വിവാഹ ചിത്രങ്ങളില്‍ മോര്‍ഫിംഗ്: സ്റ്റുഡിയോ ഉടമകളായ സഹോദരന്മാര്‍ അറസ്റ്റില്‍

Posted on: April 2, 2018 6:45 pm | Last updated: April 3, 2018 at 12:10 am
ദിനേശനും സതീശനും

വടകര: വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല രൂപത്തില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി ചെറുവോട്ട് മീത്തല്‍ ദിനേശന്‍ (44),സഹോദരന്‍ സതീശന്‍ (41) എന്നിവര്‍ അറസ്റ്റില്‍. വടകര ഡി വൈ എസ് പി. ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ തൊട്ടില്‍പ്പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടില്‍ നിന്ന് താമസം മാറ്റാനുള്ള നീക്കത്തിനിടയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പോലീസ് വലയിലാകുകയായിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളാണ് അറസ്റ്റിലായതെന്ന് റൂറല്‍ എസ് പി. എം കെ പുഷ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ പോലീസ് തിരച്ചില്‍ നടത്തി.
രണ്ടായിരത്തോളം ഫോട്ടോകളുള്ള ഹാര്‍ഡ് ഡിസ്‌കില്‍ ആറ് പേരുടെ ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തെ കുറിച്ച് ആറ് മാസം മുമ്പ് ദിനേശനും സതീശനും അറിയാമായിരുന്നിട്ടും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ബിബീഷ് മോര്‍ഫ് ചെയ്ത ഫോട്ടോയിലെ വ്യക്തിക്ക് വ്യാജ ഇമെയിലില്‍ നിന്ന് അയച്ചുകൊടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാന്‍ മടിക്കുകയായിരുന്നു. ഐ ടി ആക്ട്, ഐ പി സി ആക്ട് 354 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒരു നാടിനെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ സ്റ്റുഡിയോ ഉടമകള്‍ക്കും ജീവനക്കാരനുമെതിരെ വൈക്കിലശേരിയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഒരാഴ്ച മുമ്പ് പരാതി രേഖാമൂലം ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കേസില്‍ ശാസ്ത്രീയ തെളിവെടുപ്പുകളും പരിശോധനകളും പുരോഗമിക്കുകയാണ്. സൈബര്‍ സെല്ലിന്റെയും മറ്റ് ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.