ജയസൂര്യയുടെ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു

Posted on: April 4, 2018 9:12 pm | Last updated: April 5, 2018 at 10:00 am

കൊച്ചി: കൊച്ചി ചെലവന്നൂരിലെ സിനിമാ നടന്‍ ജയസൂര്യയുടെ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷനാണ് കൈയേറ്റം ഒഴിപ്പിച്ചത്. ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മിച്ചതാണ് പൊളിച്ച് നീക്കിയത്. നിര്‍മാണം പൊളിച്ചുനീക്കുന്നതിനെതിരെ ജയസൂര്യ നല്‍കിയ ഹരജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂനല്‍ നേരത്തെ തള്ളിയിരുന്നു.

കളമശ്ശേരി സ്വദേശി ഗിരീഷ് നല്‍കിയ പരാതിയില്‍ ജയസൂര്യക്കെതിരെ തൃശൂര്‍ വിജിലന്‍സ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസില്‍ ജയസസൂര്യയെ മൂന്നാം പ്രതിയാക്കി കുറ്റപത്രവും നല്‍കിയിരുന്നു. കേസില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ഒന്നാം പ്രതിയും ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്.

സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും മുമ്പ് തീരദേശ പരിപാലന അതോറിറ്റിയെ അറിയിച്ചിട്ടില്ലെന്നും കെട്ടിടം നിര്‍മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം ചട്ടം ലംഘിച്ചാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. കെട്ടിടം നിര്‍മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിംഗ്് ഇന്‍സ്‌പെക്ടറെ കുറ്റക്കാരനാക്കിയത്.

ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്. കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ സ്വകാര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് ചുറ്റുമതിലും നിര്‍മിച്ചത് ചെലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ പരിപാലന നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണെന്നുമാണ് ആരോപണം. മൂന്ന് സെന്റ് 700 സ്‌ക്വയര്‍ ലിങ്ക്‌സ് കായല്‍ ജയസൂര്യ കൈയേറിയിട്ടുണ്ടെന്നാണ് താലൂക്ക് സര്‍വെയര്‍ പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തദ്ദേശ ട്രൈബ്രൂനലിനെ ജയസൂര്യ സമീപിക്കുകയായിരുന്നു. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷനും നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.