Connect with us

International

തിരിച്ചടിച്ച് റഷ്യ; വിഷപ്രയോഗം ബ്രിട്ടന്റെ താത്പര്യപ്രകാരം

Published

|

Last Updated

മോസ്‌കോ: റഷ്യന്‍ മുന്‍ചാരനും മകള്‍ക്കുമെതിരെ ലണ്ടനില്‍ വെച്ച് അരങ്ങേറിയ വിഷപ്രയോഗം ബ്രിട്ടന്റെ താത്പര്യപ്രകാരമായിരുന്നുവെന്ന് റഷ്യ. ബ്രെക്‌സിറ്റ് സംബന്ധിച്ച് ആ രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍നിന്നും വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. കഴിഞ്ഞ മാസം നാലിന് മുന്‍ റഷ്യന്‍ ചാര ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും അദ്ദേഹത്തിന്റെ മകള്‍ക്കും വിഷപ്രയോഗമേറ്റ സംഭവം അന്താരാഷ്ട്രതലത്തില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നില്‍ റഷ്യയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ നയതന്ത്ര പ്രതിനിധികളെ അമേരിക്കയും ബ്രിട്ടനും മറ്റു യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളെ റഷ്യയും പുറത്താക്കി. നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന നടപടി തുടരുന്നതിനിടയിലാണ് ബ്രിട്ടനെതിരെ തന്നെ ആരോപണത്തിന്റെ മുന തിരിച്ചുവെച്ച് റഷ്യ രംഗത്തെത്തിയിരിക്കുന്നത്.

വിഷപ്രയോഗം ബ്രിട്ടന്റെ താത്പര്യത്തില്‍ തന്നെ ചെയ്ത ഒരു പ്രവൃത്തിയാണ്. ബ്രെക്‌സിറ്റ് സംബന്ധിച്ച് ആ രാജ്യം നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ളതായിരിക്കാം ഈ പ്രവൃത്തി. വിഷപ്രയോഗത്തിന് പിന്നില്‍ ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ കരങ്ങളാണ് ഉള്ളത്. അവര്‍ നിശ്ശബ്ദരായി ആളുകളെ കൊന്നുകളയുന്നതില്‍ വിദഗ്ധരാണ്. ഇത്തരത്തിലുള്ള പല സാധ്യതകളുണ്ടെന്നും ഇതിലൊന്ന് പോലും തള്ളിക്കളയാനാകില്ലെന്നും മോസ്‌കോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സെര്‍ജി ലാവ്‌റോവ് തുറന്നടിച്ചു. വിഷപ്രയോഗത്തിന് പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടന്റെയും അമേരിക്കയുടെയും വാദങ്ങള്‍ റഷ്യ തള്ളിക്കളഞ്ഞിരുന്നു.

Latest