ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ അതിക്രമം ഒറ്റക്കെട്ടായി സംസ്ഥാനം

Posted on: April 4, 2018 6:28 am | Last updated: April 4, 2018 at 12:02 am

തിരുവനന്തപുരം: രാജ്യത്ത് ദളിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളെ അതിക്രമത്തിലൂടെ നേരിടുന്നതിനെതിരെയും പ്രക്ഷോഭകരെ വെടിവെച്ച് കൊല്ലുന്നതിനെതിരെയും ഏകസ്വരമുയര്‍ത്തി നിയമസഭ. രാജ്യത്തെ നാലിലൊന്നുവരുന്ന പട്ടികവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടും അതിന് പരിഹാരം മാര്‍ഗം കാണാതെ പ്രക്ഷോഭകരെ വെടിവെച്ച് കൊല്ലുന്ന സമീപനം ഒട്ടും ന്യായീകരിക്കാനാകില്ലെന്നും ഇതിനെ ഐക്യകണ്‌ഠേന അപലപിക്കണമെന്നും മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിലുള്ള സംസ്ഥാനത്തിന്റെ വികാരം പ്രമേയത്തിലൂടെ കേന്ദ്രത്തെ അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എ പി അനില്‍കുമാറാണ് സബ്മിഷനിലൂടെ വിഷയം സഭയില്‍ ഉന്നയിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ താത്പര്യം മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ അന്തസ്സത്ത ചോര്‍ത്തുന്നതാണ് സുപ്രീം കോടതി വിധി. പട്ടികവിഭാഗങ്ങള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന വ്യവസ്ഥ പുതിയ സുപ്രീം കോടതിവിധി പ്രകാരം ഇളവ് ചെയ്തതില്‍ സംസ്ഥാന സര്‍ക്കാറിനും കടുത്ത ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ വിയാജിപ്പും പ്രതിഷേധവും കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗഹലോട്ടിനെയും പട്ടികവര്‍ഗകാര്യ മന്ത്രി ജുവല്‍ ഒറമിനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. വിധിയെ മറികടക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച ഈ വിധിന്യായം രാജ്യത്ത് ദുരവ്യാപകമായ പ്രത്യഘാതം ഉളവാക്കുന്നതാണ്.
കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അവകാശങ്ങളെക്കാള്‍ കോടതി മുന്‍തൂക്കം നല്‍കിയത് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കാണ് എന്ന് പറയേണ്ടിവരുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സംരക്ഷണ കവചമാണ് വിധിയോടെ ഇല്ലാതായിരിക്കുന്നത്. നിയമപരമായ സംരക്ഷണം കൂടി ഇല്ലാതായാല്‍ ഈ അക്രമങ്ങളുടെ തോത് വര്‍ധിക്കുമെന്ന് മാത്രമല്ല, ഫലത്തില്‍ ഈ വിഭാഗങ്ങള്‍ ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്ന സ്ഥിതിയാണ് ഉണ്ടാകുക. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഈ വിധിമൂലമുണ്ടായ ആശങ്കകള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ച് വരികയാണ്. സംസ്ഥാനങ്ങള്‍ക്ക് യാതൊരു നോട്ടീസും നല്‍കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ എതിര്‍കക്ഷിയായി ഈ വിധി ഉണ്ടായത്. വലിയ സമ്മര്‍ദങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ റിവ്യൂ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനവും നിയമ വശം പരിശോധിക്കുകയാണ്.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആശങ്കയിലായ രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ കേന്ദ്ര ഭരണ കക്ഷി നയിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മാഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെ ക്രൂരമായാണ് നേരിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിവിധി നിലവിലുള്ള നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.