കാവേരി: പ്രതിപക്ഷ ബന്ദില്‍ പ്രതിഷേധമിരമ്പി

Posted on: April 6, 2018 6:30 am | Last updated: April 5, 2018 at 11:37 pm
ബന്ദിനെ തുടര്‍ന്ന് ശൂന്യമായ ചെന്നൈയിലെ രാജാജി ശാലൈയിലെ ബര്‍മ ബസാര്‍

ചെന്നൈ: സപ്രീം കോടതി നിര്‍ദേശിച്ച കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത തമിഴ്‌നാട് ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കടകള്‍ മിക്കതും അടഞ്ഞു കിടന്നു. ബസുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്‌തെങ്കിലും സ്ഥാപനങ്ങളുടെ ഷട്ടറുകള്‍ താഴ്ത്തിയും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ജനങ്ങള്‍ പ്രതിപക്ഷ ആഹ്വാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഗതാഗത തടസ്സം സൃഷ്ടിച്ചതിന് നൂറു കണക്കിന് ഡി എം കെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബന്ദനുകൂലികള്‍ നടത്തിയ പ്രകടനം പലയിടത്തും അക്രമാസക്തമായി. പലയിടത്തും സമരക്കാരും പോലീസും ഏറ്റുമുട്ടി.

ആയിരക്കണക്കിന് അനുയായികളുമായി അന്നാ ശാലൈയില്‍ കൂറ്റന്‍ റാലി നടത്താന്‍ ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം മറീനാ ബീച്ചില്‍ സംഗമിച്ചു. ബീച്ചിന് പുറത്ത് പോലീസ് അവരെ തടഞ്ഞെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് ഡി എം കെ, കോണ്‍ഗ്രസ്, എം ഡി എം കെ പ്രവര്‍ത്തകര്‍ സംഗമ വേദിയിലേക്ക് കുതിച്ചു. സ്ഥിതി നിയന്ത്രണതാതീതമാകുമെന്നു വന്നതോടെ സ്റ്റാലിനടക്കമുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെല്ലിക്കട്ട് മോഡല്‍ പ്രതിഷേധം നടത്തി പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ബന്ദിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ കര്‍ണാടക ആര്‍ ടി സി റദ്ദാക്കിയിരുന്നു. മുന്നൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. സേലം വഴി കേരളത്തിലേക്കുള്ള പകല്‍ സര്‍വീസുകളും മുടങ്ങി.

ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും ഡി എം കെ യോഗത്തില്‍ ധാരണയായിരുന്നു. മാര്‍ച്ച് 29നകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡുള്‍പ്പെടെ രൂപവത്കരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയാണെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.

അതേസമയം, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം ആവശ്യപ്പെടുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ കന്നഡ സംഘടനകളും ഇന്നലെ പ്രതിഷേധിച്ചു. തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെയിലേക്ക് സംഘനകള്‍ മാര്‍ച്ച് നടത്തി.