അഞ്ച് വര്‍ഷത്തിനകം ഇന്ത്യ സിലിക്കണ്‍വാലി പോലെയാകും: ലോകബേങ്ക്‌

Posted on: April 3, 2018 8:01 pm | Last updated: April 4, 2018 at 9:50 am
SHARE

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനകം ഇന്ത്യ യു എസിലെ സിലിക്കണ്‍ വാലി പോലെയാകുമെന്ന് ലോകബേങ്ക്. ആഗോള ഐ ടി വ്യവസായ കേന്ദ്രമായ അമേരിക്കയിലെ സിലിക്കണ്‍വാലിക്ക് സമാനമായി ഉയരാനുള്ള ശേഷി ഇന്ത്യക്കുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിലിക്കണ്‍വാലിയെ പോലെ ഐ ടി വ്യവസായത്തില്‍ മുന്നേറാന്‍ രാജ്യത്തിന് കഴിയുമെന്ന് ലോകബേങ്ക് ഇന്ത്യയുടെ തലവന്‍ ജുനൈദ് കമാല്‍ അഹമ്മദ് പറഞ്ഞു. വികസ്വര രാജ്യങ്ങളിലെ വളര്‍ച്ചയെക്കുറിച്ച് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ യുവത്വത്തിന് പ്രതീക്ഷയേകുന്ന വാര്‍ത്തയുള്ളത്.

സാങ്കേതികവിദ്യയില്‍ മുന്നേറ്റമുണ്ടായാല്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യമായി മുന്നേറാന്‍ ഇന്ത്യക്ക് സാധിക്കും. ഇതിനാവശ്യമായ അന്തരീക്ഷം ഒരുക്കിയാല്‍ രാജ്യം സാങ്കേതിക വിദ്യയില്‍ അടക്കം മുന്നേറും. വികസ്വര രാജ്യങ്ങളിലെ പുതുമകള്‍ എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജുനൈദ് കമാന്‍ അഹമ്മദ്.

കമ്പനിയുടെ വലുപ്പവും ശേഷിയും പുതിയ കണ്ടുപിടുത്തങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. പുതിയ വഴികള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യയിലെ കമ്പനികള്‍ മുരടിച്ചു പോകും. വികസ്വര രാജ്യങ്ങളില്‍ ഗവേഷണത്തിനും കണ്ടുപിടിത്തങ്ങള്‍ക്കും നിക്ഷേപം വരുന്നുണ്ട്. ഇന്ത്യയിലെ നയരൂപവത്കരണം നടത്തുന്നവര്‍ മാറിചിന്തിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് മറ്റൊരു സിലിക്കണ്‍ വാലിയാകാന്‍ സാധിക്കുമെന്നും ഈ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്നും ലോകബേങ്ക് ഇന്ത്യ തലവന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here