Connect with us

Kerala

വെടിക്കെട്ടിന് കര്‍ശന നിയന്ത്രണങ്ങളുമായി ഡി ജി പിയുടെ സര്‍ക്കുലര്‍

Published

|

Last Updated

തിരുവനന്തപുരം: വെടിക്കെട്ടുകള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലറുമായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തയിടങ്ങളില്‍ വെടിക്കെട്ട് നടന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി ജി പി സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിബന്ധനകള്‍ പാലിച്ചു മാത്രം വെടിക്കെട്ടു നടത്തിയാല്‍ മതിയെന്നാണ് ഡി ജി പിയുടെ സര്‍ക്കുലര്‍.

വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ന്ന യോഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഡി ജി പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി ജി പി സര്‍ക്കുലര്‍ കൈമാറി. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടി വരിക പോലീസായിരിക്കും. സാമ്പിളുകള്‍ പരിശോധന നടത്തി മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് ഉറപ്പാക്കണമെന്നും വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദത്തിന് വഴങ്ങി അവസരം നല്‍കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കുന്നതെങ്കിലും വീഴ്ചയുണ്ടായാല്‍ പോലീസ് ഉത്തരവാദികളായിരിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും ഡി ജി പി വ്യക്തമാക്കുന്നു. തൃശൂര്‍ പൂരമടക്കമുള്ള ഉത്സവങ്ങള്‍ തുടങ്ങാനിരിക്കെയാണ് വെടിക്കെട്ടിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. വെടിക്കെട്ട് അപകടത്തില്‍ നിരവധി ജീവനകള്‍ പൊലിയുന്ന സാഹചര്യത്തില്‍ ആചാരമെന്ന നിലയിലുള്ള ഇളവ് ഇക്കാര്യത്തില്‍ വേണ്ടെന്ന നിര്‍ദ്ദേശമാണ് ഡി ജി പി നല്‍കിയിരിക്കുന്നത്.

Latest