തിരികെവരുമെന്ന വാക്ക് നല്‍കി മലാല മടങ്ങി

Posted on: April 2, 2018 2:18 pm | Last updated: April 2, 2018 at 8:32 pm

ഇസ്്‌ലാമാബാദ്: താലിബാന്‍ തീവ്രവാദികളുടെ വധശ്രമം നടന്ന് ആറ് വര്‍ഷത്തിന് ശേഷം ആദ്യമായി സ്വന്തം രാജ്യമായ പാക്കിസ്ഥാനിലെത്തിയ മലാല യൂസഫായി ഇന്ന് ലണ്ടനിലേക്ക് മടങ്ങി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവായ 20കാരിയായ മലാല കഴിഞ്ഞ മാസം 29നാണ് ഇസ്്‌ലാമാബാദിലെത്തിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന് 2012ല്‍ സ്വാത് താഴ്‌വരയില്‍ വെച്ചാണ് താലിബാന്‍ തീവ്രവാദികള്‍ മലാലായുടെ തലക്ക് നേരെ വെടിയുതിര്‍ത്തത്. നാല് ദിവസത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം ലണ്ടനിലേക്ക് മടങ്ങാനായി മാതാപിതാക്കള്‍ക്കൊപ്പം വിമാനത്താവളത്തിലെത്തിയ മലാലയുടെ ദ്യശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ സന്ദര്‍ശനം അധിക്യതര്‍ അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരുന്നത്. മലാലക്ക് ആദരവര്‍പ്പിക്കാനായി പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസി ഔദ്യോഗിക വസതിയില്‍ ചടങ്ങൊരുക്കിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നത് സ്വപ്‌നം കണ്ട് കഴിഞ്ഞുവരികയായിരുന്നുവെന്ന് നിറ കണ്ണുകളോടെ മലാല പറഞ്ഞു. സ്വാത് ജില്ലയിലെ തന്റെ ജന്മസ്ഥലും മലാല സന്ദര്‍ശനം നടത്തി. കുടുംബത്തേയും സുഹ്യത്തുക്കളേയും ജന്‍മനാടിനേയും വീണ്ടും കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു. ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം താന്‍ വീണ്ടും പാക്കിസ്ഥാനിലെത്തുമെന്നും മലാല പറഞ്ഞു. താലിബാന്‍ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് മലാല ലണ്ടനിലെ ആശുപത്രിയിലാണ് സുഖം പ്രാപിച്ചത്. ആക്രമണത്തില്‍ രക്ഷപ്പെട്ടാല്‍ മലാലയെ വീണ്ടും ഉന്നം വെക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചരുന്നു.