പൊതുതിരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ഥി രണ്ടിടങ്ങളില്‍ വേണ്ട

സുപ്രീം കോടതിയില്‍ തിര. കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി
Posted on: April 4, 2018 11:36 pm | Last updated: April 5, 2018 at 9:53 am
SHARE

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പുകളില്‍ ഒരേ സ്ഥാനാര്‍ഥി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. ഒരേ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി തന്നെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരിടത്ത് മാത്രം മത്സരിക്കാനേ അര്‍ഹതയുണ്ടാകൂവെന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റാന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചിന് മുന്നിലാണ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ നിന്ന് ഒരേ സ്ഥാനാര്‍ഥി മത്സരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഇന്നലെ അവശ്യപ്പെട്ടു. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം സുപ്രീം കോടതി നേരത്തെ തേടിയിരുന്നു. അഭിപ്രായം അറിയിക്കുന്നതിന് കൂടുതല്‍ സമയം അവശ്യപ്പെട്ട എ ജിക്ക് സമയം നല്‍കുന്നുവെന്നും കേസ് ജുലൈ ആദ്യ വാരത്തില്‍ പരിഗണിക്കുമെന്നും ബഞ്ച് വ്യക്തമാക്കി.

നിലവിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ അനുസരിച്ച് ഒരു സ്ഥാനാര്‍ഥിക്ക് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 33(7) അനുവാദം നല്‍കുന്നുണ്ട്. ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഇത്തരത്തില്‍ മത്സരിക്കുന്നതിന് അനുവാദമുള്ളത്. രണ്ടിടങ്ങളിലും വിജയിക്കുകയാണെങ്കില്‍ ഒരു മണ്ഡലത്തില്‍ നിന്ന് രാജിവെക്കണം. ആറ് മാസത്തിനുള്ളില്‍ അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദരയില്‍ നിന്നും വാരാണസിയില്‍ നിന്നും ജനവിധി തേടിയിരുന്നു. രണ്ട് ഇടങ്ങളിലും വിജയിച്ച പ്രധാനമന്ത്രി വഡോദരയിലെ അംഗത്വം രാജിവെക്കുകയായിരുന്നു. സുപ്രീം കോടതി അഭിഭാഷകനും ബി ജെ പി നേതാവുമായ അശ്വനി ഉപാധ്യായയാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

ഒരു വ്യക്തിക്ക് ഒരു വോട്ട്, ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലമെന്നതാകണം ജനാധിപത്യത്തിന്റെ പ്രമാണ വാക്യമെന്നും അദ്ദേഹം ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

2004ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സെക്ഷന്‍ 33 (7) ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ രാജിവെക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ആവശ്യമായ പണം രാജിവെക്കുന്നവരില്‍ നിന്ന് ഈടാക്കാന്‍ നിയമം വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ഉപാധ്യായ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here