Connect with us

National

ഭാരത് ബന്ദില്‍ വ്യാപക അക്രമം; വെടിവെപ്പ്; ഒമ്പത് മരണം

Published

|

Last Updated

ബിഹാറിലെ രാജേന്ദ്രനഗര്‍ ടെര്‍മിനലില്‍ ട്രെയിന്‍ തടയുന്ന ദളിത് പ്രക്ഷോഭകര്‍

ന്യൂഡല്‍ഹി: എസ് സി/എസ് ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദില്‍ സംഘര്‍ഷം. പോലീസ് വെടിവെപ്പിലും മറ്റുമായി ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ മധ്യപ്രദേശില്‍ ആറ് പേരും ഉത്തര്‍ പ്രദേശില്‍ രണ്ട് പേരും രാജസ്ഥാനില്‍ ഒരാളും കൊല്ലപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിനിടെ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇന്നലെ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ സ്‌കൂളുകള്‍ അടച്ചു. ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ബിഹാറിലും ഝാര്‍ഖണ്ഡിലും പ്രതിഷേധക്കാര്‍ ഇന്നലെ രാവിലെ ട്രെയിന്‍ തടഞ്ഞു. ഇതോടെ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാര്‍ ദേശീയ പാതയിലും റെയില്‍വേ പാതകളിലും കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചു. മധ്യപ്രദേശിലെ മെറോനയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് നടത്തിയ വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം 50 ഓളം പേര്‍ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ ഗ്വാളിയറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുമായെത്തിയ ആള്‍ നടത്തിയ വെടിവെപ്പിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്ക് ഉപയോഗിച്ച് അക്രമി വെടിവെക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലെ അല്‍വാറിലും ബാര്‍മറിലും ഉത്തര്‍ പ്രദേശിലെ ശോഭാപൂരിലും ആഗ്രയിലും പോലീസ് സ്റ്റേഷനുകളും ബസ്സുകളും അടിച്ചു തകര്‍ത്തു. ഇവിടങ്ങളില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

മധ്യപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കി. കോണ്‍ഗ്രസ്, ബി എസ് പി, ഇടതു പാര്‍ട്ടികള്‍ എന്നിവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുനഃപരിശോധന ഹരജി നല്‍കി. ന്യൂനപക്ഷങ്ങളുടെ സംവരണ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര നിയമ കാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

---- facebook comment plugin here -----

Latest