Connect with us

National

സി ബി എസ് ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച: സുപ്രീം കോടതി നാളെ പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്താനുള്ള ബോര്‍ഡ് തീരുമാനം റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. കേരളത്തില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥി റോഹന്‍ മാത്യു ഉള്‍പ്പെടയുള്ളവര്‍ നല്‍കിയ ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പുനഃപരീക്ഷ നടത്താനുള്ള സി ബി എസ് ഇയുടെ തീരുമാനം ഇന്ത്യയിലും വിദേശത്തുമായി പരീക്ഷ എഴുതിയ 16 ലക്ഷത്തില്‍ അധികമുള്ള വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നാണ് റോഹന്‍ മാത്യുവിന്റെ ഹരജിയില്‍ പറയുന്നത്. ഇന്നലെ അടിയന്തരമായി മെന്‍ഷന്‍ ചെയ്ത ഹരജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് വ്യക്തമാക്കി. പത്താം ക്ലാസിലെ കണക്കും പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്ര പരീക്ഷയും മാത്രം നടത്താനുള്ള സി ബി എസ് ഇയുടെ തീരുമാനത്തിനെതിരെ അഭിഭാഷകന്‍ അല്‍ക അശോക് ശ്രീവാസ്തവനും ഡല്‍ഹിയില്‍ മാത്രം പരീക്ഷ നടത്തുന്നതിനെതിരെ ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികളായ അനസൂയ, ഗായത്രി എന്നിവര്‍ നല്‍കിയ ഹരജികളും ഇതോടപ്പം പരിഗണിക്കും.

പന്ത്രണ്ടാം ക്ലാസിലെ എല്ലാ വിഷയങ്ങളും നാലാഴ്ച്ചക്കകം പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടാണ് അല്‍ക അശോക് ശ്രീവാസതവ ഹരജി നല്‍കിയിരിക്കുന്നത്. എന്നാല്‍, സി ബി എസ് ഇയുടെ ഈ തീരുമാനം തുല്യത സംബന്ധിച്ച ഭരണഘടനാ വകുപ്പ് 14ന്റെയും പൗരന്റെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും (വകുപ്പ് 21) ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി മലയാളി വിദ്യാര്‍ഥികള്‍ ഹരജി നല്‍കിയത്. വാട്‌സ്ആപ്പിലൂടെ ചോര്‍ന്ന ചോദ്യപേപ്പറിന്റെ ആനുകൂല്യം നേടിയത് ഡല്‍ഹിയിലും ഹരിയാനയിലുമുള്ളവര്‍ മാത്രമാണെന്ന് വരുത്തി, അപകീര്‍ത്തി ഉണ്ടാക്കുന്നതാണ് 21ാം വകുപ്പിന്റെ ലംഘനമായി ഹരജിയില്‍ വ്യാഖ്യാനിക്കുന്നത്.

ഡല്‍ഹിയിലെ കുട്ടികള്‍ തട്ടിപ്പിലൂടെ ജയിക്കുന്നവരാണെന്ന അധിക്ഷേപം എക്കാലവും നിലനില്‍ക്കും. സാഗര്‍ സര്‍വകലാശാലയില്‍ പഠിച്ചവരെയും ബിഹാറില്‍ നിന്നുള്ളവരെയും കോപ്പിയടിയുടെ പേരില്‍ പരിഹസിച്ചിരുന്ന പോലെ ഡല്‍ഹിക്കാരെ പരിഹസിക്കാന്‍ ഈ സംഭവം കാരണമാകുമെന്നാണ് ഇവര്‍ ഹരജിയില്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള തരം തിരിവിന് കാരണം രാഷ്ട്രീയമാണെന്നും കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതിന്റെ പിറകിലുള്ളതെന്നുമാണ് ഹരജിയില്‍ പറയുന്നത്. വീണ്ടും പരീക്ഷ നടത്തുകയാണെങ്കില്‍, സംസ്ഥാന തരം തിരിവില്ലാതെ എല്ലാവര്‍ക്കും നടത്തണം. ഇല്ലെങ്കില്‍ ആര്‍ക്കും നടത്തരുതെന്നുമാണ് അനസൂയ, ഗായത്രി എന്നിവരുടെ ഹരജിയിലെ ആവശ്യം.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ഇന്നലെ കേന്ദ്ര സര്‍ക്കാറിനും സി ബി എസ് ഇ, ഡല്‍ഹി പോലീസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം തത്സ്ഥിതി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സി ബി എസ് ഇ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ ആള്‍ ഇന്ത്യ പാരന്‍സ് അസോസിയേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ചോദ്യ പേപ്പര്‍ ചോര്‍ച്ച കോടതിയുടെ മേല്‍ നോട്ടത്തില്‍ സി ബി ഐ അന്വഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് അയച്ചു. മാനവവിഭവശേഷി മന്ത്രാലയം, സി ബി എസ് ഇ ചെയര്‍പേഴ്‌സണ്‍, ഡല്‍ഹി പോലീസ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നാലാഴ്ചക്കകം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സമ്പുര്‍ണമായി വിശ്വാസ്യത ഉണ്ടായിരിക്കേണ്ട സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മാനവവിഭവശേഷി മന്ത്രാലയ സെക്രട്ടറി, സി ബി എസ് ഇ ചെയര്‍പേഴ്‌സണ്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരാണ് മറുപടി നല്‍കേണ്ടത്.

Latest