Connect with us

International

പാരഡി ഗാനങ്ങള്‍ക്കും വിലക്ക്: എല്ലാ പഴുതുകളുമടച്ച് നില ഭദ്രമാക്കി ഷി ജിന്‍പിംഗ്

Published

|

Last Updated

ബീജിംഗ്: സാംസ്‌കാരിക മേഖലയിലും ശക്തമായ നിയന്ത്രണങ്ങളുമായി ചൈനീസ് ഷി ജിന്‍പിംഗ്. ആജീവനാന്തം പ്രസിഡന്റ് സ്ഥാനത്ത് തുടരാനായി ഭരണഘടനാ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് പുതിയ നടപടിയുമായി ഷി ജിന്‍പിംഗ് രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ നേതാക്കളുടേയോ വീര ചരിത്ര ഗാനങ്ങള്‍ക്ക് പാരഡിയുണ്ടാക്കുന്നവര്‍ക്കെതിരെയാണ് പുതിയ നടപടി.

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളുള്ള ചൈനയില്‍ ഭരണകൂടിത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ നിലവില്‍ പലരും ഉപയോഗിക്കുന്നത് സ്പൂഫുകള്‍ എന്നറിയപ്പെടുന്ന ഇത്തരം പാരഡികളാണ്. ഇതിനാണിപ്പോള്‍ സര്‍ക്കാര്‍ കടിഞ്ഞാണിട്ടിരിക്കുന്നത്.

പാരഡി വീഡിയോകള്‍ ഷെയര്‍ ചെയ്ത ചൈനയിലെ പ്രധാന വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റുകളായ ഐക്കിക്കായ്, സിന തുടങ്ങിയവക്ക് സര്‍ക്കാര്‍ പിഴ വിധിച്ചു. പുറമെ നിന്നുള്ള സമൂഹമാധ്യമങ്ങള്‍ക്ക് “ഫയര്‍വോള്‍” മുഖേനെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ചൈന. ഇതോടൊപ്പമാണ് രാജ്യത്തിനകത്തു നിന്ന് സര്‍ക്കാരിനെതിരെയുള്ള ഓണ്‍ലൈന്‍ ആക്രമങ്ങളെ തടയാനുള്ള നിയമം കൊണ്ടു വന്നത്.

12,000ത്തിലേറെ ഓഫിസര്‍മാരെയാണ് നിര്‍ദേശം ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ നിയോഗിച്ചിരിക്കുന്നത്. 7800ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പ്രസ്, പബ്ലിക്കേഷന്‍, റേഡിയോ, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇതുവരെ 230ലേറെ നിയമലംഘനങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൂതാട്ടവും അശ്ലീലചിത്ര നിര്‍മാണവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും സര്‍ക്കാര്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.