Connect with us

Kerala

സംസ്ഥാനത്തെ 'ഗതാഗത സേഫ്്‌സോണ്‍' ആക്കുന്നു

Published

|

Last Updated

കൊച്ചി: വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിച്ചെടുക്കാന്‍ ഗതാഗത സേഫ്‌സോണ്‍ നടപ്പാക്കുന്നു. അപകടം കൂടിയ പ്രദേശങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും അവിടങ്ങളില്‍ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുമാണ് സേഫ്‌സോണ്‍ പദ്ധതി നടപ്പാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടി ഉടന്‍ തുടങ്ങും. ഈ മാസം തന്നെ പദ്ധതി സംസ്ഥാനമാകെ നടപ്പാക്കാനാണ് ഗതാഗത വകുപ്പിന്റെ ആലോചന. റോഡ് സുരക്ഷാ സമിതിയിലെ ഗതാഗത സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരമാണ് ഗതാഗത സേഫ് സോണ്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തെ മോട്ടോര്‍വാഹന വകുപ്പിനെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തിക്കുന്നതിനൊപ്പം നല്ല റോഡ് സംസ്‌കാരം ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കുകയെന്നതു കൂടി പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതി പ്രവര്‍ത്തനത്തിനായി 502 സ്ഥിരം ജീവനക്കാരെയും 388 താത്കാതാത്കാലിക ജീവനക്കാരെയും പുതുതായി നിയമിക്കും. സര്‍ക്കാറിന് അധിക ചെലവുണ്ടാകാത്ത വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

സംസ്ഥാനത്താകെ 85 സ്‌ക്വാഡുകള്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നതാണ് സേഫ് കേരള പദ്ധതിയുടെ അടിസ്ഥാനം. ഇതിലൂടെ പ്രതിവര്‍ഷം 300 കോടി രൂപയെങ്കിലും പിഴ ഇനത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്യാമറാ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം ജി പി എസ് അധിഷ്ഠിതമായ വാഹന നിരീക്ഷണ സംവിധാനം സംസ്ഥാനത്തെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും നടപ്പാക്കും. ഇതിനൊപ്പം നിലവിലെ ലൈസന്‍സ് നല്‍കുന്ന സമ്പ്രദായം, വാഹനക്ഷമതാ പരിശോധന എന്നിവ കുറ്റമറ്റതാക്കുന്നതിനായി സംസ്ഥാനത്ത് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം എല്ലാ ആര്‍ടി ഓഫീസുകളിലും ഈ വര്‍ഷം തന്നെ സ്ഥാപിക്കും .

ഇതിനൊപ്പം ആധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുമുപയോഗിക്കും. അത്യാധുനിക കണ്‍ട്രോള്‍ റൂം പുതിയ 65 വാഹനങ്ങള്‍, അത്യാധുനിക സുരക്ഷാ ക്യാമറകള്‍,കൈയില്‍ കൊണ്ടുനടക്കാവുന്ന റഡാര്‍, ഹെഡ്‌ലൈറ്റുകളുടെ പ്രകാശ തീവ്രത അളക്കാനുള്ള ലക്‌സ് മീറ്റര്‍, ശബ്ദ തീവ്രത അളക്കാനുള്ള സൗണ്ട് ലെവല്‍ മീറ്റര്‍, ഗ്ലാസുകളുടെ സുതാര്യത അളക്കാനുള്ള ട്രാന്‍സ്പരന്‍സി മീറ്റര്‍. തുടങ്ങിയ ഉപകരണങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. മൂന്നു വര്‍ഷത്തെ ശരാശരി കണക്കെടുക്കുമ്പോള്‍ പ്രതിവര്‍ഷം 87.71 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ഈടാക്കുന്നത്.

അതു കൊണ്ട് തന്നെ പദ്ധതിയുടെ ചെലവ് പിഴയിനത്തില്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്താകെ 34 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് പരിശോധനക്കായുള്ളത്. ഇതിനൊപ്പം 51 സ്‌ക്വാഡുകള്‍കൂടി കൂട്ടിച്ചേര്‍ത്താണ് സേഫ് കേരള നടപ്പാക്കുക.

അതേസമയം, കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് മണിക്കൂറില്‍ 17 പേരാണ് വാഹനാപകടത്തില്‍ മരിക്കുന്നത്. അപകടങ്ങളില്‍ 84 ശതമാനവും ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമുണ്ടാകുന്നതാണ്. കേരളം ഉള്‍പ്പെടെയുള്ള അഞ്ചുസംസ്ഥാനങ്ങളിലാണ് പകുതിയോളം അപകടങ്ങളുണ്ടാകുന്നത്. ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയാണ് അപകടങ്ങള്‍ കൂടുതലുണ്ടാകുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest