Connect with us

Kerala

വൃക്കരോഗികള്‍ കൂടുന്നു; ആശുപത്രികളില്‍ ആവശ്യത്തിന് ഡയാലിസിസ് ടെക്‌നീഷ്യന്മാരില്ല

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ ആശുപത്രികളില്‍ ആവശ്യത്തിന് ഡയാലിസിസ് ടെക്‌നീഷ്യന്‍മാരില്ലാത്തത് വൃക്കരോഗികളെ ദുരിതത്തിലാക്കുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ സ്ഥിരം നിയമനങ്ങള്‍ നടത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മൂന്ന് ഡയാലിസിസ് യൂനിറ്റുകള്‍ക്കായി ഒരു ടെക്‌നീഷ്യന്‍ വീതം വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമെങ്കിലും ഇതൊന്നും നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്. നിര്‍ധനരോഗികള്‍ അധികവും ഡയാലിസിസിനായി ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയുമാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി ഡയാലിസിസ് യൂനിറ്റുകളുണ്ട്. പക്ഷേ, സ്ഥിരം ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെ എണ്ണം വെറും മൂന്ന് മാത്രം. മെഡിക്കല്‍ കോളജുകളില്‍ തിരുവനന്തപുരത്തും കോട്ടയത്തും മാത്രമാണ് സ്ഥിരം ഡയാലിസിസ് ടെക്‌നീഷ്യമാരുള്ളത്. ഡയാലിസിസ് യൂനിറ്റിലെ ആര്‍ ഒ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതടക്കമുള്ള സുപ്രധാന ജോലികള്‍ കൈകാര്യം ചെയ്യുന്ന ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും പ്രതിസന്ധിക്ക് ആക്കം കുട്ടുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് വൃക്കരോഗികള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഒപ്പം മരണനിരക്കുകളും. ഒരു ലക്ഷം പേരില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആളുകള്‍ വിവിധ വൃക്കരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതായും പഠനങ്ങള്‍ പറയുന്നു. പ്രമേഹവും രക്തസമ്മര്‍ദവുമാണ് വൃക്കരോഗങ്ങളുടെ പ്രധാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം 25 ലക്ഷം പ്രമേഹ രോഗികളാണ് സംസ്ഥാനത്തുള്ളത്. പ്രമേഹം പ്രധാനമായും കണ്ണുകളേയും വൃക്കകളേയുമാണ് ബാധിക്കുന്നത്. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൃക്കരോഗികളുടെ എണ്ണവും കൂടുന്നു. 85 ശതമാനം വൃക്കരോഗികളും വളരെ വൈകിയാണ് ചികിത്സ തേടുന്നത്. ഒരു ലക്ഷം പേരില്‍ 9000 പേര്‍ ഡയാലിസിസിന് ഓരോ വര്‍ഷവും വിധേയമാകുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാത്രം കണക്കെടുത്താല്‍ മാസം മൂന്നോ നാലോ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. നേരത്തെ രോഗം നിര്‍ണയിക്കാത്തതും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും കാരണം വൃക്കരോഗികളുടെ മരണനിരക്ക് കൂടുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃക്ക രോഗികള്‍ ദിനംപ്രതി വര്‍ധിച്ചിട്ടും ഡയാലിസിസ് യൂനിറ്റിന്റെ സുഗമമായ നടത്തിപ്പിന് നടപടി സ്വീകരിക്കാത്ത ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.