ബജറ്റ് നികുതി നിര്‍ദ്ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

Posted on: April 1, 2018 6:02 am | Last updated: March 31, 2018 at 10:51 pm

തിരുവനന്തപുരം: ബജറ്റ് നികുതി നിര്‍ദ്ദേശങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷമായ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഏകീകൃത നികുതി ഘടന നിര്‍ദ്ദേശിക്കപ്പെട്ട വിദേശ മദ്യത്തിന് വിലയില്‍ നേരിയ വര്‍ധവന് ഉണ്ടാകും. ട്രേഡ് യൂനിയനുകള്‍ നാളെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതോടെ പ്രത്യക്ഷത്തില്‍ ഏപ്രില്‍ മൂന്നു മുതലാകും വിലവര്‍ധന ഉപഭോക്താക്കളെ ബാധിക്കുക. സെസും സര്‍ച്ചാര്‍ജും ഒഴിവാക്കി ഏകീകൃത നികുതി ഘടനയാണു മദ്യത്തിനു ബജറ്റില്‍ പ്രഖ്യാപിച്ചത്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനു വില്‍പ്പന നികുതി 200 ശതമാനമാക്കിയും 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമാക്കിയുമാണു പരിഷ്‌കരിച്ചത്. ബിയറിന്റെ വില്‍പ്പന നികുതി 100 ശതമാനവുമാക്കി. അതിനാല്‍ ചില ബ്രാന്‍ഡുകളുടെയും ബിയറിന്റേയും വിലയില്‍ 10 മുതല്‍ 20 രൂപ വരെ വര്‍ധന ഉണ്ടാകും. എന്നാല്‍, അമ്പതു ശതമാനത്തിലധികം മദ്യ ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

അതേസമയം, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള വിദേശ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പന നീളും. ഇതിനായുള്ള ടെന്‍ഡര്‍ തീയതി ഏപ്രില്‍ പത്തുവരെ നീട്ടിയിട്ടുണ്ട്. ഇതിനു ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പ്രീമിയം കൗണ്ടറുകള്‍ വഴി വിദേശ നിര്‍മിത വിദേശമദ്യ വില്‍പന ആരംഭിക്കൂ. പുതിയ മദ്യനയത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പിയിലെ മദ്യവില്‍പന ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശുചിത്വമിഷന്റെ റിപ്പോര്‍ട്ട് കൂടി ലഭ്യമായ ശേഷമേ അന്തിമതീരുമാനം ഉണ്ടാകൂ. പതിനായിരത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്ന പഞ്ചായത്തുകളെ നഗരപ്രദേശങ്ങളായി കണക്കാക്കി ബാറുകള്‍ അനുവദിക്കാനുള്ള കോടതി വിധിയുടെ പശ്ചാതലത്തിലുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം നിരവധി ബാറുകള്‍ സംസ്ഥാനത്തു തുറന്നിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലൈസന്‍സ് ഫീസ് അടയ്ക്കുന്നതോടെ ത്രീസ്റ്റാറും അതിനു മുകളിലും ഉള്ള അനേകം ബാറുകളും ഏപ്രില്‍ മൂന്നോടെ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ നികുതി നിര്‍ദ്ദേശമനുസരിച്ച് ഭൂമിയുടെ ന്യായവില പത്ത് ശതമാനമായാണ് വര്‍ധിക്കുന്നത്.