Connect with us

Editorial

യാത്രക്കാരുടെ ഇംഗിതവും പരിഗണിക്കണം

Published

|

Last Updated

കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിക്കുകയുണ്ടായി. ഹൈക്കോടതി വിധിയുടെ ഉദ്ദേശ്യശുദ്ധിയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും നിലവില്‍ അത് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്. കോടതി വിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാറിനെ സമീപിക്കാമെന്നും അതു പരിഗണിച്ച് വ്യവസ്ഥയില്‍ സര്‍ക്കാറിന്് ഉചിതമായ മാറ്റം വരുത്താവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സര്‍ക്കാറിന് കത്ത് നല്‍കിയതും ചട്ടം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതും.

കെ എസ് ആര്‍ ടി സിയുടെ നിലവിലെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ നിന്നു യാത്ര ചെയ്യരുതെന്ന കേരള മോട്ടോര്‍ വാഹന ചട്ടം 267(2) പ്രകാരമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. സൂപ്പര്‍ ക്ലാസ് വിഭാഗം ബസുകളില്‍ സീറ്റിന്റെ ശേഷിയനുസരിച്ചുള്ള യാത്രക്കാരെ മാത്രമേ അനുവദിക്കാവൂവെന്നാണ് ഈ ചട്ടത്തില്‍ പറയുന്നത്. ഇത് പാലിക്കുന്നില്ലെന്നാരോപിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. കൂടിയ നിരക്കുവാങ്ങുന്ന ബസുകളില്‍ ഇരുന്നു യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി മോട്ടോര്‍ വാഹന നിയമം കര്‍ശനമായി കെ എസ് ആര്‍ ടി സി നടപ്പാക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ബസുകളുടെ എണ്ണക്കുറവും യാത്രക്കാരുടെ തിരക്കും മൂലമാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സീറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റേണ്ടിവരുന്നതെന്ന് കെ എസ് ആര്‍ ടി സി വാദിച്ചെങ്കിലും യാത്രക്കാരുടെ അവകാശം മാനിക്കാന്‍ കോര്‍പറേഷന് ബാധ്യതയുണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

കോടതി വിധി യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം കണക്കിലെടുത്താണ് നിയമഭേദഗതിയെന്നാണ് വകുപ്പ് മന്ത്രിയുടെ വിശദീകരണമെങ്കിലും കെ എസ് ആര്‍ ടി സിക്ക് ഇത് സൃഷ്ടിക്കുന്ന വരുമാനക്കുറവാണ് സര്‍ക്കാറിനെ അലട്ടുന്നത്. പൊതുവെ നഷ്ടത്തിലായ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗവും രാത്രിയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ക്ലാസ് സര്‍വീസുകളിലൂടെയാണ് ലഭ്യമാകുന്നത്. രാത്രിയില്‍ സ്വകാര്യ ബസ് സര്‍വീസ് താരതമ്യേന കുറവായതിനാല്‍ രാത്രി യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സിയാണ് ആശ്രയം. തൊഴില്‍ ശാലകളിലെ രാത്രി ജീവനക്കാരും ദീര്‍ഘദിക്കുകളില്‍ നിന്ന് നഗരങ്ങളില്‍ വന്നിറങ്ങുന്നവരും ഏത് വിധേനയും വീടണയാനുള്ള ശ്രമത്തില്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ നിന്നു യാത്ര ചെയ്യാനും സന്നദ്ധരാണ്. രാത്രി കാല സര്‍വീസ് നടത്തുന്ന മിക്ക ബസുകളിലും അമ്പത് മുതല്‍ നൂറ് വരെ യാത്രക്കാരുണ്ടാകാറുണ്ട്. ശരാശരി 25,000 രൂപ വരുമാനമുള്ള നാനൂറില്‍ പരം സൂപ്പര്‍ ഫാസ്്റ്റ് ബസുകള്‍ കോര്‍പറേഷന്റെ മുഖ്യ വരുമാന സ്രോതസ്സാണ്. ഇവയില്‍ നിന്നു കൊണ്ടുള്ള യാത്ര വിലക്കുന്നതോടെ വരുമാനത്തില്‍ ഗണ്യമായി കുറവ് വരും. ഭീമമായ കടത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന കോര്‍പറേഷന് ഇത് ഇരുട്ടടിയാകും. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ ഒഴിച്ചാല്‍ രാത്രിയില്‍ പിന്നെയുളള പൊതുഗതാഗത സംവിധാനം ട്രെയിനുകളാണ്. രാത്രിയില്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ക്കോട്ടേക്കും പാലക്കാട്ടേക്കും സര്‍വീസുകള്‍ നടത്തുന്നത് നാല് ട്രെയിനുകള്‍ മാത്രമാണ്. നിലവിലുള്ള യാത്രാ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ലെന്നതിനാല്‍ കോടതി ഉത്തരവ് യാത്രക്കാരെയും പ്രയാസത്തിലാക്കും.

അതേസമയം മോട്ടോര്‍വാഹനചട്ടം 267(2)ഭേദഗതി ചെയ്യുന്നത് യാത്രക്കാര്‍ക്ക് അനുവദിച്ച ന്യായമായ അവകാശം ഇല്ലാതാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് ബസുകളില്‍ ഉയര്‍ന്ന നിരക്ക് വാങ്ങുമ്പോള്‍ അതിനനുസൃതമായ സൗകര്യങ്ങളും നല്‍കാന്‍ കോര്‍പറേഷന് ബാധ്യതയുണ്ട്. ഭേദഗതിയോടെ ആ അവകാശം ഇല്ലാതാകും. ചുരുങ്ങിയ പക്ഷം ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും നിന്നു യാത്ര ചെയ്യുന്നവര്‍ക്കും ഒരേ നിരക്ക് എന്ന അനീതിയെങ്കിലും ഒഴിവാക്കേണ്ടതാണ്. യാത്രക്കാരെ ബുദ്ധിമുട്ടിച്ചല്ല സ്ഥാപനത്തിന്റെ നഷ്ടം ഇല്ലാതാക്കേണ്ടത്. സമഗ്രമായ പുനരുദ്ധാരണ നടപടികളിലൂടെയാണ്. നഷ്ടത്തിലോടുന്ന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിക്കുക, സ്ഥാപനത്തെ വിഭജിക്കുക, കൂടുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കുക, ജീവനക്കാരുടെ എണ്ണം കുറക്കുക, വരുമാനം കൂടുതലുള്ള റൂട്ടുകള്‍ സ്വകാര്യ ബസുകള്‍ക്കും വരുമാനം കുറഞ്ഞ റൂട്ടുകള്‍ കെ എസ് ആര്‍ ടി സിക്കും നല്‍കുന്ന ആര്‍ ടി ഒ അധികൃതരുടെ നയം അവസാനിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ കോര്‍പറേഷനെ ലാഭത്തിലാക്കാമെന്നാണ് ഇതു സംബന്ധിച്ചു നടന്ന പഠനങ്ങള്‍ കാണിക്കുന്നത്. സ്ഥാപനം നഷ്ടത്തില്‍ നിന്ന് കരകയറണം. യാത്രക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. രണ്ടു വശവും കണക്കിലെടുത്തു കൊണ്ടുള്ള നിയമ പരിഷ്‌കാരങ്ങളാണ് ആവശ്യം. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിലും മുതലാളിമാരുടെയും മാനേജ്‌മെന്റിന്റെയും ഇംഗിതങ്ങള്‍ മാത്രമാണ് പരിഗണിക്കാറ്. ജനപക്ഷ സര്‍ക്കാറില്‍ നിന്ന് ഇത് നീതീകരിക്കാവതല്ല.

Latest