കണ്ണൂര്‍ മെഡി. കോളജില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അനിശ്ചിതകാല സത്യഗ്രഹത്തില്‍

Posted on: April 5, 2018 6:25 am | Last updated: April 4, 2018 at 11:49 pm
കണ്ണൂര്‍ മെഡിക്കല്‍ കോളജ് എം ബി ബി എസ് പ്രവേശനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും സത്യഗ്രഹ സമരം ആരംഭിച്ചപ്പോള്‍

ചക്കരക്കല്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജ് എം ബി ബി എസ് പഠനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. 2016- 17 വര്‍ഷത്തെ ബാച്ചിലെ പ്രവേശനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടര്‍ന്ന സാഹചര്യത്തിലാണ് കോളജ് കവാടത്തിന് മുന്നില്‍ സമരം നടത്തുന്നത്.നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് അന്തിമവിധി വരാനിരിക്കെ ഇത് മറികടക്കാന്‍ 118 വിദ്യാര്‍ഥികളുടെ പ്രവേശനം സാധൂകരിച്ച് ഇന്നലെ നിയമസഭ ക്രമവത്കരണ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ മാനേജ്മന്റ് ഇപ്പോഴും ഒളിച്ചോട്ടം നടത്തുകയാണെന്നും സുതാര്യമായ സമീപനമല്ലെന്നും ആരോപിച്ചാണ് ഇന്നലെ രാവിലെ മുതല്‍ സത്യഗ്രഹ സമരം തുടങ്ങിയത്.

150 വിദ്യാര്‍ഥികളായിരുന്നു പ്രവേശനം നേടിയത്. നടപടി ക്രമങ്ങള്‍ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ജെയിംസ് കമ്മിറ്റി ആദ്യം പ്രവേശനം റദ്ദ് ചെയ്തത്. ഇതിനെതിരെ മാനേജ്മന്റ് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കി. എന്നാല്‍ ഇരു കോടതികളും മേല്‍നോട്ട കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയത്. എന്നാല്‍ ഇത് സുപ്രീം കോടതി റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയത് വീണ്ടും അനിശ്ചിതത്വമുണ്ടാക്കി.

ഇന്നലെ 138 കുട്ടികളുടെ പ്രവേശനം സാധൂകരിച്ചുകൊണ്ടാണ് ബില്‍ പാസാക്കിയത്. 15 പേര്‍ നേരത്തെ ടി സി വാങ്ങി മറ്റു കോളജില്‍ ചേര്‍ന്നിരുന്നു. എന്‍ ആര്‍ ഐ സീറ്റില്‍ ചേര്‍ന്ന 19 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ വേണ്ടത്ര സ്വീകാര്യമല്ലെന്നാണ് കണ്ടെത്തിയത്. ഇവരുടെ കാര്യത്തിലും കോളജ് അടിയന്തരമായി ഇടപെടണമെന്ന് സമരസമിതി നേതാക്കളായ ഹംസക്കോയ, മോഹനന്‍ കോട്ടൂര്‍, ഇ ഹമീദ്, കെ പി കുഞ്ഞഹമ്മദ്, കെ വി കൃഷ്ണന്‍ ആവശ്യപ്പെട്ടു.