സലാ ഗോളില്‍ ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലെസ്റ്ററിനും ജയം
Posted on: April 1, 2018 6:25 am | Last updated: March 31, 2018 at 11:46 pm
വിജയ ഗോള്‍ നേടിയ സലാഹിന്റെ ആഹ്ലാദം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തകര്‍പ്പന്‍ ജയം. ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വാന്‍സി സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കുമാണ് തോല്‍പ്പിച്ചത്. മുഹമ്മദ് സലാ (84) യുടെ ഗോളിലാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്.

13ാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലൂടെ ക്രിസ്റ്റല്‍ പാലസാണ് ആദ്യ ഗോള്‍ നേടിയത്. സാദിയോ മാനെ (49)യിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി. 84ാം മിനുട്ടില്‍ സലാ വിജയ ഗോള്‍ നേടുകയായിരുന്നു.

നിര്‍ണായക ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം പുതിയ റെക്കോര്‍ഡിനൊപ്പമെത്തി. ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ഒരു ആഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളെന്ന നേട്ടത്തിലാണ് താരമെത്തിയത്. 29 ഗോളുകള്‍. മുന്‍ ചെല്‍സി താരം ദിദിയര്‍ ദ്രോഗ്‌ബെയുടെ റെക്കോര്‍ഡിനൊപ്പമാണ് സലാ എത്തിയത്.

റൊമേലു ലുക്കാക്കു, അലക്‌സിസ് സാഞ്ചസ് എന്നിവരുടെ ഗോള്‍ മികവിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചത്.
മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം യുനൈറ്റഡ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് സൗതാംപ്ടണിനെയും ബേണ്‍ലി 2-1ന് വെസ്റ്റ്‌ബ്രോംവിചിനേയും ലെസ്റ്റര്‍ സിറ്റി 2-0ത്തിന് ബ്രൈട്ടന്‍ ഹോവ് ആല്‍ബിയോണിനേയും പരാജയപ്പെടുത്തി. വാട്‌ഫോര്‍ട്- എഫ്‌സി ബോണ്‍മൗത്ത് മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.