പെഹ്‌ലു ഖാന്‍ വധത്തിന് ഒരു വര്‍ഷം നീതി കിട്ടാതെ കുടുംബം

Posted on: April 5, 2018 6:19 am | Last updated: April 4, 2018 at 11:21 pm
പെഹ്‌ലു ഖാന്‍ (ഫയല്‍)

ജയ്പൂര്‍/ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശു സംരക്ഷക ഗുണ്ടകള്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ തല്ലിക്കൊന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കുടുംബത്തിന് നീതി ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് പെഹ്‌ലു ഖാനെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുന്നത്. തന്റെ ഫാമിലേക്ക് പശുക്കളുമായി വാഹനത്തില്‍ പോയ ഇദ്ദേഹത്തെ ബെഹ്‌റോറില്‍ തടഞ്ഞുനിര്‍ത്തി ആക്രമി സംഘം മര്‍ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്കും മര്‍ദനമേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെഹ്‌ലു ഖാന്‍ രണ്ടാം ദിവസം മരിക്കുകയായിരുന്നു.

സംഭവം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കേസില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചാകട്ടെ അറസ്റ്റിലായ ആറ് പ്രതികള്‍ക്ക് സംഭവത്തില്‍ ബന്ധമില്ലെന്ന ക്ലീന്‍ചിറ്റാണ് കഴിഞ്ഞ സെപ്തംബറില്‍ നല്‍കിയത്. ഒമ്പത് പ്രതികള്‍ വിചാരണ നേരിടുന്നുണ്ട്.

പെഹ്‌ലു ഖാന്റെ മരണത്തോടെ, അവര്‍ നടത്തിവന്ന ഡയറി ഫാം അടച്ചുപൂട്ടി. 28കാരനായ മകന്‍ ഇര്‍ഷാദ് കൂലിവേല ചെയ്താണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്. സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട ഒരാനുകൂല്യവും ഈ കുടുംബത്തെ തേടിയെത്തിയില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും അതിന് ചില സംഘടനകള്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നും, പെഹ്‌ലു ഖാന്‍ വധത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ ഭൂമി അധികാര്‍ ആന്ദോളന്‍ (ബി എ എ) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ഇര്‍ഷാദ് പറഞ്ഞു.

പെഹ്‌ലു ഖാന്റെയോ സമാനമായി ആക്രമിക്കപ്പെട്ട മറ്റുള്ളവരുടെയോ കുടുംബങ്ങളുടെ കാര്യത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കുന്നില്ലെന്ന് ബി എ എ പ്രസ്താവനയില്‍ പറഞ്ഞു. പെഹ്‌ലു ഖാന്റെ കൊലപാതകത്തിന് ശേഷം 300ഓളം ആക്രമണങ്ങളാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് നടന്നതെന്നും ആക്രമിക്കപ്പെട്ട കര്‍ഷകര്‍ക്കോ ദളിതുകള്‍ക്കോ മുസ്‌ലിംകള്‍ക്കോ കന്നുകാലി വ്യാപാരികള്‍ക്കോ ഒരു നീതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരിപാടിയില്‍ സി പി എം നേതാവ് ഹന്നന്‍ മുല്ല പറഞ്ഞു.