊരു ആയുധമാകുമായിരുന്നു കോടതി വിധി പ്രതിപക്ഷത്തിന്. അത്തരമൊരു അവസരം നഷ്ടപ്പെടുത്തിയതില്‍ കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അമര്‍ഷമുണ്ടെന്നാണ് പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ നിലപാടിനെ ശരിവെച്ചു കൊണ്ട് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി പിണറായിക്ക് അയച്ച കത്ത് പുറത്തായത് ബി ജെ പിയെയും വെട്ടിലാക്കി. ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് 2017 ജൂലൈ 12നാണ് കുമ്മനം മുഖ്യമന്ത്രിക്ക് കത്തയച്ചത്. നിയമസഭയില്‍ ബി ജെ പി പ്രതിനിധിയും സര്‍ക്കാറിനെ പിന്തുണക്കുകയായിരുന്നു.

ഒരു കാലത്ത് സ്വാശ്രയകോളജുകള്‍ക്കെതിരെ ശക്തമായി സമരം ചെയ്ത വിഭാഗമാണ് ഇടതുപക്ഷം. സ്വാശ്രയ കോളജുകള്‍ നിലവില്‍ വന്നതോടെ മാനേജ്‌മെന്റുകള്‍ വാങ്ങുന്ന ഉയര്‍ന്ന ഫീസിനും കോഴക്കുമെതിരെയും രൂക്ഷമായ ഭാഷയില്‍ അവര്‍ പ്രതികരിച്ചു. ചില കോളജുകള്‍ ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ സ്വയം തീരുമാനങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ അവരുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടവരും ഇവര്‍ തന്നെയായിരുന്നില്ലേ? ഇപ്പോള്‍ അവര്‍ തന്നെ മാനേജ്‌മെന്റുകളുടെ നടപടികളെ ശരിവെക്കാന്‍ തിടുക്കം കാട്ടുകയാണോ എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം. അതേസമയം, വിദ്യാര്‍ഥികളുടെ ഭാവി എന്നത് അത്ര ചെറിയ കാര്യമല്ലല്ലോ. വിദ്യാര്‍ഥികളോട് മാനുഷികമായ ഒരു സമീപനം കോടതി സ്വീകരിച്ചില്ലെന്ന വാദവും ഇതിന്റെ തുടര്‍ച്ചയാണ്. സ്വാശ്രയ ഫീസ് സംബന്ധിച്ചു സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ഒരു നയം സ്വീകരിച്ചാല്‍ അതംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ കമ്മിറ്റിയെ അവഗണിച്ചും വെല്ലുവിളിച്ചും ഏതെങ്കിലും സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുന്നത് ആശ്വാസ്യമല്ല. ഈ നിലയില്‍ ഓര്‍ഡിനന്‍സും കോടതി വിധിയും പല തരം വായനകള്‍ക്ക് സാധ്യതയുള്ള ഒന്നാണ്.

Latest