പൊതുപണിമുടക്ക് പൂര്‍ണം

Posted on: April 3, 2018 6:11 am | Last updated: April 3, 2018 at 9:53 am
പണിമുടക്കിനെ തുടര്‍ന്ന് വിജനമായ മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷന്‍

തിരുവനന്തപുരം: സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയത്തിനെതിരേ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ സംസ്ഥാനം നിശ്ചലമായി. പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ അണിചേര്‍ന്നു. ഞായറാഴ്ച രാത്രി 12ന് ആരംഭിച്ച പണിമുടക്ക് ഇന്നലെ രാത്രി 12വരെ നീണ്ടു. ഓട്ടോറിക്ഷ, ടാക്‌സി അടക്കം പൊതു യാത്രാ വാഹനങ്ങള്‍ ഓടിയില്ല. കെ എ എസ് ആര്‍ ടി സി ബസുകളും സ്വകാര്യബസുകളും സര്‍വീസ് നടത്തിയില്ല. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പൊതു, സ്വകാര്യ മേഖലകളിലെ ഫാക്ടറികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബേങ്ക് ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു.

പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈസ്റ്റര്‍ അവധിക്ക് തൊട്ടടുത്ത ദിവസമായതിനാലും മുന്‍കൂട്ടി പണിമുടക്ക് പ്രഖ്യാപിച്ചതു കൊണ്ടും കൂടുതല്‍ പേരും അവധിയെടുത്തിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് തടസമില്ലായിരുന്നു. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടന്നു. പൊതുഗതാഗതം പൂര്‍ണമായി നിലച്ചതോടെ കൊച്ചിയില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ എത്തിയവര്‍ വലഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഇന്നലെ ഓടിയത്. തിരുവനന്തപുരത്ത് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ രോഗികളുള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് യാത്രാസൗകര്യമൊരുക്കി. ചിലയിടങ്ങളില്‍ സന്നദ്ധ സംഘടനകളും സമാന്തര സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു, എ എച്ച്് എം എസ്, യു ടി യു സി, എച്ച് എം കെ പി, കെ ടി യു സി, എം കെ ടി യു സി (ജെ), ഐ എന്‍ എല്‍ സി, സേവ, ടി യു സി ഐ, എ ഐ സി ടി യു, എന്‍ എല്‍ ഒ, ഐ ടി യു സി എന്നീ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബി എം എസ് സമരത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബി എം എസ് അംഗങ്ങളായ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ ഓടാന്‍ ശ്രമിച്ച യാത്രാ വാഹനങ്ങളുംചരക്കു വാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞതൊഴിച്ചാല്‍ പണിമുടക്കില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. പണിമുടക്കിയ തൊഴിലാളികള്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും വിവിധ ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തി.